ദേശീയ പാതയുടെ നിര്‍മ്മാണ അപാകതകള്‍ കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് കാണും.അടുത്ത മാസം ആദ്യ ആഴ്ച തന്നെ കൂടിക്കാഴ്ചക്ക് ശ്രമിക്കും. മലപ്പുറം കൂരിയാട് ദേശീയ പാതയുടെ തകർച്ചയടക്കം ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.
വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകും. നേരത്തെ, കൂരിയാട് റോഡ് ഇടിഞ്ഞതിന്റെ ദൃശ്യങ്ങൾ കണ്ട ശേഷം മന്ത്രി നിതിൻ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ പലയിടത്ത് നിന്നും സമാന റിപ്പോർട്ടുകൾ വന്നതോടെ മന്ത്രി വിശദമായ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു കൂടി വിലയിരുത്തിയ ശേഷമാകും ഇവരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുക.
കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൻറെയാകെ ഡിസൈനും രീതികളും അവലോകനം ചെയ്യും. പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാനും ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശമുണ്ട്. റോഡ് നിർമ്മാണം നിരീക്ഷിക്കുന്നതിലും ഗുണമേന്മ ഉറപ്പാക്കുന്നതിലും എൻഎച്ച്എഐക്ക് വീഴ്ച വന്നോ എന്നും കേന്ദ്രം പരിശോധിക്കും. കെഎൻആർ കൺസ്ട്രക്ഷൻസ്, ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടൻറ്സ് എന്നീ കമ്പനികളെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത് ഇവർ അലംഭാവം കാണിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.