June 10, 2023 Saturday

ദേശീയ പാത സ്ഥലമെടുപ്പ്: വില നിര്‍ണയത്തില്‍ എതിര്‍പ്പ് ശക്തം

ബേബി ആലുവ
കൊച്ചി
March 20, 2023 10:52 pm

ദേശീയ പാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമ്മാണങ്ങൾക്ക് കാലപ്പഴക്കം നോക്കി മാത്രമേ വില നിശ്ചയിക്കൂ എന്ന ദേശീയ പാത അതോറിട്ടിയുടെ നിലപാടില്‍ എതിർപ്പ് ശക്തം. നിർദേശം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരടക്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
2020ൽ ദേശീയ പാത 66ന്റെ വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ കാലപ്പഴക്കം പരിഗണിക്കാതെ എല്ലാ നിർമ്മിതികൾക്കും ഒരേ മാനദണ്ഡത്തിൽ നഷ്ടപരിഹാരം നൽകിയിരുന്നു. അത് ദേശീയ ഗ്രീൻ ഫീൽഡ് പാതകളുടെ കാര്യത്തിൽ പറ്റില്ലെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ, എൻഎച്ച് 66ന് ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സ്വീകരിച്ച മാനദണ്ഡം ഗ്രീൻ ഫീൽഡ് പാതകളുടെ കാര്യത്തിലും വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കേരളത്തിന്റെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ പാതയ്ക്കായി ഭൂമി വിട്ടു കൊടുക്കുന്നവർക്ക് ഉടമസ്ഥാവകാശ രേഖ ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വേർതിരിവില്ലാതെ മുഴുവൻ പേർക്കും, കാലപ്പഴക്കം കാരണം കെട്ടിടത്തിന്റെ മൂല്യം കുറയാതെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 

എൻഎച്ച് 66ന്റെതിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻ ഫീൽഡ് പാതയുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്, സ്ഥലമുടമകളെ തെരുവിലിറക്കാനും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും വലിയ കാലവിളംബമുണ്ടാക്കാനും കാരണമാകും. ദേശീയ പാതകളുടെ വികസനത്തിനായി ഭൂമി വിട്ടു കൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ നിന്ന് നൽകിയിരുന്നത് ഭൂമിരാശി പോർട്ടൽ എന്ന പുതിയ സംവിധാനത്തിലൂടെ കേന്ദ്ര സർക്കാർ നേരിട്ട് നൽകാൻ തീരുമാനിച്ചതോടെ ദുരിതത്തിലായ സ്ഥലമുടമകൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സാഹചര്യം കൂടിയാണിത്.
ഇതിനിടെ, ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ കൂടുതൽ ഞെരുക്കുന്നതിനുള്ള നീക്കവും കേന്ദ്രം സ്വീകരിക്കുന്നു. ദേശീയ പാത 66ന്റെതടക്കം ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം വഹിക്കുന്നത് സംസ്ഥാനമാണ്. കേന്ദ്രത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ ഈ ചെലവ് മുഴുവനായി വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. 

സംസ്ഥാനം ഇപ്പോൾ വഹിക്കുന്ന വിഹിതം കൂടുതൽ പാതകളുടെ കാര്യത്തിലും ബാധകമാക്കണം എന്നിടത്താണ് കേന്ദ്രം. അല്ലാത്ത പക്ഷം, മുഴുവൻ ചെലവും കേന്ദ്രം സ്വയം വഹിക്കുമ്പോൾ, സംസ്ഥാനത്തിനവകാശപ്പെട്ട മണ്ണ്, കല്ല് തുടങ്ങിയവയുടെ റോയൽറ്റി തുക ഒഴിവാക്കണം.
സിമന്റ്, കമ്പി എന്നിവയുൾപ്പെടെ എല്ലാ നിർമ്മാണ സാമഗ്രികളുടെയും ജിഎസ്‌ടി ഒമ്പത് ശതമാനം ഒഴിവാക്കണം. ഏറ്റെടുക്കുന്ന സർക്കാർ ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുകയുമില്ല. 

Eng­lish Sum­ma­ry: Nation­al high­way land acqui­si­tion: Oppo­si­tion to pric­ing is strong

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.