19 April 2024, Friday

കേരളത്തിലെ ആദ്യ കിഴക്കുപടിഞ്ഞാറ് ഇടനാഴി ഈ വർഷം നിർമ്മാണം തുടങ്ങും: എൻഎച്ച്എഐ അംഗം ആർ കെ പാണ്ഡേ

Janayugom Webdesk
കോഴിക്കോട്
January 21, 2023 10:11 pm

ദേശീയപാതയ്ക്കു പുറമെ കേരളത്തിൽ നടപ്പാക്കുന്ന മൂന്നു കിഴക്കുപടിഞ്ഞാറ് ഇടനാഴിയുടെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് പ്രൊജക്റ്റുകളുടെ ചുമതലയുള്ള ദേശീയപാതാ അതോറിറ്റി അംഗം ആർ കെ  പാണ്ഡേ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയും മാറ്റർലാബും ചേർന്നു നടത്തുന്ന സാങ്കേതികവിദ്യാപ്രഭാഷണപരമ്പരയായ ‘യുഎൽസിസിഎസ് – മാറ്റർലാബ് ടെക്ടോക്ക് സീരീസ്’ യുഎൽ സൈബർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറുവരി മുഖ്യപാതയും ഇരുവശത്തും രണ്ടുവരിവീതം സർവ്വീസ് റോഡും അടക്കം 10 വരിയിലാണ് കേരളത്തിൽ ഹൈവേ വികസിപ്പിക്കുന്നത്. ഇതിന്റെ എല്ലാ റീച്ചും ടെൻഡർ ചെയ്ത് പണി തുടങ്ങിക്കഴിഞ്ഞു. ഇതിനു പുറമെയാണ് കിഴക്കുപടിഞ്ഞാറുള്ള മൂന്ന് ഇടനാഴികൾ നിർമ്മിക്കുന്നത്. റോഡുനിർമ്മാണരംഗത്തു വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും നിർമ്മാണച്ചെലവു കുറയ്ക്കാനും നിർമ്മാണം കൂടുതൽ വേഗത്തിൽ ആക്കാനും നിർമ്മിച്ച റോഡിന്റെ ആയുസ് വർധിപ്പിക്കാനും റോഡുകളുടെ റിപ്പയറിങ് അടക്കമുള്ള പരിപാലനത്തിനും പുതിയ സങ്കേതങ്ങളും യന്ത്രസംവിധാനങ്ങളും നിർമ്മാണസാമഗ്രികളും വികസിപ്പിക്കേണ്ടതുണ്ട്. എന്നാൽ, എഞ്ചിനീയറിങ്  രംഗത്ത് നിർവ്വഹണവിഭാഗവും അക്കാദമികവിഭാഗവും തമ്മിൽ വലിയ വിടവ് നിലനില്ക്കുന്നു. ഇത് നിർമ്മാണമേഖല നേരിടുന്ന ഗൗരവമുള്ള വെല്ലുവിളിയാണ്.

ഗവേഷകർ വികസിപ്പിക്കുന്ന കാര്യങ്ങൾ നിർവ്വഹണവിഭാഗത്തിനു നടപ്പാക്കാൻ പറ്റാത്തവ ആകുകയും നിർവ്വഹണത്തിന് ആവശ്യമുള്ള കാര്യങ്ങളിൽ ഗവേഷണം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ് മുമ്പുമുതലേ ഈ രംഗത്തുള്ള പ്രശ്നം. രണ്ടു വിഭാഗത്തെയും ബന്ധിപ്പിക്കുകയും ആശയവിനിമയം സാദ്ധ്യമാക്കുകയും ചെയ്യുന്ന ടെക്ടോക്ക് പോലുള്ള പരിപാടികൾ ഈ പ്രശ്നത്തിനു മികച്ച പരിഹാരം ആകുമെന്ന് അഭിപ്രായപ്പെട്ട ആർ കെ പാണ്ഡേ ഇതിനു മുൻകൈ എടുത്ത സംഘാടകരെ അനുമോദിച്ചു. ദേശീയപാതാ അതോറിറ്റി ഏറെ ആലോചിച്ചുവരുന്ന മികച്ച ഗുണപരിശോധനാസംവിധാനമാണ് മാറ്റർലാബിലൂടെ ഊരാളുങ്കൽ സൊസൈറ്റി യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം 2047‑ൽ 30 ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയായി വളരണം എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാകണമെങ്കിൽ ഏക മാർഗ്ഗം അടിസ്ഥാനസൗകര്യങ്ങളിൽ വൻമുന്നേറ്റം സാദ്ധ്യമാക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇതിന് നിർമ്മാണരംഗത്ത് പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗം അനിവാര്യമാണ്. അത്തരം നൂതനാശയങ്ങൾക്കും ഗവേഷണത്തിനുമുള്ള ആവാസവ്യവസ്ഥയാണ് അതിന് ആവശ്യം. ലോകത്ത് എവിടെയും അത് ഒരുക്കുന്നത് അവിടത്തെ മുൻനിര വ്യവസായസ്ഥാപനങ്ങൾ ആണ്. കേരളത്തിൽ അത് ഉണ്ടായില്ല. അവിടയാണ് നൈപുണ്യവികസനത്തിലും സാങ്കേതികവിദ്യാവിനിമയത്തിലും യുഎൽസിസിഎസ് എടുക്കുന്ന മുൻകൈ പ്രസക്തമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിർമ്മാണരംഗത്തെ പുതിയ സമ്പ്രദായങ്ങളും സങ്കേതങ്ങളും നമ്മുടെ നാട്ടിലും പ്രാവർത്തികം ആകണമെങ്കിൽ സർക്കാരുകളുടെ നിയമചട്ടങ്ങളിലും മാനുവലുകളിലും മാറ്റം വരണമെന്ന് സ്വാഗതം ആശംസിച്ച യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഈ ആശയങ്ങളും ആവശ്യബോധവും വിവിധ സ്റ്റേക് ഹോൾഡർ വിഭാഗങ്ങളിലേക്ക് എത്തുമ്പോഴേ മാറ്റത്തിനുള്ള സമ്മർദ്ദം ഉയരൂ. യുഎൽസിസിഎസ് ജന്മശതാബ്ദിവർഷത്തിലേക്കു പദമൂന്നുന്ന ഈ ഘട്ടത്തിൽ അതിനായി സൊസൈറ്റി എടുക്കുന്ന മുൻകൈയാണ് ടെക്ടോക് സീരീസെന്ന് അദ്ദേഹം പറഞ്ഞു. മാറ്റർലാബ് ജനറൽ മാനേജർ ഫ്രെഡി സോമനും സംസാരിച്ചു.

ടെക്ടോക്കിന്റെ ആദ്യ ലക്കത്തിൽ ‘മൂവിങ് റ്റുവാർഡ്സ് പെർഫോമൻസ് ബേസ്ഡ് സ്റ്റാൻഡാർഡ്സ് ഫോർ കോൺക്രീറ്റ് സ്ട്രക്ചേഴ്സ്’ എന്ന വിഷയം ഐഐറ്റി മദ്രാസിലെ സിവിൽ എൻജിനീയറിങ് പ്രൊഫസറും ഐസി‌എസ്‌ആർ ഡീനും ഡോ. മനു സന്താനവും ‘ദ് റോൾ ഓഫ് ജിയോഎൻവൈറൻമെൻ്റർ എൻജിനീയറിങ് റ്റുവാഡ്സ് സസ്റ്റയിനബിൾ ഡെവലപ്മെൻ്റ് ഗോൾസ്’ എന്ന വിഷയം ഐഐറ്റി ഗുവാഹട്ടിയിലെ സിവിൽ എൻജിനീയറിങ് പ്രൊഫസർ ഡോ. എസ്. ശ്രീദീപും ‘ത്രീഡി പ്രിൻ്റിങ് ഇൻ കൺസ്ട്രക്ഷൻ: പ്രസന്റ് ആൻഡ് ഫ്യൂച്ചർ’ എന്ന വിഷയം ഐഐറ്റി തിരുപ്പതിയിൽ സിവിൽ & എൻവയണ്മെന്റൽ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ വി  രാഹുലും അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.