20 April 2024, Saturday

ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ; പദ്ധതി മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടത്

സജി ജോണ്‍
May 11, 2022 7:00 am

ദേശീയ സമ്പദ്ഘടനയിൽ കൃഷിമേഖലയുടെ പങ്ക് തിരിച്ചറിയുവാൻ കോവിഡ്കാലം വഴിയൊരുക്കി. ഹോർട്ടിക്കൾച്ചർ വിളകളുടെ സംഭാവനയാണ് ഇക്കാര്യത്തിൽ നിർണായകമായി കണക്കാക്കപ്പെടുന്നത്. പഴം-പച്ചക്കറികൾ, തോട്ടവിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കിഴങ്ങുവർഗങ്ങൾ, പുഷ്പവിളകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയാണ് വിളകളില്‍ പ്രധാനപ്പെട്ടവ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന്റെ അടിസ്ഥാനവും ഹോർട്ടിക്കൾച്ചർ മേഖലയുടെ വികസന സാധ്യതകളിൽ ഊന്നിയതായിരുന്നു. അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമായുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമ്മാർജ്ജനം, വിശപ്പു രഹിത ഭാരത സൃഷ്ടി, മെച്ചപ്പെട്ട പൊതുജനാരോഗ്യം, കാർഷികോല്പന്നങ്ങളുടെ വിപണനവും മൂല്യവർധനവും അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വികസനം തുടങ്ങിയവയിലും ഹോർട്ടിക്കൾച്ചർ വിളകളുടെ പ്രാധാന്യം ഏറെയാണ്. മാത്രവുമല്ല, 2050 ആകുമ്പോഴേക്കും രാജ്യത്തെ പഴം-പച്ചക്കറി ഉല്പാദനം 650 മെട്രിക് ടണ്ണായി ഉയർത്തേണ്ടതിന്റെ ആവശ്യകതയും വലിയൊരു വെല്ലുവിളിയായി മുന്നിലുണ്ട്. 2005-06 വർഷം കേന്ദ്രസർക്കാർ ആവിഷ്കരിച്ച “ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ”, രാജ്യത്തെ ഹോർട്ടിക്കൾച്ചർ വിളകളുടെ വിസ്തൃതിയും ഉല്പാദനവും വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും രൂപം കൊടുത്ത “സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ” വഴിയാണ് ദേശീയ മിഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. വിത്ത് മുതൽ വിപണി വരെയുള്ള കാർഷിക പ്രവർത്തനങ്ങൾ സമഗ്രമായി ഏകോപിപ്പിച്ചുള്ള വികസന തന്ത്രമാണ് ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ മുന്നോട്ടുവച്ചത്. എല്ലാ സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യതയാണ് തുടക്കത്തിൽ ലഭിച്ചത്. 2005–06ൽ മിഷൻ ആരംഭിച്ചപ്പോൾ, അത് 100 ശതമാനം കേന്ദ്ര വിഹിതത്തോടെയുള്ള പദ്ധതി ആയിരുന്നു. എന്നാൽ 2007-08 ആയപ്പോഴേക്കും കേന്ദ്ര സർക്കാർ തങ്ങളുടെ വിഹിതം 85 ശതമാനമായി വെട്ടിക്കുറച്ചു. 2015–16 മുതൽ 60 ശതമാനം കേന്ദ്ര വിഹിതം മാത്രമാണ് പൊതുവിൽ ലഭ്യമാകുന്നത്. എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രണ്ട് ഹിമാലയ മേഖലാ സംസ്ഥാനങ്ങളിലും കേന്ദ്ര വിഹിതം 90 ശതമാനമാണ്. ഇവയൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ, പദ്ധതി നടത്തിപ്പിനുവേണ്ട 40 ശതമാനം തുക കണ്ടെത്തുന്നത് അതാതു സർക്കാരുകളുടെ ബാധ്യതയായി മാറി. “മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ” (എംഐഡിഎച്ച്) എന്ന പേരിൽ, 2014–15ൽ ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ പുനർ നാമകരണം ചെയ്യപ്പെട്ടിരുന്നു. നാഷണൽ ഹോർട്ടിക്കൾച്ചർ ബോർഡ്, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടി പുതിയ മിഷന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഇതിൽ ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ ഒഴികെയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 100 ശതമാനം സാമ്പത്തിക സഹായം ഇപ്പോഴും ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ കേന്ദ്ര വിഹിതത്തിന്റെ നാലാം ഗഡു സംസ്ഥാനത്തിന് ലഭിച്ചത് 2022 മാർച്ച് 31ന് മാത്രമാണ്. കേന്ദ്രം “അനുവദിച്ച” പദ്ധതിവിഹിതം, സാമ്പത്തിക വർഷത്തിൽ തന്നെ ചെലവഴിക്കാൻ കഴിയാത്തത്, തുടർ വർഷത്തെ പദ്ധതി വിഹിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. കേരളത്തെപ്പോലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ നയങ്ങൾ കൂടുതൽ തിരിച്ചടിയായത്. 2006-07 വർഷം ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി നടപ്പിലാക്കുവാൻ കേരളത്തിനു ലഭിച്ചത് 150 കോടി രൂപയ്ക്കു മുകളിലായിരുന്നുവെങ്കിൽ, 2021–22ൽ അത് വെറും 28 കോടിയായി കുറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷകക്ഷേമ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരം വ്യക്തമാകുവാൻ ഇതിലും വലിയ ഉദാഹരണം ആവശ്യമില്ല.


ഇതുകൂടി വായിക്കാം; ജനങ്ങളുടെ ജീവിത സുരക്ഷയെ വീണ്ടും വീണ്ടും വിറ്റുതിന്നുന്നു


പദ്ധതി നടത്തിപ്പിലെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകാഞ്ഞത്, അതിന്റെ ഫലപ്രാപ്തിയെയും സാരമായി ബാധിച്ചു. “മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ” പ്രവർത്തനം ആരംഭിച്ച 2014–15 ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ കാർഷിക മേഖലയിലെ ഉല്പാദനോപാധികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സാധനസാമഗ്രികളുടെയും വിലയിൽ ഉണ്ടായിട്ടുള്ള വർധനവ് എത്രയോ മടങ്ങാണ്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, 2014–15 ൽ ഒരു കർഷക തൊഴിലാളിയുടെ പ്രതിദിന ദേശീയ ശരാശരി വേതനം 224 രൂപയായിരുന്നപ്പോൾ കേരളത്തിൽ അത് 575 രൂപയായിരുന്നു. 2020ൽ ദേശീയ ശരാശരി 286 രൂപയായി ഉയർന്നപ്പോൾ കേരളത്തിൽ അത് 700 രൂപയ്ക്ക് മുകളിലായി. ഗ്രാമീണ കാർഷിക മേഖലയിൽ ഏറ്റവും ഉയർന്ന അന്തസുറ്റ പ്രതിദിന തൊഴിൽ വേതനം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറിയിട്ടുണ്ട്. ഇക്കാലയളവിൽ, സംസ്ഥാന സർക്കാരിന്റെ കാർഷിക പദ്ധതികളിലെ സബ്സിഡി നിരക്കുകൾ വില മാനദണ്ഡങ്ങൾക്ക് (കോസ്റ്റ് നോംസ്) അനുസൃതമായി നിരവധി തവണ പുനർ നിശ്ചയിക്കപ്പെടുകയുണ്ടായി. എന്നാൽ, ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കോസ്റ്റ് നോംസും സബ്സിഡി നിരക്കുകളും ഉയർത്തുവാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. 2014–15 മുതലുള്ള എട്ടു വർഷംകൊണ്ട്, ഉല്പാദനച്ചെലവിൽ കേവലം ഇരട്ടി വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നു കരുതിയാൽ പോലും കർഷകർക്കു ലഭ്യമാകുന്ന ആനുകൂല്യത്തിൽ, അത് നേർപകുതിയുടെ കുറവുണ്ടാക്കിയിട്ടുണ്ട്. ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തിയ നിതി ആയോഗ്, വില വർധനവിനെ അടിസ്ഥാനപ്പെടുത്തി കോസ്റ്റ് നോംസിൽ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. കോസ്റ്റ് നോംസും സബ്സിഡി നിരക്കും എല്ലാ വർഷവും പുനഃപരിശോധിക്കുകയും പുതുക്കി നിശ്ചയിക്കുകയും വേണമെന്നാണ് നിതി ആയോഗ് നൽകിയിട്ടുള്ള ശുപാർശ. മാത്രവുമല്ല, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വിലനിലവാരം നിലനിൽക്കുന്നതിനാൽ ദേശീയ ശരാശരിക്ക് പകരം സംസ്ഥാനാടിസ്ഥാനത്തിലൊ മേഖലാടിസ്ഥാനത്തിലൊ ഉള്ള കോസ്റ്റ് നോംസ് പിന്തുടരേണ്ടതാണെന്നും നിതി ആയോഗ് വ്യക്തമാക്കുന്നു. 2014–15 മുതൽ 2018–19 വരെയുള്ള കാലയളവിലെ മിഷൻ പ്രവർത്തനം വിലയിരുത്തുവാൻ കേന്ദ്ര കൃഷിമന്ത്രാലയം ചുമതലപ്പെടുത്തിയ ഗ്ലോബൽ അഗ്രി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി നൽകിയ പഠന റിപ്പോർട്ടിലും പണപ്പെരുപ്പത്തിന് അനുസൃതമായി കോസ്റ്റ് നോംസ് പുതുക്കി നിശ്ചയിക്കാത്തത് പദ്ധതികളുടെ കാര്യക്ഷമതയെ ഗുരുതരമായി ബാധിക്കുന്നതായി എടുത്തു പറഞ്ഞിട്ടുണ്ട്. മിഷൻ പദ്ധതികൾ വേണ്ടത്ര ഫലപ്രാപ്തിയിൽ എത്താതിരിക്കുന്നതിനു വഴിവച്ച മറ്റൊരു കാരണം, കുറഞ്ഞ സബ്സിഡി നിരക്കുകളാണ്. 30 മുതൽ 50 ശതമാനം വരെ മാത്രമാണ് മിക്ക പദ്ധതികൾക്കുമുള്ള ധനസഹായം. പല പദ്ധതികളുടെയും സബ്സിഡി നിരക്ക് തീർത്തും അനാകർഷകമാണെന്നും അവ ഉയർത്തി നിശ്ചയിക്കേണ്ടതാണെന്നും നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു.


ഇതുകൂടി വായിക്കാം; മൂലധനവും തൊഴിലും


മിഷന്റെ പ്രഖ്യാപിത വികസന ലക്ഷ്യങ്ങൾ നേടുന്നതിന്, പ്രധാനപ്പെട്ട പദ്ധതി ഘടകങ്ങൾക്കെങ്കിലും 100 ശതമാനം സബ്സിഡി അനുവദിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നിർദേശം. അതുപോലെ, മിഷൻ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര വിഹിതം യഥാസമയം നൽകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി, സാമ്പത്തിക വർഷാരംഭത്തിൽ തന്നെ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് ഉറപ്പു വരുത്തേണ്ടതാണെന്നും നിതി ആയോഗ് നിർദേശിക്കുന്നു. നിലവിലെ മാനദണ്ഡങ്ങളിലെ മറ്റൊരു ന്യൂനത, കാർഷികവായ്പയുടെ കാര്യത്തിലുള്ള നിബന്ധനകളാണ്. ഉല്പന്ന സംസ്കരണവും വിപണനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ, വായ്പ സ്വീകരിച്ചു മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുവാൻ കഴിയുന്നത്. സ്വന്തം ഫണ്ട് വിനിയോഗിക്കുവാൻ തയാറുള്ള സംരംഭകരെ അകറ്റി നിർത്തുന്നതിനാണ് ഇത് മിക്കപ്പോഴും ഇടയാക്കുന്നത്. ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ മിക്ക സംസ്ഥാനങ്ങളിലും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ലാത്തതും പോരായ്മയായി നിതി ആയോഗ് ചൂണ്ടിക്കാണിക്കുന്നു. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച്, ഉദ്യോഗസ്ഥ സംവിധാനം ഉൾപ്പെടെയുള്ള ഭരണ‑നിർവഹണ ചെലവുകൾക്കായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനുകൾക്ക് ഓരോ വർഷവും ചെലവഴിക്കാവുന്ന പരമാവധി തുക, പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനം മാത്രമാണ്. ഗ്ലോബൽ അഗ്രി സിസ്റ്റം ഇക്കാര്യത്തിൽ നൽകിയ ശുപാർശ, ഭരണ‑നിർവഹണത്തിനായുള്ള തുക മൊത്തം വാർഷിക പദ്ധതിയുടെ 7.5ശതമാനമായെങ്കിലും ഉയർത്തണമെന്നായിരുന്നു. പദ്ധതി നിർവഹണ ചെലവ് പരമാവധി പരിമിതപ്പെടുത്തിയുള്ള ഒരു ഉദ്യോഗസ്ഥ ഘടനയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ തുടക്കത്തിൽ തന്നെ പരീക്ഷിച്ചത്. ജില്ലാ തലത്തിലുള്ള മിഷൻ സംവിധാനം ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാൽ, നാമമാത്രമായ ഉദ്യോഗസ്ഥ സംവിധാനമായിട്ടും ഭരണ നിർവഹണത്തിനു വേണ്ടിയുള്ള മിനിമം തുകപോലും വകയിരുത്താനാകാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഓരോ സംസ്ഥാനത്തെയും വേതന വ്യവസ്ഥകൾക്ക് ആനുപാതികമായി ഭരണ‑നിർവഹണ ചെലവുകൾക്കായി നിശ്ചിത തുക നീക്കിവയ്ക്കുന്നതിനും അതിനായുള്ള വിഹിതത്തിൽ എല്ലാ വർഷവും ക്രമമായ വർധനവ് ഉറപ്പു വരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഉൾക്കൊള്ളിക്കുവാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്. ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ പിന്തുടരുന്ന അശാസ്ത്രീയവും അപ്രായോഗികവുമായ മാനദണ്ഡങ്ങൾ എല്ലാ സംസ്ഥാനങ്ങളിലെയും പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും തുല്യനീതി ലഭിക്കാത്തതിന്റെ ദുര്യോഗം, കേരളം പോലെയുള്ള സംസ്ഥാനങ്ങൾ അധികമായി നേരിടേണ്ടി വരുന്നു. നാഷണൽ ഹോർട്ടിക്കൾച്ചർ ബോർഡ് വഴി നടപ്പിലാക്കുന്ന “ഹോർട്ടിക്കൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ്” പദ്ധതിയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത് നമ്മൾ നേരിടുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ്. ഹോർട്ടിക്കൾച്ചർ വിളകൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഇത്തരം നയസമീപനങ്ങൾ എത്രയും വേഗം തിരുത്തപ്പെടേണ്ടത് അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.