കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയിൽ നാഴികക്കല്ലാകുന്ന കൊച്ചി ‑ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ നിയുക്ത ഏജൻസിയായ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പുവച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിർദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് നിർവചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. കൊച്ചി ‑ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി കിൻഫ്രയാണ്.
നിക്ഡിറ്റ് (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അൽകേഷ് കുമാർ ശർമ്മയും, കിൻഫ്ര എംഡി സന്തോഷ് കോശിയുമാണ് കരാറിൽ ഒപ്പു വെച്ചത്. പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്പന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോർഡിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഏജൻസിയുടെയും പ്രതിനിധികൾ ഉണ്ടാകും. ആദ്യ ഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയൻസ് എന്നിവയുൾപ്പെടെയുള്ള ഉല്പാദന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇടനാഴിയിൽ ഉൾപ്പെടുന്ന വ്യവസായങ്ങൾക്ക് ഭൂമിയുടെ ലഭ്യതയും സൃഷ്ടിക്കുന്ന ജോലികളിൽ ഉയർന്ന മൂല്യവർധനവും ഉറപ്പാക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളെ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ മേഖലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മംഗലാപുരം ബംഗളൂരു ഗെയിൽ പൈപ്പ്ലൈൻ, തിരുവനന്തപുരം-കണ്ണൂർ സെമി ഹൈ സ്പീഡ് റയിൽ, കൊച്ചി മെട്രോ, കൊച്ചി ‑തേനി ദേശീയപാത തുടങ്ങിയ പദ്ധതികളുടെ പ്രാദേശിക വളർച്ചയ്ക്കും സമഗ്ര വികസനത്തിനും പദ്ധതി വഴിതെളിക്കും.
പദ്ധതിക്ക് കീഴിൽ കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി പദ്ധതിയാണ് പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ളത്. ആലുവ താലൂക്കിലെ അയ്യമ്പുഴ ഗ്രാമത്തിൽ 220 ഹെക്ടർ സ്ഥലത്ത് വികസിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിത സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി വിജ്ഞാനാധിഷ്ഠിത, ധനകാര്യം, ബാങ്കിംഗ്, ഹൈടെക് സേവനങ്ങൾ എന്നിവയുടെ വികസനത്തിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
English summary; national industrial coridore devalopement and implimentation trust updation
You may also like this video;