മെഡല്‍കൊയ്ത് കേരളം

Web Desk
Posted on November 03, 2018, 11:00 pm

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ കേരളം മുന്നേറുന്നു. മീറ്റിന്റെ രണ്ടാംദിനമായ ഇന്നലെ രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ പതിനാല് മെഡലുകളാണ് കേരളത്തിന് ലഭിച്ചത്.

അപര്‍ണ റോയി, അബിത മേരി മാനുവല്‍ എന്നിവര്‍ ഇന്നലെ കേരളത്തിന് വേണ്ടി സ്വര്‍ണത്തിളക്കത്തിന് ഉടമകളായി. അലീന വര്‍ഗീസ്, എല്‍ഗ തോമസ്, ഗായത്രി ശിവകുമാര്‍, ആദര്‍ശ് ഗോപി, അണ്ടര്‍ 20 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. സാന്ദ്ര എ എസ്, മുഹമ്മദ് ഫായിസ്, അനുഗ്രഹ, അഭിനവ്, നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, മിന്നു റോയി, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡെക്കാത്തലണില്‍ കെ ആര്‍ ഗോകുല്‍ എന്നിവര്‍ വെങ്കലനേട്ടത്തിന് ഉടമകളായി.

അഞ്ച് സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം ഉള്‍പ്പെടെ 20 മെഡലുകളാണ് കേരളം ഇതുവരെ നേടിയിട്ടുള്ളത്. ഹരിയാനയുടെയും യുപിയുടെയും തമിഴ്‌നാടിന്റെയും ശക്തമായ വെല്ലുവിളിയാണ് കേരളത്തിന് നേരിടേണ്ടിവരുന്നത്. 150 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്തെത്തി. 11 സ്വര്‍ണം, 12 വെള്ളി, നാല് വെങ്കലം ഉള്‍പ്പെടെ 207 പോയിന്റ് നേടിയ ഹരിയാനയാണ് ഒന്നാമത്. മൂന്ന് സ്വര്‍ണം, അഞ്ച് വെള്ളി, ഒമ്പത് വെങ്കലം ഉള്‍പ്പെടെ 111 പോയിന്റുമായി തമിഴ്‌നാട് മൂന്നാമതും ഏഴ് സ്വര്‍ണം, ഒരു വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ 101 പോയിന്റുമായി മഹാരാഷ്ട്ര നാലാം സ്ഥാനത്തുമുണ്ട്.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.76 സെക്കന്‍ഡില്‍ റെക്കോഡോടെയാണ് അപര്‍ണ ഫിനിഷ് ചെയ്തത്. 14.34 സെക്കന്‍ഡില്‍ തമിഴ്‌നാടിന്റെ തബീത്ത പി രണ്ടാമതെത്തി. ജാര്‍ഖണ്ഡിന്റെ പ്രതിഭാകുമാരി 14.47 സെക്കന്‍ഡില്‍ മൂന്നാംസ്ഥാനം നേടിയപ്പോള്‍ കേരളത്തിന്റെ തന്നെ ആന്‍ റോസ് ടോമി 14.49 സെക്കന്‍ഡ് സമയത്തോടെ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വ്യക്തമായ മേധാവിത്വത്തോടെയാണ് അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മേരി മാനുവല്‍ സ്വര്‍ണം നേടിയത്. 55.49 സെക്കന്‍ഡിലാണ് അബിത ഫിനിഷ് ചെയ്തത്. ഹരിയാനയുടെ രചന വെള്ളിയും യുപിയുടെ മനീഷ വെങ്കലവും നേടി. കേരളത്തിന്റെ നിഭ കെ എം ഈയിനത്തില്‍ ആറാംസ്ഥാനത്തായി.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ പ്രഞ്ജലി പാട്ടീലാണ് അലീന വര്‍ഗീസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്. 14.92 സെക്കന്‍ഡിലാണ് അലീന ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയുടെ മാന്‍സി മഹാദിക് വെങ്കലം നേടിയപ്പോള്‍സ കേരളത്തിന്റെ തന്നെ നയന ജോസ് അഞ്ചാംസ്ഥാനത്തായി.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എല്‍ഗ തോമസിനെ പിന്തള്ളി ഡല്‍ഹിയുടെ പായല്‍ വോറ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. പായല്‍ 57.59 സെക്കന്‍ഡിലും എല്‍ഗ 58.12 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു. തമിഴ്‌നാടിന്റെ രതിപാണ്ടിക്കാണ് വെങ്കലം. കേരളത്തിന്റെ പ്രതിഭാ വര്‍ഗീസ് ഈയിനത്തില്‍ അഞ്ചാം സ്ഥാനത്തായി.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജാര്‍ഖണ്ഡിന്റെ ഫ്‌ളോറന്‍സ് ബര്‍ലയാണ് സ്വര്‍ണത്തിന് ഉടമയായത്. 56.10 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഡല്‍ഹിയുടെ റിതിക നെഗി 56.23 സെക്കന്‍ഡില്‍ വെള്ളി കരസ്ഥമാക്കിയപ്പോള്‍ സാന്ദ്ര എ എസ് 56.25 സെക്കന്‍ഡിന് വെങ്കലത്തിന് ഉടമയായി. കേരളത്തിന്റെ ഗൗരി നന്ദന 57.00 സെക്കന്‍ഡ് സമയത്തോടെ അഞ്ചാം സ്ഥാനത്തായി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കേരളത്തിന്റെ സിദ്ധാര്‍ഥ് കെ സി ആറാം സ്ഥാനത്തായി.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കേരളത്തിനായി മുഹമ്മദ് ഫായിസ് വെങ്കലം നേടിയത്. 14.07 സെക്കന്‍ഡിലാണ് ഫായിസ് ഫിനിഷ് ചെയ്തത്. 13.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ അല്‍ഡന്‍ നൊറോന്‍ക സ്വര്‍ണവും 14.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആന്ധ്രയുടെ പി ഗോപിചന്ദ് വെള്ളിയും സ്വന്തമാക്കി. ഇതേയിനത്തില്‍ കേരളത്തിന്റെ സബിന്‍ ടി സത്യന്‍ എട്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ കേരളത്തിന്റെ അനുഗ്രഹ വെങ്കലത്തിന് ഉടമയായി. മഹാരാഷ്ട്രയുടെ സാനിയ സ്വര്‍ണവും തമിഴ്‌നാടിന്റെ റുതിക വെള്ളിയും സ്വന്തമാക്കി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈംജംപില്‍ ഗായത്രി ശിവകുമാര്‍ 1.73 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് വെള്ളി നേടിയത്. 1.77 മീറ്റര്‍ ചാടിയ ഹരിയാനയുടെ റുബീന യാദവ് സ്വര്‍ണം നേടിയപ്പോള്‍ കര്‍ണാടകയുടെ സുപ്രിയ വെങ്കലം കരസ്ഥമാക്കി. കേരളത്തിന്റെ മീര ഷിബു അഞ്ചാം സ്ഥാനത്തായി.

അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.93 സെക്കന്‍ഡിലാണ് അഭിനവ് വെങ്കലം നേടിയത്. ഡല്‍ഹിയുടെ നിസാര്‍ സ്വര്‍ണവും യുപിയുടെ രാഹുല്‍ ശര്‍മ്മ വെള്ളിയും സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ 10.95 സെക്കന്‍ഡിലാണ് നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് വെങ്കലം സ്വന്തമാക്കിയത്. തമിഴ്‌നാട് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. 10.84 സെക്കന്‍ഡിന് അജിത്കുമാര്‍ സ്വര്‍ണവും 10.92 സെക്കന്‍ഡിന് കാര്‍ത്തികേയന്‍ വെള്ളിയും നേടി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് മിന്നു റോയി വെങ്കലം നേടിയത്.

ഉത്തരാഖണ്ഡിന്റെ അങ്കിത സ്വര്‍ണവും ഹരിയാനയുടെ പൂജ വെള്ളിയും നേടി.1500 മീറ്റര്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ആദര്‍ശ് ഗോപി 3.58.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക് ഫെഡറേഷന്റെ സുനില്‍ ധവാര്‍ 3.58.28 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. യുപിയുടെ ശ്രാവണ്‍കുമാര്‍ വെങ്കലം നേടി.