Web Desk

തിരുവനന്തപുരം

December 11, 2020, 10:28 pm

ദേശീയ കർഷകപ്രക്ഷോഭം; അനിശ്ചിതകാല കർഷകസമരം കേരളത്തിലും

Janayugom Online

കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും അനിശ്ചിതകാല കർഷകസമരം ആരംഭിക്കുന്നു.

സംയുക്തകർഷക സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ ഇന്ന് രാവിലെ 10 മണിമുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. 10 മുതൽ വൈകിട്ട് ഏഴ് വരെ എല്ലാ ദിവസവും തുടർച്ചയായി നടക്കുന്ന സമരത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമരവോളന്റിയർമാർ പങ്കെടുക്കും. സമരം അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് സംയുക്ത കർഷകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബർ 14ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കും. ഏതാനും കോർപ്പറേറ്റുകൾക്കുവേണ്ടി നൂറു കോടിയോളം വരുന്ന കർഷകരെ തകർക്കുന്ന മോഡി സർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കുന്നതുവരെ രാജ്യത്താകമാനം വമ്പിച്ച സമരപരിപാടികളുമായി കർഷകർ മുന്നോട്ടു നീങ്ങുകയാണ്. എല്ലാ അടിച്ചമർത്തലുകളേയും അതിജീവിച്ചുകൊണ്ട് ഇന്ത്യൻ കർഷകരുടെ ഈ ജീവൻമരണ പോരാട്ടം വിജയിപ്പിക്കുന്നതിന് കർഷക സമൂഹമാകെ രംഗത്തിറങ്ങണമെന്നും എല്ലാ ബഹുജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സംയുക്ത കർഷകസമിതി അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ സംയുക്തകർഷകസമിതി കൺവീനർ കെ എൻ ബാലഗോപാൽ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, എം വിജയകുമാർ, അഡ്വ. എസ് കെ പ്രീജ, കെ സി വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Nation­al Peas­ant Move­ment; Indef­i­nite farm­ers’ strike in Ker­ala too

You may like this video also