Web Desk

July 31, 2020, 3:15 am

വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വഴിതെറ്റിക്കുന്ന ദേശീയനയം

Janayugom Online

എൻ ശ്രീകുമാർ

പ്രസിഡന്റ്, എകെഎസ്‌ടിയു

രാജ്യത്തിന്റെ ഭാവി ഇന്നത്തെ ക്ലാസ് മുറികളിലാണെന്നതുകൊണ്ടു തന്നെ വിദ്യാഭ്യാസ നയം അത്യധികം ഗൗരവത്തോടെ നടക്കേണ്ട ആശയ രൂപീകരണമാണ്. വിശേഷിച്ച് ഇന്ത്യ പോലെ ബഹുസ്വരതയുള്ള നാട്ടിലെ വിദ്യാഭ്യാസം വിശദമായ ചർച്ചകളും കൂടിയാലോചനകളും ആവശ്യപ്പെടുന്നു. 2030ലേക്കുള്ള സുസ്ഥിര വികസന അജണ്ടയുമായി അവതരിപ്പിച്ചിരിക്കുന്നതും കാബിനറ്റ് ഇപ്പോൾ അംഗീകരിച്ചതുമായ പുതിയ വിദ്യാഭ്യാസ നയം പക്ഷേ, വിദ്യാഭ്യാസ വിചക്ഷണർക്കിടയിൽ വേണ്ടത്ര കൂടിയാലോചനകളോ, പാർലമെന്റിൽ ചർച്ചയോ നടത്താതെ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചിരിക്കുന്നുവെന്ന വിമർശനം ശക്തമാണ്. പ്രാപ്യതയും നീതിയും ഗുണമേന്മയും ഉത്തരവാദിത്തവുമുള്ളതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും വരികൾക്കിടയിൽ അപകടങ്ങളുടെ ഫണങ്ങൾ വിരിച്ചുനില്ക്കുന്നത് കാണാതിരിക്കാനാവില്ല. ഈ മേഖലയിലെ വിദഗ്ദ്ധർക്കു പകരം രാജ്യത്തെ പ്രധാനമന്ത്രിയുടെ തന്നെ നിയന്ത്രണത്തിലേക്ക് രാഷ്ട്രീയ ശിക്ഷാ ആയോഗിലൂടെ വിദ്യാഭ്യാസം ഒരു രാഷ്ട്രീയ പ്രശ്നമായി മാറ്റാനാണ് പോകുന്നത്. മറ്റാരെയും അനുസരിക്കാതെ മുന്നോട്ടു പോകാൻ സ്വാതന്ത്ര്യമുള്ള ഈ സമിതിയുടെ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നിശബ്ദമായി അംഗീകരിക്കേണ്ടിവരികയും ചെയ്യുമെന്ന് തീർച്ച. അത് വിദ്യാഭ്യാസ മേഖലയിൽ അധികാര കേന്ദ്രീകരണം നടപ്പാവുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തന്നെ തകർക്കപ്പെടുകയും ചെയ്യും.

വിദ്യാഭ്യാസ നയം കേവലം വൈകാരികമായ ഒരു രേഖയാകരുത്. അത് ശാസ്ത്രീയ സമീപനം ഉൾക്കൊള്ളുന്നതും യുക്തിഭദ്രവുമായിരിക്കണം. എന്നാൽ അതിദേശീയതയും ഭാഷാ പാരമ്പര്യ വാദങ്ങളുമല്ലാതെ ശാസ്ത്രീയ അടിത്തറയിലധിഷ്ഠിതമായൊരു വിദ്യാഭ്യാസ പദ്ധതിയായി ഇതിനെ വിലയിരുത്താനാവില്ല. കുട്ടികളുടെ മനസ്സിനും പ്രായത്തിനുമിണങ്ങുന്ന വിദ്യാഭ്യാസ സങ്കൽപ്പം ഈ രേഖയിലില്ല. വിമർശനാവബോധത്തെക്കുറിച്ച് പറഞ്ഞുപോകുന്നുണ്ടെങ്കിലും സാമൂഹികമായ തിരിച്ചറിവുകളിലൂടെ ചിന്തയോ വിജ്ഞാനമോ രൂപീകരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളൊന്നും ഈ രേഖ പുലർത്തുന്നില്ല. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ നയിക്കുന്ന വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങളെ നിരാകരിക്കുമ്പോൾ തന്നെ കേവല വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കുമാണ് ഊന്നൽ. മൂല്യബോധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന വിദ്യാഭ്യാസമാകണമെന്ന് പറയുമ്പോഴും ഹൈന്ദവിക മൂല്യങ്ങൾക്കല്ലാതെ ഇതര മതദർശനങ്ങളുടെ മൂല്യസങ്കൽപ്പനങ്ങളെ അകറ്റിനിർത്താൻ ഈ നയരേഖ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാകണം 484 പേജുള്ള ബൃഹത്തായ ഈ നയത്തിലൊരിടത്തും മതേതരമെന്ന വാക്കുപോലും ഇടംപിടിക്കാതെ പോകുന്നത്.

തികച്ചും ഭാരതീയമായ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസ നയമെന്ന് പ്രഖ്യാപിക്കുമ്പോഴും ഭരണഘടനാ മൂല്യങ്ങളിലധിഷ്ഠിതമായ മതേതര വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച് ഈ രേഖ മൗനം പാലിക്കുകയാണ്. മുപ്പത്തിനാലു വർഷം മുമ്പ് 1986 ൽ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും പരിപാടികളും നിർബന്ധിതമായും മതേതരമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. 2005‑ൽ രൂപീകരിച്ച ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടും, 2009 ലെ അധ്യാപക വിദ്യാഭ്യാസം സംബന്ധിച്ച ദേശീയരേഖയും മതേതര ചിന്തയ്ക്കും മാനവികതയ്ക്കും വേണ്ടിയുള്ള വിദ്യാഭ്യാസമാണ് രാജ്യത്തിന് വേണ്ടതെന്ന് അടിവരയിടുന്നുണ്ട്. പക്ഷേ, ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത് ഒരു നയരേഖയായിട്ടു കൂടി പഞ്ചതന്ത്ര കഥകളും ജാതക — ഹിതോപദേശ കഥകളുമൊക്കെ കുട്ടികൾ അറിയണമെന്ന ലളിതമായ കാര്യംപോലും ഇതിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. സേവയും സ്വച്ഛതയും നിഷ്ക്കാമകർമവും അഹിംസയും പിന്തുടരണമെന്ന് ഉപദേശിക്കുന്നുമുണ്ട്. പക്ഷേ, അപ്പോഴും ഭാരതത്തിലെ തന്നെ ഇതര മതങ്ങൾ വിളംബരം ചെയ്യുന്ന ദാനധർമ്മങ്ങളേയോ കാരുണികദർശനങ്ങളെയോ ഈ രേഖ കാണാതിരുന്നതെന്തുകൊണ്ടാണ്? ബൈബിളും ഈസോപ്പ് കഥകളും അറബിക്കഥകളും പകരുന്ന ദാർശനിക മൂല്യങ്ങൾ കൂടി ഉൾക്കൊള്ളണമെന്ന് എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളോട് പറയാൻ മടിക്കുന്നത്?

പുതിയ ദേശീയനയം ഭാഷാ പഠനത്തിന് പ്രത്യേക കരുതൽ നൽകുന്നുണ്ട്. അഞ്ചാം ക്ലാസ്സു വരെ മാതൃഭാഷ മാത്രമാകണം ബോധന മാധ്യമം എന്നു നിഷ്കർഷിക്കുന്നതും കൊള്ളാം. ആറാം ക്ലാസ്സുമുതൽ സംസ്കൃതം കൂടി ഉൾപ്പെടുന്ന ത്രിഭാഷാ പദ്ധതിയും സാധ്യമെങ്കിൽ പരമാവധി ഇന്ത്യൻ ഭാഷകളുടെ പഠനവും വേണമെന്ന് പറയുന്നു. സംസ്കൃത ഭാഷാ പഠനം ഏറെക്കുറെ നിർബന്ധിതമാക്കിയിരിക്കുകയാണ്, ഈ നയം. ഉന്നത വിദ്യാഭ്യാസത്തിന് ഏത് വിഷയം പഠിക്കുന്നവരും സംസ്കൃതം പഠിക്കണമെന്ന് പറയുന്നുണ്ട്. ഭാരതീയ പൈതൃകത്തേയും വൈജ്ഞാനിക ശേഖരത്തേയും കുറിച്ചറിയാൻ അതു സഹായിക്കും. എന്നാൽ നമ്മുടെ യുവ തലമുറ ലോകവിജ്ഞാനത്തിന്റെ ഉന്നതികളില്‍ എത്താന്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം അനിവാര്യമാണെന്ന് ഈ രേഖ മറന്നുപോകുന്നു. ഒരു വൈദേശിക ഭാഷ എന്നതിനപ്പുറം ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളുടെ സ്വീകരണത്തിനും വിനിമയത്തിനും ഇംഗ്ലീഷിന് പകരമാവും സംസ്കൃതവും ഇതര പാരമ്പര്യ ഭാഷകളും എന്ന് കരുതുന്നത് മൗഢ്യമാണല്ലോ. ദേശീയതയെ സങ്കുചിത ചിന്തകളുടെ അതിർവരമ്പുകളിൽ തളച്ചിട്ടാൽ മാറുന്ന ലോക സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികൾ പിന്തള്ളപ്പെടുന്ന അവസ്ഥയും സൃഷ്ടിക്കപ്പെടുന്നു. ദളിതരും പിന്നോക്കക്കാരുമായ ഇന്ത്യയിലെ ജനവിഭാഗങ്ങളെ ഇംഗ്ലീഷ് ഭാഷാ വിജ്ഞാനമാർജിക്കാൻ പ്രേരിപ്പിക്കാത്തിടത്തോളം ആധുനികതയുടെ വിജ്ഞാന മേഖലകൾ എന്നുമവർക്ക് വെല്ലുവിളിയാകുമെന്നും ആത്മവിശ്വാസമില്ലാത്തവരായി അവർ മാറുമെന്നും അവരുടെ വിമോചനത്തിനായി പ്രവർത്തിച്ചവർ സൂചിപ്പിച്ചിരുന്നതുകൂടി കാണണം. അത്തരം ജനവിഭാഗങ്ങളുടെ വിജ്ഞാന അവകാശങ്ങളെ ഈ നയരേഖ പരിഗണിക്കുന്നില്ലെന്നതുകൊണ്ടാകണം ഭാഷാ പഠനത്തെ സങ്കുചിത കാഴ്ചപ്പാടിൽ മാത്രം ഒതുക്കിനിർത്താൻ ശ്രമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് 2035 ആകുമ്പോഴേക്ക് അൻപത് ശതമാനം എൻറോൾമെന്റ് മാത്രമാണ് ഈ നയം ലക്ഷ്യംവയ്ക്കുന്നത്. ബഹുഭൂരിപക്ഷത്തിനുമെന്ന് ചിന്തിക്കുന്നതുപോലുമില്ല. അതിന് കാരണമുണ്ട്. ആറാം ക്ലാസ് മുതൽ തുടങ്ങുന്ന തൊഴിൽ പഠനം ഗാന്ധിജി വിഭാവന ചെയ്ത വേലയിൽ വിളയുന്ന വിദ്യാഭ്യാസത്തെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ധരിക്കരുത്. ബഹുഭൂരിപക്ഷവും സാമാന്യ വിദ്യാഭ്യാസവും കൈത്തൊഴിലും കൊണ്ട് ജീവിച്ചോളണമെന്ന ന്യായമായിരിക്കണം അതിനു പിന്നിൽ. കുറച്ചു വരേണ്യവിഭാഗം മാത്രം മുകളിലേക്ക് പഠിച്ചാൽ മതിയാവുമെന്നാകും. മാത്രമല്ല, നാലു വർഷത്തെ അണ്ടർ ഗ്രാഡ്വേറ്റ് പ്രോഗ്രാമിന്റെ ഏതു ഘട്ടത്തിലും വിദ്യാർഥികൾക്ക് വിഷയം മാറി പഠിക്കാനോ, പഠനത്തിൽ നിന്ന് പിൻമാറാനോ വരെ സ്വാതന്ത്ര്യവുമുണ്ടാകും. ആഴത്തിൽ വിഷയബന്ധിത പഠനത്തെ ലക്ഷ്യമാക്കുന്നില്ലെന്നതിന് തെളിവാണ് വിഷയങ്ങളുടെ അതിർവരമ്പുകൾ മാറണമെന്ന് നിർദ്ദേശിക്കുന്നത്. ഒന്നിലധികം വിഷയങ്ങൾ കൂട്ടിച്ചേർത്ത് പഠിക്കാമെന്ന് പറയുന്നു. ഈ നയം നടപ്പാവുമ്പോൾ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ഇല്ലാതാവുകയും കോളജുകൾ യൂണിവേഴ്സിറ്റികൾക്കു കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട് പ്രവർത്തിക്കുന്ന രീതി അവസാനിക്കുകയും ചെയ്യും. ഓരോ കോളജുകളും സ്വയം ഭരണ സ്ഥാപനങ്ങളായി തീരും. അവയുടെ പ്രവർത്തന മികവനുസരിച്ച് ഗ്രേഡും നൽകും. ഇന്നു നിലനിൽക്കുന്ന ഏറെക്കുറെ ഏകീകൃതമായൊരു വിജ്ഞാന വിനിമയ സമ്പ്രദായം ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവസാനിക്കുമെന്ന് സാരം. പകരം പാവപ്പെട്ടവന് ഉന്നത പഠനം ഇല്ലാതാവുക മാത്രമല്ല, ജാതിമത ശക്തികളും കച്ചവട താല്പര്യക്കാരും ഉന്നത വിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരാവുകയും അവരുടെ ഇഷ്ടപ്രകാരം സിലബസ്സും പഠനവും പരീക്ഷയും നടത്തി ഈ മേഖലയുടെ നിലനിൽപ്പുതന്നെ തകർക്കുയും ചെയ്യുമെന്ന് തീർച്ച. ഈ മേഖലയിൽ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. സ്വദേശി മുദ്രാവാക്യവും ഭാരതീയതയും ഉറക്കെ പറയുന്നവർ വൈദേശിക സർവ്വകലാശാലയ്ക്കും വിജ്ഞാന കച്ചവടത്തിനും പാത വെട്ടിക്കൊടുക്കുകയാണ് പുതിയ ദേശീയ നയത്തിലൂടെ ചെയ്യുന്നത്.

നടപ്പാക്കുന്നതു സംബന്ധിച്ച് ശാസ്ത്രീയതയോ മികച്ച കാഴ്ചപ്പാടോ ഇല്ലെന്നിരിക്കിലും ഈ നയം മുന്നോട്ടു വെക്കുന്ന ചില നല്ല നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പൊതു വിദ്യാഭ്യാസ മേഖലയിൽ ചർച്ച വളരേണ്ടതുണ്ട്. നിലവിൽ ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സാർവ്വത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം സർക്കാർ ഉറപ്പാക്കുന്നു. ഈ നയം മൂന്നു മുതൽ 18 വയസ്സുവരെ അതിനെ വിപുലപ്പെടുത്തുന്നുണ്ട്. സാർവ്വത്രികമായ പ്രീപ്രൈമറി വിദ്യാഭ്യാസം മികച്ച നിർദ്ദേശമാണെന്ന കാര്യത്തിൽ തർക്കമില്ല. പരീക്ഷാ പരിഷ്ക്കരണവും എല്ലാവർക്കും തൊഴിലധിഷ്ഠിത പഠനവും ഇനിയും പ്രാവർത്തികമാക്കാനാവാത്ത നല്ല നിർദ്ദേശങ്ങളാണ്. അധ്യാപക വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകാനും ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണ വിഭാഗം രൂപപ്പെടുത്താനുമുള്ള നിർദ്ദേശവും സ്വാഗതാർഹമാണ്. എന്നാൽ ഇവയൊക്കെ പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ കമ്മിയാണ്.

നയം നടപ്പാക്കാനുള്ള ഫണ്ട് എങ്ങനെയെന്നതും പ്രശ്നമാണ്. വിദ്യാഭ്യാസത്തിന് ആറ് ശതമാനം ജിഡിപി എന്ന് നയരേഖയിൽ പറയുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതത്തെക്കുറിച്ച് തീർത്തും മൗനമാണ്. സംസ്ഥാനങ്ങൾ വേണമെങ്കിൽ നടത്തണമെന്നതാകും സ്ഥിതി.

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി എന്ന ഘടനയാണ് കേരളത്തിൽ പിന്തുടരുന്നത്. ഇത് വിജയകരമെന്ന് തെളിഞ്ഞിട്ടുമുണ്ട്. പ്രീ പ്രൈമറി നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് നല്ല കാര്യമെങ്കിലും മൂന്നു മുതൽ എട്ട് വയസ്സു വരെയുള്ള പ്രീസ്കൂൾ കാലത്തെ കുട്ടിയുടെ പഠനം എങ്ങനെയെന്നത് നിശ്ചയമില്ല. ഒന്ന്, രണ്ട് ക്ലാസ്സുകളിലും പ്രീ പ്രൈമറിയിലും ഒരേ അധ്യാപകർ ആയിരിക്കുമോ പഠിപ്പിക്കുക തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങൾ വരുന്നു. ഹയർ സെക്കന്‍ഡറി മേഖല ഇല്ലാതാകുന്നതും ഹൈസ്കൂളിനോടൊപ്പം ചേർത്ത് ഒരു ഘട്ടമാക്കുന്നതും കേരളത്തിൽ ചൂടുള്ള ചർച്ചയാണല്ലോ. നാം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഘടനയും സമ്പ്രദായവും നിലനിർത്താനും ഉചിതമായ ഭേദഗതിക്ക് നാം തന്നെ തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. സംസ്ഥാനങ്ങളെ ഇങ്ങനെ സ്വതന്ത്രമായി തീരുമാനിക്കാൻ വിടില്ലെന്നാണ് കേന്ദ്ര നിലപാട്. സ്വന്തം അജണ്ടകൾ ദേശവ്യാപകമായി വളർത്താൻ സംസ്ഥാനങ്ങളെ കൂച്ചുവിലങ്ങിടുകയാവും നല്ലതെന്ന് കസ്തുരി രംഗൻ റിപ്പോർട്ടിനു പിന്നിലുള്ള രാഷ്ട്രീയ കണ്ണുകൾ നേരത്തെ നിരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ടാകുമല്ലോ.