Web Desk

ന്യൂഡൽഹി

June 15, 2021, 10:40 pm

കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ ദേശീയ പ്രതിഷേധം 26 ന്

Janayugom Online

പ്രമുഖ കർഷക നേതാവായ സഹജാനന്ദ് സരസ്വതിയുടെ ജന്മദിനമായ ജൂൺ 26ന് പത്തു കേന്ദ്ര തൊഴിലാളി യൂണിയനുകൾ (സിടിയുഎസ്) കർഷക യൂണിയനുകളുമായി ചേർന്ന് ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍‍ സംഘടനകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ജോലി, ജോലിക്കുള്ള മികച്ച പശ്ചാത്തലം, മികച്ച നഷ്ടപരിഹാരം, തൊഴിൽ തുല്യത തുടങ്ങിയവ ആവശ്യപ്പെടുന്നതിനൊപ്പം ഏഴുമാസമായി തുടരുന്ന കർഷക സമരത്തിന് പിന്തുണ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പ്രതിഷേധം.

കൃഷി- ജനാധിപത്യ സംരക്ഷണ ദിനമായാണ് ജൂൺ 26 ആചരിക്കുക. താലൂക്ക്, ജില്ലാതല സമരങ്ങൾക്ക് പുറമേ അന്നേ ദിവസം വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നിൽ ധർണകളും നടത്തും.

കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങളായ നാല് തൊഴിൽ കോഡുകൾ, മൂന്ന് കർഷക നിയമങ്ങൾ, വൈദ്യുതി (ഭേദഗതി) ഓർഡിനൻസ്-2021 എന്നിവ പിൻവലിക്കണം എന്നതുൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ട് വച്ചിരിക്കുന്നത്. നികുതി അടയ്ക്കാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നൽകുക, നിശ്ചിത സമയപരിധിക്കുള്ളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കുക, ആശാ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള മുൻനിര പോരാളികൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണം തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. കോവിഡ് വ്യാപനത്തിന് ശേഷം റയിൽ, റോഡ്, കോൾ, പ്രതിരോധം, സെയിൽ, വൈദ്യുതി, ജലം, വിദ്യാഭ്യാസം, ആരോഗ്യം, ഇപിഎഫ്ഒ തുടങ്ങിയ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുകയാണ്. ഇവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അർഹമായ പരിഗണനകൾ നൽകുകയും വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.

Sum­ma­ry: Nation­al protest of the cen­tral trade unions on the 26th
You may like this video also