Thursday
21 Feb 2019

ദേശീയ ഉപജീവന ദൗത്യത്തിന്റെ സാമ്പത്തിക ശാസ്ത്രം

By: Web Desk | Sunday 22 October 2017 1:45 AM IST

കെ കെ ശ്രീനിവാസന്‍

മുന്‍കാലങ്ങളില്‍ കേട്ടിരുന്നത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം. മാറിയ ആഗോള സാമ്പത്തിക ക്രമത്തില്‍ ഇത് ലഘൂകരിച്ച് ദാരിദ്ര്യ ലഘൂകരണമാക്കി. പണ്ടൊക്കെ സ്ത്രീ വിമോചനം (ഫെമിനിസം). ഇപ്പോഴാകട്ടെ സ്ത്രീ ശാക്തീകരണത്തിലേക്ക് (വിമന്‍ എംപവര്‍മെന്റ്) അത് ചുരുക്കി. ഈ ലഘൂകരിക്കല്‍ അല്ലെങ്കില്‍ ചുരുക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കപ്പെടുന്നവര്‍ ആത്യന്തികമായി കണ്ണിചേര്‍ക്കപ്പെടുന്നത് സാമ്പത്തിക വിതരണ ക്രമത്തിലെ അസന്തുലിതാവസ്ഥയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഗ്രാഫില്‍ തന്നെ

രാജ്യത്തെ താഴ്ന്ന വരുമാനക്കാരും ദരിദ്രരും സാമ്പത്തിക സന്തുലിതാവസ്ഥയുടെ ഗ്രാഫില്‍ ഉള്‍പ്പെടണമെന്ന് മൈത്രി മുതലാളിത്ത (crony capitalism) ത്തിന്റെ പതാകാവാഹകരായുള്ള രാഷ്ട്രീയഭരണ നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍. ഈ പദ്ധതിയുടെ പേരില്‍ത്തന്നെ പ്രകടമാണ് ഈ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്നവര്‍ സ്വത്ത് സ്വരൂപിക്കേണ്ടവരല്ല മറിച്ച് ഉപജീവനം മാത്രം കണ്ടെത്തേണ്ടവരാണെന്ന്. ഇതിനാല്‍ ദാരിദ്ര്യത്തിന്റെയും അര്‍ധ ദാരിദ്ര്യത്തിന്റെയും പിടിയിലമരുന്നവര്‍ അനാരോഗ്യത്തിന്റെ പിടിയിലും അമരുന്നു. ഇത് മാനവ വിഭവശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

ആരോഗ്യമില്ലാത്ത ജനത രാജ്യത്തിന് ആപത്ത്. അത് തൊഴില്‍ മേഖലയെ ബാധിക്കും. ഉല്‍പാദന മേഖലയില്‍ തുച്ഛമായ വേതനം നല്‍കി തൊഴിലാളികളെ വിന്യസിക്കേണ്ടത് അനിവാര്യം. ഇത് തിരിച്ചറിയുന്നിടത്താണ് സ്വത്ത് സമ്പാദിക്കാന്‍ പ്രാപ്തരാക്കാതെ ഉപജീവനത്തിന് മാത്രമായി മഹാഭൂരിപക്ഷത്തെയും കുടുക്കിയിടുന്നത്. അന്നന്നത്തെ അപ്പത്തിന് മാത്രം പണിയെടുക്കുന്ന തൊഴില്‍സേനയെ നിലനിര്‍ത്തുക. ഇതാണ് ദേശീയ ഉപജീവന ദൗത്യ (അജീവിക) ത്തില്‍ ഒളിഞ്ഞിരിക്കുന്ന സാമ്പത്തിക ശാസ്ത്രം.

ഉപജീവനം, ദാരിദ്ര്യ ലഘൂകരണം, സ്വയംതൊഴില്‍ പര്യാപ്തത തുടങ്ങിയവ ലക്ഷ്യംവച്ച് ദേശീയ ഉപജീവന ദൗത്യം. 2017-18 ല്‍ ഇതിനായി മൊത്തം 17,273 കോടി വിലയിരുത്തി. 2016-17 ല്‍ ഇത് 14,807 കോടി. ഇതിനെക്കാള്‍ 16 ശതമാനം കൂടുതലാണ് 2017-18ല്‍. 2017-18ല്‍ നൈപുണ്യ വികസനത്തിന് മാത്രമായി 3016 കോടി വകയിരുത്തി. മുന്‍ സാമ്പത്തികവര്‍ഷത്തിലേത് 2173 കോടി. 250 ദശലക്ഷം വിദഗ്ധ തൊഴില്‍ സേനയെ വാര്‍ത്തെടുക്കുന്നതിനാണ് നൈപുണ്യ വികസന പദ്ധതി ലക്ഷ്യം വച്ചത്. ഇതിന്റെ നടത്തിപ്പില്‍ ഗുരുതരമായ കെടുകാര്യസ്ഥതയും അഴിമതിയും മാറ്റിവയ്ക്കുക. ഇത്രയും വിദഗ്ധര്‍ വാര്‍ത്തെടുക്കപ്പെടുമെന്ന് വാദത്തിന് അംഗീകരിക്കുക. ഇവരെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് തൊഴില്‍ശാലകളിലേയ്ക്ക് കൂട്ടിക്കൊടുക്കുന്നു. ഇങ്ങനെ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് തുച്ഛമായ കൂലിയില്‍ പണിയെടുപ്പിക്കാനുള്ള കൂട്ടിക്കൊടുക്കപ്പെടുന്നവരുടെ എണ്ണം പൊക്കിപ്പിടിച്ച് അത് വന്‍ ഭരണനേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രീയ കൗശലം പ്രയോഗിക്കപ്പെടുമെന്നത് കാണാതെ പോകരുത്.

നികുതിദായകരുടെ പൈസയെടുത്ത് ചെലവ് ചെയ്ത് സൃഷ്ടിക്കപ്പെടുന്ന വിദഗ്ധ തൊഴില്‍സേന ക്ക് പക്ഷേ മോശമല്ലാത്ത ജീവിത നിലവാരം പരിരക്ഷിക്കാവുന്ന സേവന വേതന വ്യവസ്ഥകള്‍ ഉറപ്പിക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരമായി തിരുത്തപ്പെടുകയാണ്. പൊതുഖജനാവില്‍ നിന്ന് പണം ചെലവ് ചെയ്ത് വാര്‍ത്തെടുക്കപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ ഉപജീവനം മാത്രം നടത്തിയാല്‍ മതിയെന്ന തുച്ഛമായ മിനിമം വേതന ഘടന. ഉപജീവനത്തിനായുള്ള കൂലിഘടനയില്‍ നിന്ന് സമ്പാദ്യസ്വത്തു സ്വരൂപണം അസാധ്യം. ഇവിടെയും സാമ്പത്തിക വിതരണത്തിലെ അസന്തുലിതാവസ്ഥയിലെ അന്തരം കൂടുകയാണെന്ന് പ്രകടം.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ച് കഷ്ടിച്ച് ജീവിതം തള്ളിനീക്കുന്നവര്‍ക്ക് നാളെകള്‍ക്കായുള്ള സാമ്പത്തിക ഭദ്രതയേയോ സമ്പാദ്യത്തേയോ സ്വത്തുക്കളെയോകുറിച്ച് ചിന്തിക്കുവാന്‍പോലുമാകുന്നില്ല. രൂക്ഷമായ സാമ്പത്തിക പിന്നാക്കാവസ്ഥയിലകപ്പെടുന്നവരുടെ പെരുക്കം ഞെട്ടിക്കുകയാണ്. അതേസമയം ചെറു ന്യൂനപക്ഷത്തിന്റെ കൈകളില്‍ സമ്പത്ത് അന്തമില്ലാതെ കുമിഞ്ഞുകൂടുന്നു. ഈ അമിതവും അനിയന്ത്രിതവുമായ സ്വത്ത് കേന്ദ്രീകരണം ദാരിദ്ര്യഅര്‍ദ്ധ ദാരിദ്ര്യത്തിന്റെ കടമ്പ കടക്കുവാന്‍ പ്രാപ്തമാക്കാത്ത മിനിമം വേതനം വാങ്ങി ഒരു നേരം ആഹാരം കഷ്ടിച്ച് കണ്ടെത്തുന്നവരുടെ ചെലവിലാണ് താനും. ഇവിടെ സാമ്പത്തിക വിതരണത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് പിറകിലെ സൂക്ഷ്മവും സ്ഥൂലവുമായ ശാസ്ത്രം പഠനവിധേയമാക്കേണ്ടത് അനിവാര്യം. എന്നാല്‍ ഈ ദിശയില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതില്‍ വിപണി സമ്പദ്‌വ്യവസ്ഥ മൗലികവാദികളുടെ സങ്കേതമായ മൈത്രി മുതലാളിത്തത്തിന്റെ വക്താക്കളും പ്രയോക്താക്കളും തയ്യാറല്ല.

കഷ്ടിച്ച് ജീവിച്ച് പോകാന്‍ തുച്ഛമായ മിനിമം വേതനം ലഭ്യമാക്കി വിദഗ്ധ-അവിദഗ്ധ-അസംഘടിത തൊഴില്‍ സേനയെ മൈത്രീ മുതലാളിത്തത്തിന്റെ ഉയര്‍ച്ചയ്ക്കായി ബലികൊടുക്കുകയാണ്. കുറഞ്ഞ കൂലിക്കാരുടെ അദ്ധ്വാന ഫലം കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ ഗ്രാഫല്ല ഉയര്‍ത്തുന്നത്. കൊള്ളലാഭത്തിന്റേതാണ്. ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേക്ക് ദ്രുതഗതിയിലെത്തിച്ചേരുവാനുള്ള മുഖ്യ ഉപാധിയാണ് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ സജ്ജമാക്കപ്പെടുന്ന മാനവ വിഭവശേഷി. ഇവിടെയാണ് ദേശീയ നൈപുണ്യ വികസന ദൗത്യത്തിന്റെ പിന്നാമ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കോര്‍പ്പറേറ്റുകളോടുള്ള ഭരണകൂട വിധേയത്വവും താല്‍പര്യവും വായിച്ചെടുക്കേണ്ടത്. ഉയരുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയും അസന്തുലിതാവസ്ഥയും ആഭ്യന്തര ചോദനത്തെ ബാധിക്കും. അതാകട്ടെ മൊത്തം സാമ്പത്തിക വളര്‍ച്ചാനിരക്കിന് പ്രതികൂലമാകും. ഈ സാമ്പത്തിക ശാസ്ത്രം പക്ഷേ കാണാതെ പോവുകയുമാണ്.
ലഘുവായ്പാ പദ്ധതി
കേന്ദ്ര സര്‍ക്കാര്‍ കണക്കുപ്രകാരം 2012-ല്‍ ഇന്ത്യയുടെ 1.2 കോടി ജനസംഖ്യയുടെ 22 ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴെയാണ്. ക്രയശേഷി ബന്ധപ്പെടുത്തിയുളള ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നത് 23.6 ശതമാനമെന്നാണ്. 1.2 ഡോളര്‍ ദിവസ വരുമാനത്തില്‍ ദിനംപ്രതി ജീവിതം തള്ളിനീക്കുന്നവര്‍ 276 മില്യണ്‍ ജനങ്ങളെന്നും ലോകബാങ്ക് പറയുന്നു.

ദാരിദ്ര്യ ലഘൂകരണ-സ്ത്രീശാക്തീകരണ-സ്വയംപര്യാപ്തതയെന്ന ലക്ഷ്യംവച്ച് രൂപീകരിച്ച ലഘുവായ്പാ പദ്ധതിയുടെ കാര്യമെടുക്കുക. ഇന്ത്യ ലോകത്തിലെ വന്‍ വിപണി. ഇവിടത്തെ ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും ക്രയശേഷി വര്‍ധിപ്പിക്കേണ്ടത് വിപണിയുടെ ചുക്കാന്‍ പിടിക്കുന്നവരുടെ മുഖ്യ അജന്‍ഡ. ഇതിന്റെ ഭാഗമായി ലഘുവായ്പാ പദ്ധതിയെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനായുളള മുഖ്യ മാധ്യമമാക്കി. ഇത് ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയും ഉപഭോഗ സംസ്‌കാരത്തിന് വശംവദരാക്കി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയാണ് ഈ ചുമതലയേല്പിച്ചിരിക്കുന്നത്.

2017 ജൂണ്‍ 17 വരെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ലഘുവായ്പകള്‍ നല്‍കിയിട്ടുള്ളത് 106,832 കോടി രൂപ. ഇതുകൂടാതെ ഇതേ കാലയളവില്‍ പൊതുമേഖല-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ നേരിട്ട് സ്വയം സഹായ സംഘങ്ങള്‍ക്ക് 61580 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് എംഎഫ്‌ഐഎന്‍ഇന്ത്യ.ഒആര്‍ജി എന്ന വെബ്‌സൈറ്റ് പറയുന്നു. നബാര്‍ഡിന്റെ കണക്കുപ്രകാരം പൊതുമേഖല-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മാര്‍ച്ച് 2017 വരെ വിവിധ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുളള വായ്പ 168,779 കോടി രൂപ. കേവലം 2.5 മുതല്‍ 3 ശതമാനം പലിശ നിരക്കിലാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കോടികളുടെ വായ്പ അനുവദിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ലഘുവായ്പ രാജ്യത്ത് സ്വീകരിച്ചിട്ടുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. 2.08 കോടി ജനങ്ങള്‍ ലഘുവായ്പ സ്വീകരിച്ചിട്ടുളളവരാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതു 2016 -17 നേക്കാള്‍ 19 ശതമാനം കൂടുതല്‍.

തുലോം തുച്ഛമായ പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പകള്‍ ദരിദ്രര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വാരിക്കോരിക്കൊടുക്കുന്നു. ദേശീയ തൊഴില്‍ദാന പദ്ധതിയുടെ കേവലം 230 രൂപയോളം ലഭിക്കുന്ന 10.9 കോടി ദിവസക്കൂലിക്കാരും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇരകള്‍. തുച്ഛമായ വേതനത്തില്‍ നിന്ന് ലഘുവായ്പയുടെ വിഹിതവും ഒടുക്കപ്പെടണം. ഇത്തരത്തിലുള്ള വായ്പകളുടെ പിടിവള്ളിയില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സമ്പാദ്യം അതല്ലെങ്കില്‍ സ്വത്ത് സ്വരൂപിക്കണമെന്നത് അസാധ്യം.
പ്രഖ്യാപിത ദാരിദ്ര്യ ലഘൂകരണ-സ്ത്രീശാക്തീകരണ-സ്വയംപര്യാപ്തതാ പദ്ധതി രാജ്യത്തെ മഹാഭൂരിപക്ഷത്തെ ഋണ ബാധ്യതയില്‍ കുടുക്കി കൂടുതല്‍ ദരിദ്രരാക്കുന്നു. വായ്പയില്‍ കുടുങ്ങി തിരിച്ചടക്കാനാവാതെ മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ട് ആന്ധ്രാപ്രദേശിലടക്കം ലഘുവായ്പ സ്വീകരിച്ചവര്‍ ആത്മഹത്യകളില്‍ അഭയം പ്രാപിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.  വന്‍ പലിശ നിരക്കിലുളള വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ചുരുങ്ങിയ വേളയില്‍ തന്നെ വന്‍ ബാങ്കുകളായി പരിണമിക്കുന്ന കാഴ്ച. ദരിദ്ര ജനകോടികളെ പര്യാപ്തരാക്കുവാന്‍ വന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇന്ന് പണം കായ്ക്കുന്ന മരങ്ങള്‍!

മുന്‍കാലങ്ങളില്‍ കേട്ടിരുന്നത് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം. മാറിയ ആഗോള സാമ്പത്തിക ക്രമത്തില്‍ ഇത് ലഘൂകരിച്ച് ദാരിദ്ര്യ ലഘൂകരണമാക്കി. പണ്ടൊക്കെ സ്ത്രീ വിമോചനം (ഫെമിനിസം). ഇപ്പോഴാകട്ടെ സ്ത്രീ ശാക്തീകരണത്തിലേക്ക് (വിമന്‍ എംപവര്‍മെന്റ്) അത് ചുരുക്കി. ഈ ലഘൂകരിക്കല്‍ അല്ലെങ്കില്‍ ചുരുക്കല്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കപ്പെടുന്നവര്‍ ആത്യന്തികമായി കണ്ണിചേര്‍ക്കപ്പെടുന്നത് സാമ്പത്തിക വിതരണ ക്രമത്തിലെ അസന്തുലിതാവസ്ഥയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഗ്രാഫില്‍ തന്നെ.

*representational image