June 5, 2023 Monday

Related news

March 15, 2023
May 21, 2022
May 15, 2022
January 26, 2022
October 31, 2021
November 8, 2020
July 4, 2020
May 21, 2020
April 23, 2020
December 27, 2019

ദേശീയ സരസ് മേള: പ്രകൃതിയെയും മനുഷ്യനെയും കോർത്തിണക്കി വാർലി ചിത്രങ്ങൾ

Janayugom Webdesk
December 26, 2019 8:42 pm

കണ്ണൂര്‍: ജ്യാമിതീയ രൂപങ്ങളിൽ വിരിയുന്ന നേർത്ത ചങ്ങല.അതിൽ കൈ കോർത്തും ആടിപ്പാടിയും അനേകം മനുഷ്യ രൂപങ്ങൾ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികളിൽ ഒരു ജനതയുടെ ജീവിതവും സംസ്കാരവും വരച്ച് ചേർക്കുന്ന വാർലി ചിത്രങ്ങളുമായാണ് മഹാരാഷ്ട്ര സ്വദേശി രാജേഷ് റെഡെ സരസ് മേളയിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗ്രാമീണ ചിത്രരചനാരീതികളിൽ ഒന്നാണ് വാർലി. ഇന്ത്യയുടെ വടക്കൻ സഹ്യാദ്രി മേഖലയിലാണ് ഈ ചിത്ര രൂപങ്ങളുടെ ഉറവിടം. മഹാരാഷ്ട്രയുടെ വാർലി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും ഇഴചേർന്ന പ്രാചീന ചിത്രരചന രീതിയാണിത്.

പ്രകൃതിജന്യമായ നിറങ്ങൾ ചേർത്ത് മൺചുമരുകളിൽ ഇവർ തീർക്കുന്ന പാറ്റേണുകളിൽ തെളിയുന്നത് പൂക്കളും മരങ്ങളും പ്രകൃതി വിഭവങ്ങളും അനുഷ്ഠാനങ്ങളും വേട്ടയാടലും ഒക്കെയാണ്. പുതിയ കാലത്ത് ഏറെ ശ്രദ്ധയാകർഷിക്കുന്ന വാർലി ചിത്രങ്ങളെ ജനകീയമാക്കുകയാണ് രാജേഷ്. കൈ കൊണ്ട് തന്നെ നിർമ്മിച്ച കടലാസിലും ക്യാൻവാസിലും തുണിത്തരങ്ങളിലും ചിത്രങ്ങൾ വരച്ച് മേളയിൽ ശ്രദ്ധേയനാവുകയാണ് ഈ ചെറുപ്പക്കാരൻ.മണ്ണും ചാണകവും അരിപ്പൊടിയും കരിയും ഒക്കെയാണ് നിറങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് രാജേഷ് പറയുന്നു. അക്രിലിക് പെയിന്റ് ഉപയോഗിച്ച് കവറുകൾ, കീചെയ്നുകൾ, തൂവാലകൾ, ടീ ഷർട്ട് എന്നിവയിൽ ആവശ്യക്കാർക്ക് സ്റ്റാളിൽ വെച്ച് ചിത്രങ്ങൾ വരച്ചുനൽകുന്നുമുണ്ട്.

ലൈഫ് ട്രീ, ദേവ് ചൗക് തുടങ്ങി തങ്ങളുടെ ഗ്രാമത്തിന്റെ തനിമ വിളിച്ചോതുന്ന വിഷയങ്ങളിലാണ് ഓരോ ചിത്രവും ഒരുക്കിയിട്ടുള്ളത്. 350 രൂപ മുതൽ മുപ്പതിനായിരം രൂപ വരെയാണ് ചിത്രങ്ങളുടെ വില. പ്രകൃതിയോടും ജീവിതത്തോടും ഏറ്റവും ചേർന്നു നിൽക്കുന്ന ഈ ചിത്രങ്ങൾക്ക് അത്രത്തോളം വൈവിദ്ധ്യവുമുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ചുരുളുകളായി വിരിയുന്ന ചിത്രങ്ങൾക്ക് പറയാനുള്ളതും ആ കഥകൾ തന്നെ. പ്രകൃതിയിൽ നിന്നും തങ്ങൾക്കാവശ്യമുള്ളതിനെ മാത്രം സ്വീകരിച്ച്, ലളിതമായി ജീവിച്ച്, കുഞ്ഞു സന്തോഷങ്ങളെ പോലും ആഘോഷമാക്കി മാറ്റിയ ഒരു ജനതയുടെ നേർച്ചിത്രമാണ് രാജേഷിന്റെ ഓരോ കലാസൃഷ്ടിയും. മഹാരാഷ്ട്രയിലെ അലൊണ്ടെയിൽ താമസിക്കുന്ന രാജേഷും ഭാര്യ രാജശ്രീയും കഴിഞ്ഞ 15 വർഷത്തോളമായി വാർലി ചിത്രരചന രംഗത്തുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.