25 April 2024, Thursday

ദേശീയ സുരക്ഷാ നിയമം; ഉപദേശക സമിതി രൂപീകരിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2022 10:42 pm

ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പരിശോധിക്കുന്നതിനായി മൂന്നംഗ ഉപദേശക സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ട സമിതിക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്. ജസ്റ്റിസ് യോഗേഷ് ഖന്ന ആയിരിക്കും ഉപദേശക സമിതിയുടെ ചെയര്‍മാന്‍ എന്നാണ് ഔദ്യോഗിക വി‍ജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ചന്ദ്ര ധരി സിങ്, രജനീഷ് ഭട്നാകര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. കുറ്റങ്ങളൊന്നും ചുമത്താതെ തന്നെ ഒരു വർഷം വരെ ഒരാളെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന നിയമമാണ് എന്‍എസ്എ.

അയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്ന് പറയാതെ തന്നെ 10 ദിവസവും തടങ്കലില്‍ വയ്ക്കാം. ഇക്കാര്യങ്ങളില്‍ ഇളവുകള്‍ ലഭിക്കണമെങ്കില്‍ ഉപദേശക സമിതിക്ക് തന്നെ അപേക്ഷ നല്‍കണം. അതേസമയം വിചാരണക്കാലയളവില്‍ കുറ്റാരോപിതനായ ആള്‍ക്ക് അഭിഭാഷകനെ അനുവദിക്കില്ല. എന്‍എസ്എ പ്രകാരം അറസ്റ്റു ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങള്‍ മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ സമിതിക്ക് കൈമാറും. ഏഴ് ആഴ്ചയ്ക്കുള്ളില്‍ രേഖകള്‍ പരിശോധിച്ചും തടങ്കലില്‍ ഉള്ള വ്യക്തിയുടെ വാദംകേട്ടും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉചിതമായ കാലയളവിലേക്ക് തടങ്കൽ തുടരാം. മറിച്ചാണെങ്കില്‍ തടങ്കലില്‍ വച്ചിരിക്കുന്ന വ്യക്തിയെ ഉടന്‍ വിട്ടയക്കണമെന്നും വി‍ജ്ഞാപനത്തില്‍ പറയുന്നു. ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 1980 ലാണ് എന്‍എസ്എ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. 2017 മുതല്‍ 2018 വരെ 1,200 പേരെ എന്‍എസ്എ ചുമത്തി അറസ്റ്റു ചെയ്തതായി 2020ല്‍ കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്‍എസ്എ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ തടങ്കലില്‍ വച്ചിരിക്കുന്നത് മധ്യപ്രദേശിലാണ്. ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

2017–18 കാലയളവില്‍ 795 പേരെയാണ് മധ്യപ്രദേശില്‍ തടങ്കലിലാക്കിയത്. ഇതില്‍ 466 പേരെ വിട്ടയച്ചു. 329 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. യുപിയില്‍ 338 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 150 പേരെ വിട്ടയച്ചു. 188 പേര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. 2019 മുതലുള്ള എന്‍എസ്എ തടവുകാരെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

eng­lish summary;National Secu­ri­ty Act; Cen­ter formed an advi­so­ry committee

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.