May 28, 2023 Sunday

ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

Janayugom Webdesk
January 5, 2020 10:39 pm

എളമരം കരീം

2020 ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാന ടേഡ്‌യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു. ജനുവരി ഏഴിന് അർദ്ധരാതി 12 മണി മുതൽ, എട്ടിന് അർദ്ധരാതി 12 മണിവരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമാവും. ദേശീയ ട്രേഡ്‌യൂണിയനുകളും കേന്ദ‑സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്-ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 10, 000 രൂപ വീതം പെൻഷൻ നൽകുക, തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്കനുകൂലമായി ഭേദഗതി ചെയ്യരുത്, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തിവയ്ക്കുക, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ- ദേശവിരുദ്ധ നയങ്ങൾക്ക് വേഗതകൂട്ടി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് 4 കോഡുകൾ ആക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തൊഴിലുടമകൾക്ക് അനുകൂലമായ ഭേദഗതികളാണ് വരുത്തുന്നത്. ഇക്കാര്യത്തിൽ ടേഡ് യൂണിയനുകൾ പ്രകടിപ്പിച്ച എതിർപ്പുകൾ സർക്കാർ അവഗണിച്ചു. മിനിമം വേതന നിയമം, ശമ്പളം കൊടുക്കരുത് സംബന്ധിച്ച നിയമം, ബോണസ് നിയമം, തുല്യ ജോലിക്ക് തുല്യ വേതന നിയമം എന്നിവ പിൻവലിച്ച് ‘കോഡ് ഓൺ വേജ്’ എന്ന നിയമം പാർലമെൻറ് പാസാക്കി. പ്രസ്തുത നിയമം വാഗ്ദാനം ചെയ്യുന്ന മിനിമം വേതനം പ്രതിദിനം 178 രൂപയാണ്. ഒരു ദിവസത്തെ ജോലി സമയം 9 മണിക്കൂറാക്കി. ഒരു ദിവസം പണി മുടക്കിയാൽ എട്ട് ദിവസത്തെ വേതനം പിടിച്ചുവയ്ക്കാൻ തൊഴിലുടമകൾക്ക് അവകാശം നൽകി. മറ്റു മൂന്നു കോഡുകൾ ലേബർ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് കോഡുകളും പാസാക്കാനാണ് നീക്കം. ടേഡ‌്‌യൂണിയൻ നിയമം, വ്യവസായ തർക്ക നിയമം, ഇഎസ്ഐ നിയമം, പിഎഫ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾ നിരാകരിക്കപ്പെടും. ഇന്ത്യൻ തൊഴിലാളികൾക്ക് കടുത്ത ആഘാതം ഏല്പിക്കുന്നതാണ് പുതിയ കോഡുകൾ. പത്രപ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്ന നിയമവും റദ്ദാക്കപ്പെടും. ലാഭകരമായി പ്രവർത്തിക്കുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണ്.

ആയുധ നിർമ്മാണ ഫാക്ടറികൾ (42 എണ്ണം), ബിപിസിഎൽ, ചിത്തരഞ്ജൻ ലോക്കോമോട്ടീവ്, റെയിൽവേ കോച്ച് ഫാക്ടറികൾ, എയർ ഇന്ത്യ, എയർപോർട്ടുകൾ തുടങ്ങിയവയെല്ലാം വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഇവയെല്ലാം സ്വകാര്യ കുത്തകകൾ ചുളുവിലയ്ക്ക് കൈവശപ്പെടുത്തും. വൈദ്യുതി മേഖലയും സമ്പൂർണ സ്വകാര്യവൽക്കരണത്തിന്, നിയമനിർമാണത്തിനൊരുങ്ങുകയാണ്. രാഷ്ട്രസമ്പത്ത് കുത്തകകൾക്ക് തീറെഴുതുകയാണ് മോഡി സർക്കാർ. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂർ ന്യൂസ് പ്രിന്റ്, കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്(അമ്പലമുകൾ), ഹിന്ദുസ്ഥാൻ ലൈഫ് കെയർ, ഇൻസ്ടുമെന്റേഷൻ, ബിഇഎംഎൽ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കാനാണ് കേന്ദ സർക്കാർ തീരുമാനം. തിരുവനന്തപുരം വിമാനത്താവളം വില്പനയ്ക്ക് വച്ചു. തൊഴിലാളികളുടെ സമരവും വില്പനയ്ക്ക് എതിരെയുള്ള കേരള സർക്കാർ നിലപാടും കാരണം മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഇതുവരെ വിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ തിരുവനന്തപുരം-കൊച്ചി റൂട്ടും തിരുവനന്തപുരം-ഗോഹട്ടി റൂട്ടും സ്വകാര്യ തീവണ്ടികൾക്ക് അനുമതി നൽകാൻ തീരുമാനമായി. സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി സമരം നടത്തിവരികയാണ്. ഈ സമരത്തിന് ആവേശവും ആത്മവിശ്വാസവും നൽകുന്ന നിലപാടാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്.

കാർഷികോല്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതിനാൽ കടക്കെണിയിൽ കുടുങ്ങിയ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് രാജ്യത്താകെ ഉയർന്നുവന്ന കർഷകസമരങ്ങളെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. കാർഷികമേഖലയുടെ തകർച്ച ലക്ഷക്കണക്കിന് കർഷകത്തൊഴിലാളികളുടെ ജീവിതം തകർത്തു. വിലക്കയറ്റം രൂക്ഷമാണ്. പെടോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ് മോട്ടോർ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ് ഉള്ളി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കി. പൊതുവിതരണം ശക്തിപ്പെടുത്തണമെന്ന് ആവശ്യം പരിഗണിക്കുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. എൻഎസ്എസ്ഒ റിപ്പോർട്ടിലാണ് ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്. 2014 തെരഞ്ഞെടുപ്പുകാലത്ത് വർഷംതോറും രണ്ടു കോടി വീതം തൊഴിൽ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. 2016 ലെ നോട്ട് നിരോധനം ഒരു കോടി തൊഴിൽ നഷ്ടപ്പെടുത്തി. ജിഎസ്‌ടി ചെറുകിട വ്യവസായ മേഖലയ്ക്ക് ഏല്പിച്ച ആഘാതം വലിയ തൊഴിൽ നഷ്ടമുണ്ടാക്കി. തൊഴിലുറപ്പ് പദ്ധതി നിയമപകാരം നൽകേണ്ട തൊഴിലും കൂലിയും നൽകാൻ കേന്ദസർക്കാർ കൂട്ടാക്കുന്നില്ല. മോഡി സർക്കാരിന്റെ നയങ്ങൾ, രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വ്യവസായ മേഖലയിലെ വളർച്ച മുരടിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. വാഹന ഉല്പാദനവും വില്പനയും കുറഞ്ഞു. ഏകദേശം 10 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടമായി. റിയൽ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ വാങ്ങൽ കഴിവ് ഇടിഞ്ഞത് ഈ പ്രതിസന്ധിയുടെ ആക്കംകൂട്ടി. തൊഴിൽ നഷ്ടപ്പെടുന്നതും കൂലി കുറയുന്നതും കാർഷിക തകർച്ചയും ആണ് കാരണം. അതിനു പരിഹാരം കാണുന്നതിനുപകരം, കോർപ്പറേറ്റ് നികുതി ഇളവ് ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 2019–20 വർഷത്തെ ബജറ്റിൽ സർക്കാർ പ്രതീക്ഷിച്ച നികുതിവരുമാനത്തിൽ 1.45 ലക്ഷം കോടി രൂപയാണ് കുത്തകകൾക്ക് വിട്ടുകൊടുത്തത്. ഏതു സാഹചര്യത്തിലും കോർപ്പറേറ്റുകൾക്ക് സമ്പത്ത് വാരിക്കൂട്ടാൻ അവസരമൊരുക്കുകയാണ് ബിജെപി സർക്കാർ. മോഡി സർക്കാരിന്റെ നയങ്ങൾ തൊഴിലാളികളിലും ജീവനക്കാരിലും കടുത്ത രോഷം ഉളവാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ലയനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഗാമീണ ബ്രാഞ്ചുകൾ പൂട്ടലും ജീവനക്കാരുടെ എണ്ണം കുറയ്ക്കലും വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി, സർക്കാർ ജീവനക്കാരെയും പൊതുമേഖല ജീവനക്കാരെയും രോഷാകുലരാക്കി. റിലയൻസ് ജിയോക്കുവേണ്ടി ബിഎസ്എൻഎല്ലിനെ കേന്ദ്ര സർക്കാർ തകർക്കുന്നതിൽ, ജീവനക്കാർ പ്രക്ഷോഭത്തിലാണ്.

കാർഷിക വ്യവസായ മേഖലയിലെ തകർച്ചയും തൊഴിൽ നഷ്ടവും വാണിജ്യ വ്യാപാര മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. അശാസ്ത്രീയ ജിഎസ്‌ടി സൃഷ്ടിച്ച വിഷമതകൾക്ക് പുറമേയാണിത്. വ്യാപാരികളും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ ജനുവരി എട്ടിന്റെ പണിമുടക്ക് സംസ്ഥാനത്ത് ഉജ്ജ്വല വിജയം ആയി മാറും. വാഹനങ്ങൾ ഓട്ടം നിർത്തുകയും കടകമ്പോളങ്ങൾ സ്തംഭിക്കുകയും ചെയ്യും. കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും സംഘടനകൾ ജനുവരി 8 ന് ഗാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര‑ഗാമ വ്യത്യാസമില്ലാതെ സംസ്ഥാനം നിശ്ചലമാകും. കേന്ദ സർക്കാരിന്റെ നയങ്ങളാൽ ദുരിതം പേറുന്ന മുഴുവൻ ജനവിഭാഗങ്ങളോടും ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ ഐക്യം തകർക്കാൻ, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ബിജെപി ശമം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ഈ ലക്ഷ്യംവച്ചാണ്. കാശ്മീരിന്റെ പത്യേക പദവി എടുത്തു കളഞ്ഞതും, സംസ്ഥാന പദവി ഇല്ലാതാക്കിയതും, ജനങ്ങളിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ്. ഈ ചതി കുഴിയിൽ വീഴാതെ, അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ഐക്യം ശക്തിപ്പെടുത്തണം. വർഗ്ഗ ഐക്യത്തിലൂടെ മാതമേ വർഗീയതയെ ചെറുക്കാനാവൂ. ദേശീയ പണിമുടക്ക് ബിജെപി സർക്കാരിന് കനത്ത താക്കീതാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.