ജനുവരി 8, 9 ദേശീയപണിമുടക്ക്; രാജ്യം നിശ്ചലമാകും

Web Desk
Posted on January 04, 2019, 3:26 pm
തിരുവനന്തപുരം: ജനവിരുദ്ധവുമായ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചും ജനുവരി 8,9 തീയതികളില്‍ രാജ്യമെമ്പാടുമുള്ള എല്ലാവിഭാഗം തൊഴിലാളികളും പണിമുടക്കി പ്രതിക്ഷേധിക്കും. രാജ്യം നിശ്ചലമാകും. കേരളത്തില്‍ 48 മണിക്കൂര്‍ പണിമുടക്കം സമ്പൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ്, തുടങ്ങി സംഘടിതവും അസംഘടിതവും പരമ്പരാഗതവും സേവന മേഖലകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. വ്യാപാര‑വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കും. ജനങ്ങള്‍ പണിമുടക്ക് ദിനങ്ങളില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കുമായി സഹകരിക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ത്ഥിച്ചു.
 ശബരിമല ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലായിരിക്കും പണിമുടക്ക് നടക്കുകയെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി കണ്‍വീനറുമായ കെ പി രാജേന്ദ്രന്‍ പറഞ്ഞു. 2018 സെപ്തംബര്‍ 28 ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെയും ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെയും പ്രതിരോധ മേഖലയിലെ ജീവനക്കാരുടെയും ഫെഡറേഷനുകളുടെയും ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങിയ ജീവനക്കാരുടെയും, സ്വതന്ത്ര സംഘടനകളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരമാണ് ദേശീയ പണിമുടക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
  പ്രതിരോധമടക്കമുള്ള നിര്‍ണായക മേഖലകളില്‍ വന്‍തോതില്‍ വിദേശമൂലധനം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. രാജ്യത്തെ എല്ലാമേഖലയും സ്വകാര്യവല്‍കരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. റോഡ് ഗതാഗത മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ പാസാക്കിയെടുക്കുന്ന തിടുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങളുടെയും രാജ്യത്തിന്റെയും വിഭവങ്ങള്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കും ഭൂപ്രഭുക്കള്‍ക്കുമായും തീറെഴുതുന്നതിനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച അതീവ ഗുരുതരമാണ്. സമ്പദ്ഘടനയാകെ പ്രതിസന്ധിക്കകത്താണ്. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന രൂപത്തിലുള്ള വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും നേതാക്കള്‍ പറഞ്ഞു.
 മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക — സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റ് തുലക്കുന്നത് നിര്‍ത്തലാക്കുക, വന്‍ തോതിലുള്ള കരാര്‍ വല്‍ക്കരണം അവസാനിപ്പിക്കുക, ഐഎല്‍ഒയുടെ 87, 98 കണ്‍വെന്‍ഷന്‍ തീരുമാനം അംഗീകരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കം.
  കഴിഞ്ഞ നാല് മാസക്കാലമായി നടത്തുന്ന നിരന്തര പ്രചരണത്തിനു ശേഷം — കണ്‍വെന്‍ഷനുകള്‍, ജാഥകള്‍, കലാപ്രകടനങ്ങള്‍, വിപുലമായ മറ്റു പ്രചരണ പരിപാടികള്‍ എന്നിവക്ക് ശേഷമാണ് ജനുവരി 8, 9 തീയതികളില്‍ ദേശീയ പണിമുടക്കം നടത്തുന്നത്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൃഷിക്കാരും, കര്‍ഷക തൊഴിലാളികളും, തൊഴിലില്ലാത്ത ചെറുപ്പക്കാരും എല്ലാം രംഗത്തു വന്നിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷ പ്രകടനമെന്ന നിലയില്‍ കേരളത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ട്രെയിന്‍ തടയല്‍ സമരവും നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
  വാര്‍ത്താസമ്മേളനത്തില്‍ വി ജെ ജോസഫ് (ഐഎന്‍ടിയുസി), പി നന്ദകുമാര്‍ (സിഐടിയു), എം കെ കണ്ണന്‍ (എച്ച്എംഎസ്), മാഹീന്‍ അബൂബക്കര്‍ (എസ്ടിയു), സീറ്റ ദാസന്‍ (സേവ), തോമസ് ജോസഫ് (യുടിയുസി), വി കെ സദാനന്ദന്‍ (എഐയുടിയുസി), കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി), കെ എസ് ജോര്‍ജ്ജ് (കെടിയുസി-എം), ഗോപി കൊച്ചുരാമന്‍ (എച്ച്എംകെപി), അഡ്വ. ടി ബി മിനി (ടിയുസിഐ), വി എസ് മോഹന്‍ലാല്‍ (എന്‍ടിയുഐ), എ എസ് രാധാകൃഷ്ണന്‍ (എച്ച്എംകെപി), അജിത് കുരീപ്പുഴ (ടിയുസിസി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.