ജനുവരി 8, 9 തീയതികളില്‍ ദേശീയ പണിമുടക്ക്

Web Desk
Posted on September 28, 2018, 10:24 pm
സംയുക്ത തൊഴിലാളി കണ്‍വന്‍ഷനില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ സംസാരിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 2019 ജനുവരി 8,9 തീയതികളില്‍ ദ്വിദിന ദേശീയ പണിമുടക്ക് സംഘടിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ പ്രമുഖ തൊഴിലാളിസംഘടനകളുടെയും കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വന്‍ഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി, എഐആര്‍എഫ്, എന്‍എഫ്‌ഐആര്‍ എന്നീ തൊഴിലാളി സംഘടനകളും വിവിധ കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമാണ് പണിമുടക്കിന് തീരുമാനിച്ചിരിക്കുന്നത്.

മിനിമം വേതനം നടപ്പിലാക്കുക, സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി ആവിഷ്‌കരിക്കുക, സ്‌കീം തൊഴിലാളികള്‍ക്കുള്‍പ്പെടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റയില്‍വേ, പ്രതിരോധം, ഇന്‍ഷുറന്‍സ്, ടെലികോം, എണ്ണ, ഖനി, പൊതു ഗതാഗതം തുടങ്ങിയ സംഘടിത മേഖലയിലെയും ബീഡി, തെരുവ് കച്ചവടക്കാര്‍, ഗാര്‍ഹിക തൊഴില്‍, ഫാക്ടറികള്‍, റിക്ഷ — ഓട്ടോറിക്ഷ, ടാക്‌സി മേഖലയിലെയും തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് മാവ്‌ലങ്കര്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.
എഐടിയുസി പ്രസിഡന്റ് രാമേന്ദ്രകുമാര്‍, അശോക് സിങ്, എസ് എന്‍ പഥക്, കെ ഹേമലത, ആര്‍ കെ ശര്‍മ, പ്രവീര്‍ ബാനര്‍ജി, ലത, സന്തോഷ് റായി, ശത്രുജിത്ത് സിങ് എന്നിവരടങ്ങിയ പ്രസീഡിയമാണ് കണ്‍വന്‍ഷന്‍ നിയന്ത്രിച്ചത്.

എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍, ഡോ. സഞ്ജീവ റെഡ്ഡി (ഐഎന്‍ടിയുസി), തപന്‍ സെന്‍ (സിഐടിയു), ഹര്‍ബജന്‍ സിങ് സിദ്ദു (എച്ച്എംഎസ്), സത്യവാന്‍ (എഐയുടിയുസി), ജി ആര്‍ ശിവശങ്കര്‍ (ടിയുസിസി), സോണിയ ജോര്‍ജ് (സേവ), രാജീവ് ദിമ്രി (എഐസിസിടിയു), പെച്ചി മുത്തു (എല്‍പിഎഫ്), അശോക് ഘോഷ് (യുടിയുസി), ശിവ ഗോപാല്‍ മിശ്ര (എഐആര്‍എഫ്), ഗുമാന്‍ സിങ് (എന്‍എഫ്‌ഐആര്‍) എന്നിവര്‍ സംസാരിച്ചു.
പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രാദേശികതലം വരെയുള്ള വിവിധ കണ്‍വെന്‍ഷനുകള്‍ നടത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംയുക്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്യും. പണിമുടക്ക് നോട്ടീസ് നല്‍കുന്നതിനും പ്രചരണത്തിന്റെ ഭാഗവുമായി ഡിസംബര്‍ 17 മുതല്‍ 22 വരെ സംയുക്തമായി ധര്‍ണകളും പ്രകടനങ്ങളും ചേരും.