ദേശീയ പണിമുടക്ക്: അധ്യാപകരും ജീവനക്കാരും നോട്ടീസ് നല്‍കി

Web Desk
Posted on December 20, 2018, 7:43 pm

തിരുവനന്തപുരം: ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ജീവനക്കാരും അധ്യാപകരും നോട്ടീസ് നല്‍കി. നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്ത പ്രകടനങ്ങളോടെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലകളില്‍ കളക്ടര്‍മാര്‍ക്കും താലൂക്കുകളില്‍ തഹസില്‍ദാര്‍മാര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുമ്പില്‍ സമാപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ റ്റി സി മാത്തുക്കുട്ടി, സമരസമിതി ചെയര്‍മാന്‍ എന്‍ ശ്രീകുമാര്‍, സംയുക്ത സമരസമിതി ജില്ലാ കണ്‍വീനര്‍ എം എസ് ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നും സിവില്‍സര്‍വ്വീസ് മേഖലയില്‍ പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ച പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കണമെന്നും തൊഴില്‍മേഖലയില്‍ കരാര്‍— കാഷ്വല്‍വല്‍ക്കരണം അവസാനിപ്പിച്ച് സ്ഥിരനിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുകയാണ്.

മുഴുവന്‍ തൊഴിലാളി സംഘടനകളും മുന്നോട്ടുവച്ച ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിലാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന പണിമുടക്കില്‍ സംസ്ഥാന സര്‍വ്വീസിലെ മുഴുവന്‍ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും അഭ്യര്‍ത്ഥിച്ചു.