പൊതുപണിമുടക്കിനെ അപകീര്‍ത്തിപ്പെടുത്തുക നിക്ഷിപ്ത മൂലധന താല്‍പര്യം

Web Desk
Posted on January 09, 2019, 10:06 pm

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഡസന്‍കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും ഇതര തൊഴിലാളികളുടെയും സംഘടനകളുടെയും സംയുക്ത ആഹ്വാനപ്രകാരം നടന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്നലെ പാതിരാത്രിയോടെ സമാപിച്ചു. രാജ്യത്തെ ഇരുപതു കോടിയില്‍പരം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് വന്‍വിജയമായിരുന്നു എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി തൊഴിലാളികളും അവരുടെ സംഘടനകളും ഉന്നയിച്ചുപോരുന്ന ന്യായമായതും ജനജീവിതത്തെ ആകമാനം ബാധിക്കുന്നതുമായ ആവശ്യങ്ങളാണ് വീണ്ടും ഒരു പൊതുപണിമുടക്ക് നിര്‍ബന്ധിതമാക്കിയത്. തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാനോ അര്‍ഥപൂര്‍ണമായ ചര്‍ച്ചക്കോ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് പണിമുടക്കിലേക്ക് നയിച്ചത്. 2018 സെപ്റ്റംബര്‍ 28ന് ഡല്‍ഹിയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ സമ്മേളനമാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. മൂന്നുമാസത്തെ ഇടവേള ലഭിച്ചിട്ടും തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് മുതിരാത്ത കേന്ദ്ര സര്‍ക്കാര്‍ ഫലത്തില്‍ രാജ്യത്തിന്റെമേല്‍ പൊതുപണിമുടക്ക് അടിച്ചേല്‍പിക്കുകയായിരുന്നു.

തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങളെക്കാള്‍ ഉപരി ജനജീവിതത്തെയാകെ ബാധിക്കുന്ന പൊതു ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പന്ത്രണ്ടിന അവകാശ പത്രികയുടെ അടിസ്ഥാനത്തിലാണ് ദേശീയ പണിമുടക്ക് നടന്നത്. ഊഹക്കച്ചവടത്തിന് അറുതിവരുത്തി പൊതുവിതരണ സമ്പ്രദായം ശക്തമാക്കി വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്താന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും നിയമലംഘകരെ കര്‍ശനമായി നേരിടുകയും ചെയ്യുക, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അവ. പൊതുമേഖല വിവേചനരഹിതമായി വിറ്റഴിക്കുന്നതിനേയും ഇന്ത്യന്‍ സമ്പദ് ഘടനയെ വിദേശ മൂലധന താല്‍പര്യത്തിന് അടിയറവയ്ക്കുന്നതിനെയും അവകാശപത്രിക എതിര്‍ക്കുന്നു. പണിമുടക്കിന് ആധാരമായ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് മുതിരുന്നതിനു പകരം കരിനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്ക് തകര്‍ക്കാനും പൊലീസിനെയും ഗുണ്ടാസംഘങ്ങളെയും ഇറക്കി തൊഴിലാളികളെ അടിച്ചമര്‍ത്താനുമാണ് സര്‍ക്കാരും വന്‍കിട തൊഴിലുടമകളും ശ്രമിച്ചത്.
പൊതു പണിമുടക്കില്‍ ഉള്‍പ്പെട്ട ജനകീയ‑ജീവല്‍ പ്രശ്‌നങ്ങളെപ്പറ്റി സാന്ദര്‍ഭികമായിപ്പോലും പരാമര്‍ശിക്കാതെ പണിമുടക്ക് ജനദ്രോഹപരവും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാരും വിവിധ നിക്ഷിപ്ത താല്‍പര്യങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുകയുണ്ടായി. മുഖ്യധാര മാധ്യമങ്ങള്‍ ഏറെയും പൊതുപണിമുടക്കിനെയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുക എന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും രാജ്യത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുക എന്നതും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യമല്ല.

കര്‍ഷകത്തൊഴിലാളികളടക്കം പണിയെടുത്ത് ഉപജീവനം കഴിക്കുന്ന പണിയാളുകളും അവരുടെ നിര്‍ധന കുടുംബങ്ങളും അടങ്ങുന്നതാണ് രാജ്യത്തെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും എന്ന വസ്തുത വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. രാജ്യത്തെ ബിസിനസ്-മൂലധന താല്‍പര്യങ്ങളെ സംരക്ഷിക്കുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിരന്നിരുന്ന് ചന്തകളിലും തെരുവോരങ്ങളിലും പച്ചക്കറിയും മത്സ്യവും വില്‍ക്കുന്ന പാവങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കുന്നു. അത്തരം ഉല്‍ക്കണ്ഠകള്‍ ഈ ലോകത്തെ സൈ്വര്യജീവിതം തകര്‍ക്കാന്‍ വന്ന അന്യഗ്രഹ ജീവികളാണ് സമരം ചെയ്യുന്ന കര്‍ഷകരും തൊഴിലാളികളും തൊഴില്‍രഹിതരുമെന്ന പ്രതീതിയാണ് ഉളവാക്കുക. എല്ലാ മനുഷ്യര്‍ക്കും മാന്യമായി ജീവിതം നയിക്കാനാവുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ് തൊഴിലാളി വര്‍ഗത്തിന്റെ ലക്ഷ്യം. മൂലധന ചൂഷണത്തിലൂടെ തങ്ങള്‍ കൈവരിച്ച ആഡംബര ജീവിതവും അതുനല്‍കുന്ന സ്വാതന്ത്ര്യവും മഹാഭൂരിപക്ഷവുമായി പങ്കുവയ്ക്കാനോ അവര്‍ക്ക് അത് ഉറപ്പുവരുത്താന്‍ അല്‍പമെങ്കിലും വിട്ടുവീഴ്ചകള്‍ക്കോ ഉള്ള വൈമനസ്യമാണ് അത്തരക്കാരുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് സായിപ്പിന്റെ ഔദാര്യമായിരുന്നില്ല, മറിച്ച് ആയിരങ്ങള്‍ ചോരചിന്തിയും കാരാഗ്രഹവാസത്തിലൂടെയും കൊടിയ പീഡാനുഭവങ്ങളിലൂടെയും നേടിയെടുത്തതാണെന്ന് അവര്‍ വിസ്മരിക്കുന്നു. അത്തരക്കാരുടെ നിര്‍ദോഷമെന്നു തോന്നാവുന്ന വാചാടോപങ്ങളില്‍ വീണുപോകുന്ന സാധാരണക്കാരെപ്പറ്റി സഹതപിക്കുകയെ നിവൃത്തിയുള്ളു. സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ ബാരിക്കേഡുയര്‍ത്തുന്ന പ്രതിലോമ ശക്തികള്‍ നടത്തിയ ഹര്‍ത്താല്‍ പരമ്പരകളുടെയും ആഭാസകരമായ ഗുണ്ടാവിളയാട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷക ജനതയുടെയും അവകാശ സമരങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ഹര്‍ത്താല്‍ പോലുള്ള ശക്തമായ സമരായുധങ്ങളെ അനവസരത്തിലും നിരുത്തരവാദപരമായും ദുരുപയോഗം ചെയ്യുന്നതിന് ബോധപൂര്‍വം വിരാമമിടാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ, വര്‍ഗ, ബഹുജന പ്രസ്ഥാനങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യണം. അതിലൂടെ മാത്രമെ സമരായുധങ്ങളുടെ കരുത്ത് നിലനിര്‍ത്താനും അവയ്ക്ക് ബഹുജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ആര്‍ജിക്കാനും കഴിയു. അടിച്ചമര്‍ത്തലിന്റെയും അവകാശനിഷേധത്തിന്റെയും പൊതു അന്തരീക്ഷത്തില്‍ പണിമുടക്കമടക്കം സമരായുധങ്ങള്‍ പ്രസക്തമായി തുടരുകതന്നെ ചെയ്യും.