May 26, 2023 Friday

പോരിനുറച്ച് ദേശീയ മഹിളാ ഫെഡറേഷൻ

Janayugom Webdesk
January 4, 2020 9:55 pm

ആനി രാജ, ജനറൽ സെക്രട്ടറി എൻഎഫ്ഐഡബ്ല്യു

ഭരണഘടനാ മൂല്യങ്ങളും സാമുദായിക സൗഹാർദവും അഹിംസയും ലിംഗസമത്വവുമൊക്കെ ചർച്ചാവിഷയമായിരിക്കുന്ന ഘട്ടത്തിലാണ് ദേശീയ മഹിളാ ഫെഡറേഷൻ (എൻഎഫ്ഐഡബ്ല്യു) 21-ാം കോൺഗ്രസ് ഡിസംബർ മാസം അവസാന ദിവസങ്ങളിൽ രാജസ്ഥാനിലെ ജയ്പുരിൽ വച്ച് നടന്നത്. ഡിസംബർ 27 മുതൽ 30 വരെ രാംനിവാസ് മാർഗിലെ രവീന്ദ്ര മഞ്ചിൽ നടന്ന കോൺഗ്രസിൽ രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നായി 603 പ്രതിനിധികളാണ് പങ്കെടുത്തത്. ഇതിൽ 150 ലധികം പേർ യുവതികളായിരുന്നുവെന്നത് പ്രത്യേകതയാണ്. സംഘടനയുടെ വൈ­സ് പ്രസിഡന്റ് ഗാർഗി ചക്രവർത്തി പതാക ഉയർത്തിയ സമ്മേളനം പ്രസിഡന്റ് അരുണ റോയ് ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ, ട്രാൻസ് വിമിൻ എഴുത്തുകാരി രേവതി, ബൻവാരി ദേവി, ലുബ്ന കാദ്രി തുടങ്ങിയവർ സംസാരിച്ചു. രണ്ടാം ദിവസം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മേധ പട്കർ, കവിത ശ്രീവാസ്തവ, കമല ഭാസിൻ, അഞ്ജലി ഭരദ്വാജ്, അമൃത ജോറി, സേജൾ ദന്ത് എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. അരുണ റോയ്, ഗാർഗി ചക്രവർത്തി, കമല സദാനന്ദൻ, പി പത്മാവതി, കുശാൽ ബൗറ, അസോമി ഗോഗോയ്, ദുർഗ ഭവാനി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

ഗാർഹിക തൊഴിലാളികൾ, അങ്കൺവാടി- ആശാവർക്കർമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ക്ഷീ­­­­ര­-പൗൾട്രി — മത്സ്യമേഖലയിൽ ജോലിയെടുക്കുന്നവർ, വീട്ടമ്മമാർ, ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, എൻജിനിയർമാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പ്രതിനിധികളിൽ ഉൾപ്പെടുന്നു. വിവിധ തലങ്ങളിൽ ജനപ്രതിനിധികളായി പ്രവർത്തിക്കുന്നവരും സമ്മേളനത്തിലുണ്ടായിരുന്നു. രാജ്യത്ത് ഇപ്പോൾ പ്രധാന ചർച്ചാവിഷയമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വലിയ ശങ്കകളാണ് പ്രതിനിധികൾ പങ്കുവച്ചത്. നരേന്ദ്രമോഡി സർക്കാരിന്റെ വർധിച്ച ഭൂരിപക്ഷത്തോടെയുള്ള രണ്ടാം വരവ് രാജ്യത്തെ മതേതര, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കും അവ പിന്തുടരുന്ന എല്ലാ മത, ജാതി, വർഗ, ലിംഗ വിഭാഗങ്ങൾക്കും വലിയ വെല്ലുവിളിയാണുയർത്തുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു ബലാത്സംഗം നടക്കുന്നു. സ്ത്രീകളാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും അരക്ഷിതരായിട്ടുള്ളത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ പുതിയ സർവേ പ്രകാരം സ്ത്രീകളെ സംബന്ധിച്ച് ലോകത്ത് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്.

ഇപ്പോൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം മതേതര മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സ്വാതന്ത്ര്യസമരപാരമ്പര്യവും എല്ലാം വെല്ലുവിളിക്കപ്പെടുന്നതാണെന്നും സമ്മേളനം വിലയിരുത്തി. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഉപേക്ഷിക്കുക, വനിതകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 28 ന് മണിപ്പൂരിലെ ജനങ്ങളോടും 29 ന് കശ്മീർ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള പ്രത്യേക സമ്മേളനവും ചേർന്നു. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് സഖി ദേവിയും അഞ്ജലി ഭരദ്വാജും കശ്മീരിനെ കുറിച്ച് സെയ്ദ ഹമീദ്, മിസ്രാബ്, നസീംഖാൻ എന്നിവരും സംസാരിച്ചു. ദേശീയ പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെ ദേശീയ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നതിനും പ്രാദേശിക തലംവരെ പ്രചരണ ജാഥകൾ ഉൾപ്പെടെ നടത്തുന്നതിനും തീരുമാനിച്ചാണ് സമ്മേളനം സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.