രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷണങ്ങള്‍ വാങ്ങുന്നവര്‍

Web Desk
Posted on September 19, 2019, 11:59 am

ഭാരതീയന്റെ ദേശീയവികാരം ഉണര്‍ത്തുന്നതിന് ‘ജനഗണമന’ എന്ന വിശ്രുതഗാനം നമുക്ക് സമ്മാനിച്ച മഹാകവി രവീന്ദ്രനാഥടാഗോര്‍ ‘ദേശീയത’ യെന്ന അപകടകാരിയായ ‘മഹാമാരി’ യെപ്പറ്റി സ്വാതന്ത്ര്യലബ്ധിക്കുമുന്‍പേ മനസിലാക്കിയിരുന്നു. രത്‌നങ്ങളുടെ വില നല്‍കി നാം ചില്ലുകഷണങ്ങള്‍ വാങ്ങുന്നതിന് തുല്യമാണ് ദേശീയതയില്‍ അഭിരമിക്കുന്നതെന്ന് അദ്ദേഹം അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നുമാത്രമല്ല ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ മൂലക്കല്ല് ദേശീയതയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു.
മതവുമായി കൂട്ടിക്കെട്ടിയ പ്രച്ഛന്നദേശീയതയാണ് ഹിന്ദുത്വവാദികളുടെ തുറുപ്പുചീട്ട്. അധികാരം നേടുന്നതിനും അതുറപ്പിച്ചുനിറുത്തുന്നതിനും കപടദേശീയവാദവും രാജ്യസ്‌നേഹവും മറയാക്കുകയാണ്. ഈ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാകിസ്ഥാനെതിരെ നടത്തിയെന്ന് അവര്‍ അവകാശപ്പെടുന്ന ബലാകോട്ട് ആക്രമണത്തിന്റെ പേരില്‍ രാജ്യത്ത് സൃഷ്ടിച്ച ഊതിവീര്‍പ്പിച്ച രാജ്യസ്‌നേഹവും ദേശീയവികാരവുമെല്ലാം ഇതിന്റെ ആസൂത്രിതപ്രകടനങ്ങളാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലായാലും അസം പൗരത്വപ്രശ്‌നമായാലും സംഘപരിവാരശക്തികള്‍ ലക്ഷ്യംവയ്ക്കുന്നത് ഒന്നുതന്നെ. ഹിന്ദുത്വ ദേശീയത ഊതിപ്പെരുപ്പിക്കുകയെന്നുള്ളതാണ്.
ഫ്രഞ്ച് വിപ്ലവത്തിനുശേഷം യൂറോപ്പില്‍ രൂപംകൊണ്ട ദേശീയതയെന്ന വികാരം ഇന്ത്യയില്‍ രൂപംകൊള്ളുന്നതിന് പിന്നെയും കാലമെടുത്തു. ബ്രിട്ടീഷ് അധിനിവേശവും സ്വാതന്ത്ര്യസമരവുമാണ് ഭാരതീയര്‍ എന്ന സങ്കല്‍പം ഇന്ത്യക്കാരില്‍ രൂപപ്പെടാന്‍ ഇടയായത്. ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറ്റവും തടസം ഭാരതത്തിലെ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ ജാതീയതയാണ്. ശ്രേണിബദ്ധമായ അസമത്വം അടിച്ചേല്‍പ്പിക്കപ്പെട്ട ഹിന്ദുമതത്തിനകത്തെ ഈ മനുഷ്യവിരുദ്ധ പ്രസ്ഥാനത്തിന് ഊനം തട്ടാത്ത വിധത്തിലുള്ള ദേശീയതാ സങ്കല്‍പമാണ് ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്നത്. ബ്രിട്ടീഷ് അധിനിവേശം നിലനില്‍ക്കെ തന്നെ ഹിന്ദു സമൂഹത്തിന്റെ മുഖ്യശത്രു മുസ്‌ലീമാണെന്ന് പ്രഖ്യാപിച്ച ബജിംചന്ദ്രന്റെ നിലപാട് പിന്‍പറ്റിക്കൊണ്ടാണ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ന്നു വികസിച്ചത്. ബ്രിട്ടീഷ് അധിനിവേശം ഇല്ലാതാകുകയും പാകിസ്ഥാന്‍ എന്ന മുസ്‌ലീം രാഷ്ട്രം ഇന്ത്യയെ പിളര്‍ന്ന് ഉണ്ടാവുകയും ചെയ്തതോടെ ഹിന്ദുത്വശക്തികള്‍ക്ക് കൂടുതല്‍ സുവര്‍ണ്ണാവസരം സൃഷ്ടിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ ഒരുവിഭാഗം ഉയര്‍ത്തിയ ആധുനികതാവാദത്തിലൂടെ ഉയര്‍ന്നുവന്ന പൗരബോധവും ഭരണഘടനയും ജനാധിപത്യവും ഒരു പരിധിവരെ അഞ്ചാറ് പതിറ്റാണ്ട് വരെ നിലനിന്നെങ്കിലും അതിനെ മറികടന്ന് ഹിന്ദുത്വ ദേശീയബോധത്തിലേയ്ക്ക് പരകായപ്രവേശം നേടുന്നതിനുള്ള അനുകൂല അന്തരീക്ഷം സംഘപരിവാരശക്തികള്‍ക്ക് ഉണ്ടായിരിക്കുകയാണ്.
ഒരു പൊതുഭാഷ, പൊതു ജീവിതരീതി, പൊതു മാനസിക പ്രകൃതി, പൊതു സംസ്‌കാരം എന്നിവയോടു കൂടി ഒരു നിശ്ചിതഭൂഭാഗത്ത് അധിവസിച്ചുവരുന്ന ജനവിഭാഗങ്ങളുടെ കൂട്ടായ്മയില്‍ വികസിച്ചു വരുന്നതാണ് ദേശീയതയെന്ന് ലെനിന്‍ ദേശീയതയെപ്പറ്റി നിര്‍വ്വചിക്കുന്നു. ദേശം ഒരാദര്‍ശമായി മാറുമ്പോഴാണ് ദേശീയതയും ദേശീയതാവാദവും ഉത്ഭവിക്കുന്നത്. ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രചോദനമായി വര്‍ത്തിച്ച പ്രശസ്ത ചിന്തകന്‍ റൂസ്സോ മറ്റെന്തിനെക്കാളും വിലമതിക്കുന്നതാണ് മാതൃരാജ്യത്തോടുള്ള കൂറെന്ന് പലവട്ടം പറഞ്ഞിരുന്നു. എന്നാല്‍ യൂറോപ്പില്‍ നിന്നും വ്യത്യസ്തമായി സാംസ്‌കാരിക ബഹുത്വമുള്ള ഭാരതത്തില്‍ ദേശീയത വേദങ്ങളുടെ കാലം മുതല്‍ക്കേ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു ദേശീയതയാണെന്നും സംഘപരിവാരചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.
ഏതെങ്കിലുമൊരു ഭൂപ്രദേശവുമായി ബന്ധമില്ലാത്തതും എന്നാല്‍ സംസ്‌കൃത സാഹിത്യ വ്യവഹാരം മൂലം ‘അഖിലേന്ത്യാ കോസ്‌മോ പൊളിറ്റിസിസ’ ത്തിന്റെ ഉല്‍പ്പന്നമായി ഉണ്ടായതാണ് ഭാരതമെന്ന സങ്കല്‍പമെന്ന് ജെ രഘു, ‘ഹിന്ദുത്വഫാഷിസം — ചരിത്രവും സിദ്ധാന്തവും’ എന്ന കൃതിയില്‍ സ്ഥാപിക്കുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ സംസ്‌കൃത സാഹിത്യങ്ങളിലെ പ്രമേയ പ്രതിപാദനങ്ങള്‍ ആധുനികകാലത്തും ഒന്നു തന്നെയായിരുന്നു. ആര്യന്മാര്‍ സൃഷ്ടിച്ച പ്രാചീനമിത്തുകള്‍, ദേവാസുരയുദ്ധങ്ങള്‍, യാഗങ്ങള്‍, മഹാഭാരതയുദ്ധം, രാമകഥ, അവതാരങ്ങള്‍ എന്നിവയാണത്. അതുകൊണ്ട് അതിപ്രാചീനകാലം മുതല്‍ക്കു തന്നെ ഒരു വിശുദ്ധ വൈദികപാരമ്പര്യത്തിന്റെ ഉടമകളാണ് തങ്ങളെന്ന വികാരം ഉണര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ സംസ്‌കൃതസാഹിത്യ ശൃംഖലയിലെ പങ്കാളികളായിരുന്ന ബ്രാഹ്മണരിലും മറ്റു സവര്‍ണ്ണരിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന ഒരു ഭൂദേശ സാംസ്‌കാരിക ഭാവുകത്വത്തെയാണ് ഭാരതം, ആര്‍ഷഭൂമി, ഋഷിസംസ്‌കാരം, ഹിന്ദുസംസ്‌കാരം എന്നൊക്കെ വിശേഷിപ്പിക്കുന്നത്.
സംസ്‌കൃത കൃതികളിലെ ഭാരതവര്‍ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യാഗശാലകള്‍, പുണ്യസങ്കേതങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവയുടെ ശൃംഗലയെയാണ്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ ഒരു ഏകീകൃത ഇന്ത്യ എന്ന രാജ്യസങ്കല്‍പ്പം സംഭാവന ചെയ്യുന്നത് ബ്രിട്ടീഷ് അധിനിവേശത്തിനുശേഷമാണ്. അതിനുമുമ്പുള്ള ഇന്ത്യ കീഴടക്കുകയും കീഴടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന പരസ്പരം പോരടിച്ചുകൊണ്ടിരുന്ന രാജാക്കന്മാരുടെ അധീനതയിലുള്ള ചെറു ചെറു ഭൂവിഭാഗങ്ങളുടെ ഉപഭൂഖണ്ഡം മാത്രമായിരുന്നു. പരസ്പരം മത്സരിച്ചിരുന്ന ഈ രാജാക്കന്മാരോ ജനങ്ങളോ ഈ ഭാരതവര്‍ഷത്തിന്റെ ഭാഗമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
എന്നാല്‍ ആര്‍എസ്എസ്സിന്റെ രണ്ടാമത്തെ സര്‍ സംഘചാലക് ആയ എംഎസ് ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ പറയുന്നത് നോക്കൂ. ‘വടക്ക് ഹിമാലയം മുതല്‍ കിഴക്ക് തെക്കു പടിഞ്ഞാറുമായി വ്യാപിച്ചുകിടക്കുന്ന അതിന്റെ ശാഖകളും ആ മഹാശാഖകളില്‍പ്പെട്ട പ്രദേശങ്ങളും അടക്കം ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടെ തെക്കന്‍ സമുദ്രം വരെ നീണ്ടുകിടക്കുന്ന നമ്മുടെ രാജ്യം പ്രകൃതിദത്തമായ ഒരൊറ്റ ഏകകമാണ്. ഈ മണ്ണിന്റെ കുഞ്ഞായി നന്നായി ഉരുവപ്പെട്ട നമ്മുടെ സമൂഹം ഇവിടെ ആയിരക്കണക്കിന് വര്‍ഷങ്ങളായി ജീവിച്ചുപോരുന്നു. ആ സമൂഹം ഹിന്ദുസമൂഹമെന്നാണ് അറിയപ്പെട്ടുപോരുന്നത്. മാതൃഭൂമിയോടുള്ള സ്‌നേഹം അര്‍പ്പണമനോഭാവം എന്നിവയുടെ മാനദണ്ഡങ്ങളും പാരമ്പര്യങ്ങളും ഏര്‍പ്പെടുത്തിയത് ഹിന്ദുജനതയുടെ പൂര്‍വ്വസൂരികളാണ്. അവര്‍ തന്നെയാണ് മാതൃഭൂമിയുടെ പവിത്രതയും ഉദ്ഗ്രഥിത സ്വഭാവവും സംരക്ഷിക്കാന്‍ ജീവരക്തം നല്‍കിയിട്ടുള്ളത്. ഇവയെല്ലാം ചെയ്തിട്ടുള്ളത് ഹിന്ദുജനതയാണ്. ഈ മണ്ണിന്റെ കുഞ്ഞായി ഇവിടെ പാര്‍ത്തുപോരുന്നത് ഹിന്ദു മാത്രമാണെന്നാണ് അതിന്റെ അര്‍ത്ഥം.’
ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ഹിന്ദുത്വദേശീയതയെ ഗാന്ധിജിയും നെഹ്‌റുവും ടാഗോറും മുന്‍പേ തന്നെ തള്ളിക്കളഞ്ഞതാണ്. എന്നുമാത്രമല്ല ദേശീയത അപകടകരമായ സങ്കല്‍പ്പമാണെന്ന് അവര്‍ കരുതിയിരുന്നു. ടാഗോര്‍, ഹിന്ദുക്കളുടെ ജാതിസിദ്ധാന്തമനുസരിച്ചുള്ള കര്‍ശനമായ നിയമത്തിനുകീഴില്‍ ആചരിച്ചുപോന്ന ഉച്ചനീചത്വങ്ങള്‍ കാരണം നമ്മുടെ നാടിന് ഒരിക്കലും ഒരു രാഷ്ട്രമായി തീരാനാവില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ ‘നാഷണലിസം’ എന്നകൃതിയില്‍ പറയുന്നു. ‘അത് (രാഷ്ട്രം) സാമൂഹികമായ അടിമത്തത്തിന്റെ ഇടിഞ്ഞു പുതയുന്ന മണല്‍ത്തിട്ടയിലാണ് നിലകൊണ്ടത്. അത് നമ്മുടെ സാമൂഹ്യസ്ഥാപനങ്ങളിലെ നമ്മെ നയിക്കുന്ന ജഡാവസ്ഥയിലുള്ള നമ്മുടെ രാഷ്ട്രീയത്തില്‍ ചലിക്കാത്ത ചുവരുകളുള്ള ജയിലറകള്‍ സൃഷ്ടിക്കും. അധഃസ്ഥിതത്വത്തിന്റെ ക്രൂരമായ നുകം മനുഷ്യവംശത്തിന്റെ ഗണ്യമായ ഒരു വിഭാഗത്തിന്റെ തോളത്ത് വച്ചുകെട്ടാനുള്ള സഹാനുഭൂതിയില്ലായ്മയുടെ സങ്കുചിതത്വം നമ്മുടെ രാഷ്ട്രീയത്തില്‍ തന്നെ അനീതിയുടെ സ്വേച്ഛാധിപത്യം സൃഷ്ടിക്കലാണ്.”
ആധുനികതയോട് എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ടാഗോര്‍ കാലദേശഭേദങ്ങള്‍ക്കതീതമായി അതിരുകളില്ലാത്ത മാനവീകതയ്ക്കു വേണ്ടി നിലകൊണ്ട കവിയും മഹാനുഭാവനുമായിരുന്നു. നവോത്ഥാനത്തിന്റെ ചിറകിലേറിയ യൂറോപ്യന്‍ ക്ലാസിസത്തേയും ഇന്ത്യന്‍ ക്ലാസിസത്തേയും ഒരുപോലെ അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറായി. ജനഗണമനയുടെ എന്നത്തേയും വിമര്‍ശകരായിരുന്നു ഹിന്ദുത്വ വാദികള്‍. ഹിന്ദുരാഷ്ട്രം എന്ന ഹിന്ദു ദേശീയതയുടെ നിരാസമായിട്ടാണ് ആ ഗാനത്തെ അവര്‍ വീക്ഷിച്ചിരുന്നത്. ദേശീയതയെന്ന നിരര്‍ത്ഥകതയെക്കുറിച്ച് ടാഗോര്‍ ഒരിടത്തു പറയുന്നത് നോക്കൂ. ഞാന്‍ എന്റെ രാജ്യത്തെ സേവിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരാധിക്കുന്നത് രാജ്യത്തെക്കാള്‍ എത്രയോ മഹത്തായ നന്മയെയാണ്. രാജ്യത്തെ ദൈവമായി ആരാധിക്കുകയെന്നാല്‍ രാജ്യത്തെ ശപിക്കുകയെന്നാണര്‍ത്ഥം.
ദേശീയതയുടെ മതിലുകളാല്‍ ശിഥിലമാകാത്ത ലോകത്തെയാണ് ടാഗോര്‍ സ്വപ്‌നം കണ്ടിരുന്നത്. മനുഷ്യന്റെ ധാര്‍മ്മികതയെയും സര്‍ഗ്ഗാത്മകതയെയും തകര്‍ക്കുന്ന ആത്മാവില്ലാത്ത സംഘടനയായാണ് ദേശീയതയെ ടാഗോര്‍ വിഭാവനം ചെയ്യുന്നത്. മനസ് നിര്‍ഭയവും ശിരസ് ഉയര്‍ത്തിപ്പിടിച്ചതുമായ ദേശീയതയുടെ മതിലുകളാല്‍ വിഭജിക്കാത്തതുമായ ധീരവും സുന്ദരവും നൂതനവുമായ ലോകത്തിലേയ്ക്ക് തന്റെ രാജ്യം ഉയരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മനുഷ്യരാശിയുടെ നന്മ ലാക്കാക്കി നാം ഉണര്‍ന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. തിന്മയുടെ മഹാമാരിയാണ് ദേശീയത. വര്‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ അതിന്റെ ധാര്‍മ്മിക തേജസിനെ വിഴുങ്ങുന്ന മഹാമാരി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹിന്ദുത്വശക്തികള്‍ രാജ്യത്തെ ജനതയ്ക്കുമേല്‍ പെയ്യിക്കുന്നത് ഈ മഹാമാരിയാണ്. അതില്‍ ആപാദചൂഡം മൂടിച്ച് മയക്കി കിടത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെ ചെറുക്കാന്‍ ടാഗോറിന്റെ പ്രബോധനങ്ങള്‍ നമുക്ക് വഴികാട്ടിയാണ്.