19 April 2024, Friday

രാമനവമി ഘോഷയാത്രയ്ക്കിടെ രാജ്യവ്യാപകമായി സംഘര്‍ഷം: ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മധ്യപ്രദേശില്‍ നാലുവീടുകള്‍ക്ക് തീവച്ചു

Janayugom Webdesk
അഹമ്മദാബാദ്
April 11, 2022 10:11 am

രാമനവമി ഘോഷയാത്രക്കിടെ രാജ്യത്ത് വ്യാപകമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായത്. ഗുജറാത്തില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. സബർകാന്ത ജില്ലയിലെ ഹിമ്മത്‌നഗർ നഗരത്തിൽ നടന്ന പരിപാടിക്കിടെയും സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്.

രണ്ട് സ്ഥലങ്ങളിലും കല്ലേറും തീവെപ്പും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 65 വയസ് പ്രായം വരുന്ന അജ്ഞാതന്റെ മൃതദേഹം ഖംഭാട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ടന്‍റ് അജിത് രാജ്യൻ അറിയിച്ചു. ഏതാനും കടകൾ അക്രമികൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ് പി അറിയിച്ചു. ഹിമ്മത് നഗറിൽ ഉണ്ടായ സംഘർഷത്തിൽ വാഹനങ്ങൾ തകർക്കപ്പെടുകയും കടകൾ അഗ്നിക്കിരയാക്കുകയും ചെയ്തെന്ന് സബർകാന്ത പൊലീസ് സൂപ്രണ്ടന്‍റ് വിശാൽ വഗേല പറഞ്ഞു. സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധയിടങ്ങളില്‍ കല്ലേറുണ്ടായതായും അക്രമികള്‍ നാല് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടതായും പൊലീസ് പറഞ്ഞു. ബംഗാളിലെ ഹൗറയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Nation­wide clash­es dur­ing Ram Nava­mi pro­ces­sion: One killed in Gujarat, four hous­es set on fire in Mad­hya Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.