തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

Web Desk

ന്യൂഡൽഹി/തിരുവനന്തപുരം

Posted on May 22, 2020, 9:57 pm

ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വൻവിജയം. രാജ്യത്തെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തൊഴിലിടങ്ങളിലും പ്രധാന നഗരങ്ങളിലുമായി അയ്യായിരത്തോളം കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിനുപേർ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങളും സാമൂഹിക അകലവും പാലിച്ച് പ്രതിഷേധത്തിൽ അണിനിരന്നു. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ നിരാഹാര സമരം നടന്നു. എച്ച്എംഎസ് ജനറൽ സെക്രട്ടറി ഹർഭജൻ സിദ്ദു, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, എഐടിയുസി ദേശീയ സെക്രട്ടറി വിദ്യാ സാഗർ ഗിരി, എഐസിസിടിയു ജനറൽ സെക്രട്ടറി രാജീവ് ധിമ്‌രി ഉൾപ്പെടെ നിരവധി ട്രേഡ് യൂണിയൻ നേതാക്കളെ ഡൽഹി രാജേന്ദ്രനഗർ പൊലീസ് അറസ്റ്റ് ചെയ്തു.

എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗറിന്റെ നേതൃത്വത്തിൽ വനിതാ തൊഴിലാളികളടക്കം നൂറുകണക്കിനുപേർ ലുധിയാന മിനി സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിൽ അണിചേർന്നു. ഐഎൻടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി ഹൈദരാബാദിൽ സമരത്തിന് നേതൃത്വം നൽകി. തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് ജോലി സമയം 12 മണിക്കൂറായി ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടം സംഭവിച്ച തൊഴിലാളികള്‍ക്ക് പ്രതിമാസം 7,500 രൂപ വീതം നല്‍കുക, കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി അവരുടെ നാടുകളിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം.

കേരളത്തിൽ 23 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി അഭിവാദ്യം ചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു കൊല്ലത്ത് സമരം ഉദ്ഘാടനം ചെയ്തു.

you may also like this video;