Web Desk

ന്യൂഡൽഹി:

October 28, 2020, 10:36 pm

കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നവംബർ 5 ന് രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം

Janayugom Online

മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്രത്തിന്റെ മൂന്ന് കർഷക നിയമങ്ങളിലും നിർദ്ദിഷ്ട വൈദ്യുതി (ഭേദഗതി) ബിൽ 2020നും എതിരെ 500ഓളം കർഷക സംഘടനകളെ പങ്കെടുപ്പിച്ച് നവംബർ 5 ന് രാജ്യവ്യാപകമായി റോഡ്​ തടയൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ, സംയുക്ത കർഷക സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്ത ഡൽഹിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഓൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​ മാർച്ച്​ സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രതിഷേധ പരിപാടികൾക്ക്​ നേതൃത്വം നൽകുന്നതിനായി വി എം സിങ്​, ബൽബീർ സിങ്​ രാജേവാൾ, ഗുർനാം സിങ്​, രാജു ഷെട്ടി, യോഗേന്ദ്ര യാദവ്​ തുടങ്ങിയവർ ഉൾപ്പെട്ട കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ 26നും 27നും ഡൽഹിയിലേക്ക്​ ദില്ലി ചലോ പ്രക്ഷോഭം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്​ മുന്നോടിയായാണ്​ റോഡ് തടയൽ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകൾക്കും ബിജെപിയുടെ നേതാക്കളുടെയും സഖ്യകക്ഷികളുടെയും ഓഫീസുകൾക്കും വൻകിട കോർപ്പറേറ്റുകൾക്കും മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു.

ദില്ലി ചലോ മാർച്ചിൽ പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകരെ പങ്കെടുപ്പിക്കുമെന്നാണ് കർഷക നേതാക്കൾ അഭിപ്രായപ്പെടുന്നത്. റയിൽ പാളം ഉപരോധിച്ചുള്ള പ്രക്ഷോഭം കർഷകർ അവസാനിപ്പിക്കാതെ പഞ്ചാബിൽ ചരക്ക്​ ട്രെയിനുകൾ ഉൾപ്പെടെ സർവീസ് നടത്തില്ലെന്ന കേന്ദ്ര റയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തെ യോഗം അപലപിച്ചു. റയിൽ രോഖോ പ്രക്ഷോഭം നിർത്തുന്നതായി ഈ മാസം 21ന് തന്നെ അറിയിച്ചിരുന്നിട്ടും റയിൽവേ ചരക്ക് തീവണ്ടി സർവീസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു എന്നാണ് കർഷകർ ആരോപിക്കുന്നത്.

അമൃത്സറിനടുത്തുള്ള ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ തീവണ്ടി തടഞ്ഞുള്ള പ്രക്ഷോഭങ്ങൾ നടക്കുന്നതെന്നും കർഷകർ പ്രസ്താവനയിൽ പറഞ്ഞു. ചരക്ക് ട്രെയിനുകൾ എത്താത്തതിനാൽ പഞ്ചാബിൽ അവശ്യവസ്തുക്കളുടെ കുറവുണ്ടെന്നും രാസവളങ്ങളും മറ്റും ലഭിക്കുന്നതിന് കർഷകർ ബുദ്ധിമുട്ടുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അതുപരിഗണിച്ചാണ് റയിൽ രോഖോ പ്രതിഷേധം ഉപേക്ഷിച്ചത്. എന്നാൽ സർവീസ് പുനരാരംഭിക്കാതെ പ്രതിഷേധക്കാർക്ക് മേൽ പഴി ചാരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണിത്. എന്നാൽ ഇത്തരം ഭീഷണികൾ വിലപ്പോകില്ലെന്നും ഇത് ജനാധിപത്യ സർക്കാരിന് ചേർന്ന നയമല്ലെന്നും കർഷക സംഘടനകൾ ആരോപിച്ചു.

ENGLISH SUMMARY: Nation­wide road block­ade on Novem­ber 5 against the Cen­tre’s anti-peo­ple policies

YOU MAY ALSO LIKE THIS VIDEO