പ്രകൃതി നല്‍കുന്നത് അന്ത്യശാസനം

Web Desk
Posted on August 13, 2019, 10:05 pm

കേരളം അതീവ ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തിന്റെ നീരാളിപ്പിടിയിലാണ്. അത് തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും ഇനിയും അമാന്തിച്ചുകൂട. അതാണ് തൊണ്ണൂറില്‍പ്പരം പേരുടെ മരണം സ്ഥിരീകരിച്ച കവളപ്പാറയും പുത്തുമലയുമടക്കം എണ്‍പതിലേറെ ദുരന്തഭൂമികള്‍ നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ഥ്യം കേരളീയ സമൂഹത്തിനും ഭരണകൂട സംവിധാനങ്ങള്‍ക്കും ഇനി അവഗണിക്കാനാവില്ല. മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന ക്രൂരമായ കയ്യേറ്റത്തെ ലാഭക്കൊതിയുടെ മാത്രം പേരില്‍ ന്യായീകരിക്കുന്നവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞേ തീരൂ. 2018ലെ മഹാപ്രളയം നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അസാധാരണ പ്രകൃതി പ്രതിഭാസമെന്ന് വ്യാഖ്യാനിക്കാനും ആശ്വസിക്കാനുമാണ് നാം ശ്രമിച്ചത്. അത് തെറ്റായിരുന്നു എന്നാണ് 2019 നമ്മോട് വിളിച്ചുപറയുന്നത്.

കഴിഞ്ഞ പ്രളയത്തിന്റെ ജലം വാര്‍ന്നുപോയതോടെ പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം പഴയതുപോലെ തുടര്‍ന്നു. പശ്ചിമഘട്ട മലനിരകളുടെ മുകള്‍ഭാഗത്ത് കൂറ്റന്‍ മണ്ണുമാന്തികളുടെ സഹായത്തോടെ മണ്ണിളക്കി നിരപ്പാക്കി റബറും മറ്റ് വാണിജ്യ വിളകളും കൃഷി ചെയ്യാന്‍ നടത്തിയ ശ്രമമാണ് അനേകം പേരുടെ ദാരുണമായ ജീവനാശത്തില്‍ കലാശിച്ചത്. പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനോ നിയന്ത്രിക്കാനോ ഉദേ്യാഗസ്ഥരൊ ഭരണകൂട സംവിധാനങ്ങളൊ തയാറായില്ല. ഈ സ്ഥിതിവിശേഷം ഇനിയും തുടരാന്‍ അനുവദിച്ചുകൂട. പ്രതിരോധ നടപടികളിലേക്ക് നീങ്ങുന്നതിനൊപ്പം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.

കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ മാറ്റമാണ് കാലാവസ്ഥയില്‍ വരുത്തിവച്ചിരിക്കുന്നത്. വരുംകാലങ്ങളില്‍ അത് തുടരുമെന്നാണ് സമീപകാല അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. പ്രതികൂല പ്രകൃതിപ്രതിഭാസങ്ങളെ നേരിടാന്‍ കരുതലോടെ തയാറെടുത്തേ മതിയാവൂ. മനുഷ്യനിര്‍മിത പാരിസ്ഥിതിക അസന്തുലിതാവസ്ഥകള്‍ പരമാവധി പരിഹരിക്കുന്നതിന് ആസൂത്രിത ശ്രമം കൂടിയേ തീരൂ. മനുഷ്യജീവന്‍ രക്ഷിക്കാനുള്ള എല്ലാത്തരം ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളും അതിനുള്ള തയാറെടുപ്പും അതിപ്രധാനമാണ്. എന്നാല്‍, ദുരന്തങ്ങളെ പ്രതിരോധിക്കാനും അവ ആവര്‍ത്തിക്കുന്നതു തടയാനുമുള്ള മുന്നൊരുക്കം ദുരിതാശ്വാസത്തെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അവിടെയാണ് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്‍കിയ വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. ‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ യുഗങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നാലോ അഞ്ചോ വര്‍ഷം മതി.

അന്ന് ഒരുപക്ഷെ ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍തന്നെ തിരിച്ചറിയും’ 2013ല്‍ പ്രൊഫസര്‍ ഗാഡ്ഗില്‍ നടത്തിയ ഈ പ്രവചനം അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ യാഥാര്‍ഥ്യമായി. ഇക്കൊല്ലം അത് വീണ്ടും ആവര്‍ത്തിക്കുകയാണ്. ഈ മുന്നറിയിപ്പ് കേരളത്തിന് മാത്രം ബാധകമായ ഒന്നല്ല. തമിഴ്‌നാടും കര്‍ണാടകയും ഗോവയും മഹാരാഷ്ട്രയും ഉള്‍പ്പെട്ട പശ്ചിമഘട്ട ശൃംഘലയിലാകെ പ്രകൃതി ദുരന്തം വാരിവിതയ്ക്കുകയാണ്. രാജ്യത്ത് ഈ വര്‍ഷകാലത്ത് മരിച്ചവരുടെ എണ്ണം എണ്ണൂറിന് അടുത്തെത്തി നില്‍ക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അനേകായിരം കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകളെ അപഹസിക്കാനും അവഗണിക്കാനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും മതമേലധ്യക്ഷന്മാരും ലാഭദുര മൂത്ത പ്രകൃതിവിരോധികളും മത്സരിക്കുന്നത് നാം കണ്ടു. കടുത്ത സമ്മര്‍ദത്തിനു വഴങ്ങി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ പിന്നീട് നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു പോലും ഹൃസ്വായുസായി. ഇപ്പോള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളേറെയും ഗാഡ്ഗില്‍ സമിതി ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്.

കാലവര്‍ഷത്തിന്റെ അവശേഷിക്കുന്ന മാസങ്ങളിലും അസ്വസ്ഥജനകമായ ദുരന്തങ്ങളുടെ ആവര്‍ത്തനത്തെപ്പറ്റിയുള്ള ഭയത്തിന്റെ നിഴലിലാണ് ജനങ്ങള്‍. വരും വര്‍ഷങ്ങളിലും സമാനമായ ദുരന്താന്തരീക്ഷമാണ് കാലം കാത്തുവയ്ക്കുന്നതെന്ന ആശങ്കയും അസ്ഥാനത്തല്ല. അതുകൊണ്ടുതന്നെ നാം അവഗണിച്ചു വലിച്ചെറിഞ്ഞ ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുത്ത് പൊടിതട്ടി വായിക്കാന്‍ കേരളം തയാറാവണം. എല്ലാത്തരം നിക്ഷിപ്ത താല്‍പര്യങ്ങളും ഉയര്‍ത്തുന്ന ഉദ്ദണ്ഡവാദങ്ങളെ പ്രതിരോധിക്കാനും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും ജനങ്ങളും ഭരണകൂടവും സന്നദ്ധമാവണം. പ്രകൃതിയെ പരിരക്ഷിച്ചുകൊണ്ടും പരിസ്ഥിതിയെ യഥാവിധി പരിപാലിച്ചുകൊണ്ടും മാത്രമേ നമുക്ക് നിലനില്‍പ്പുള്ളു. അതിന് നാം തയാറാവുന്നില്ലെങ്കില്‍ നിലയ്ക്കാത്ത രോധനത്തിന്റെയും ഒടുങ്ങാത്ത ദുരന്തങ്ങളുടെയും ദിനങ്ങളിലേക്കാവും നാം മുന്നേറുക.