മനീഷ് ഗുരുവായൂര്‍

ഗുരുവായൂര്‍

October 31, 2020, 1:33 pm

ഗുരുവായൂരില്‍ പാചകത്തിന് ഇനി പ്രകൃതിവാതകം; പൈപ്പിടല്‍ ആരംഭിച്ചു

Janayugom Online

മനീഷ് ഗുരുവായൂര്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാ ശക്തി ഒന്നുകൊണ്ട് മാത്രം പൂര്‍ത്തീകരിച്ച ഗെയ്ല്‍ പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിലേക്കും പ്രകൃതി വാതകമെത്തുന്നു. ഇതിന്റെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ക്ക് ഗുരുവായൂര്‍ നഗരപരിധിയില്‍ തുടക്കമായി കഴിഞ്ഞു.

ചാട്ടുകുളം മുതല്‍ കോട്ടപ്പടി വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പൈപ്പ് സ്ഥാപിക്കല്‍ നടക്കുന്നത്. പാചക ആവശ്യത്തിനുള്ള ദ്രവീകൃത ഇന്ധനം പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുടെ കരാറുകാര്‍. മണ്ണില്‍ ഒരു മീറ്റര്‍ ആഴത്തിലാണു പൈപ്പുകള്‍ കുഴിച്ചിടുന്നത്.  പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് മുഴുവനായി പൊളിക്കുന്നില്ല. 400 മീറ്റര്‍ ഇടവിട്ട് കുഴിയെടുത്ത് പകല്‍ സമയങ്ങളില്‍ അതിലൂടെ ആധുനിക ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചു തുരക്കും. രാത്രി വാഹനങ്ങളുടെ തിരക്ക് കുറവുള്ള സമയം പൈപ്പുകള്‍ സ്ഥാപിക്കും. ഇതിനാല്‍ സംസ്ഥാന പാതയില്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നില്ല.

വീടുകള്‍ക്ക് ആവശ്യമായ പാചക വാതകത്തിനു പുറമേ വ്യവസായ മേഖലയിലേക്കും നഗര പ്രദേശത്തെ തന്നെ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും കണക്ഷനുകള്‍ ലഭ്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ ചൊവ്വന്നൂരില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വില്‍ നിന്നാണു പദ്ധതിക്കാവശ്യമായ പ്രകൃതി വാതകം ലഭ്യമാക്കുക. പാചക ആവശ്യത്തിന് വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന എല്‍പിജിയെക്കാള്‍ അപകടസാധ്യത കുറഞ്ഞ വാതകമാണ് പിഎന്‍ജി. വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ ചോര്‍ച്ചയുണ്ടായാല്‍ എല്‍പിജി പോലെ മുറിക്കുള്ളില്‍ തങ്ങിനില്‍ക്കാതെ മുകളിലേക്കു പോകും. അതിനാല്‍ തീപിടുത്തത്തിനുള്ള സാധ്യത കുറവാണ്. എല്‍പിജിയെക്കാള്‍ ചെലവും കുറവാണിതിന്.

you may also like this video