നൗഷാദിന് പ്രവാസികള്‍ നല്‍കുന്ന സമ്മാനങ്ങളെല്ലാം പ്രളയദുരിതാശ്വാസം

Web Desk
Posted on August 19, 2019, 6:22 pm

കെ രംഗനാഥ്

ദുബായ്: ചാക്കുകണക്കിനു പുതുവസ്ത്രങ്ങള്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കു വാരിക്കോരി നല്‍കി വാര്‍ത്താതാരമായ എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര വാണിഭക്കാരനായ നൗഷാദ് യുഎഇ സന്ദര്‍ശനത്തിനെത്തുന്നു. ഇവിടെ നിന്നും തനിക്കു ലഭിക്കുന്ന സമ്മാനങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കും.

നൗഷാദിന്റെ മഹാമനസ്‌കതയെ വാഴ്ത്തി പ്രവാസിലോകത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ദുബായിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയും മലയാളിയുമായ അഫി അഹമ്മദ് നൗഷാദിന് ഒരു ലക്ഷം രൂപ അഭിനന്ദന സൂചകമായി സമ്മാനമായി പ്രഖ്യാപിച്ചു. ഈ തുക നേരിട്ടു നല്‍കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം നൗഷാദിനെ സന്ദര്‍ശിച്ചുവെങ്കിലും തന്റെ നന്മയ്ക്കുള്ള സമ്മാനം നന്ദിപൂര്‍വം നിരസിക്കുകയായിരുന്നു. നൗഷാദിന്റെ നിര്‍ദേശപ്രകാരം ആ സമ്മാനത്തുക അഫി അഹമ്മദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്.

എന്നാല്‍ കുടുംബവുമൊത്ത് തന്റെ അതിഥികളായി യുഎഇ സന്ദര്‍ശിക്കാനുള്ള അഫി അഹമ്മദിന്റെ ക്ഷണം നൗഷാദ് സ്വീകരിച്ചിട്ടുണ്ട്. മഹാമനസ്‌കതയുടെ സന്ദേശം പ്രവാസികള്‍ക്കിടയില്‍ പകരാന്‍ ഈ സന്ദര്‍ശനം ഉതകുമെന്നതുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്നും ഇതിനിടെ ലഭിക്കുന്ന സമ്മാനങ്ങളാകെ ദുരിതമനുഭവിക്കുന്നവര്‍ക്കു നല്‍കുമെന്നും നൗഷാദ് അഫി അഹമ്മദിനെ അറിയിച്ചിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO