സംസ്ഥാന സർക്കാരിന്റെ വയോജന നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നവജീവൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാത്ത 50 ‑നും 65 ‑നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് സ്വന്തമായി വരുമാനമാർഗം കണ്ടെത്തുന്നതിനായുള്ള നവീന സ്വയംതൊഴിൽ പദ്ധതിയാണ് നവജീവൻ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ പരമ്പരാഗത രീതി വിട്ട് വിപ്ലവകരമായ മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. വ്യക്തിഗത വായ്പ എന്നതിലുപരി ജീവിത സായാഹ്നത്തിലെത്തിയവരെ ആത്മവിശ്വാസമുള്ളവരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് നവജീവന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ പരിചയവും വൈദഗ്ധ്യവും ആർജിച്ചിട്ടുള്ള മുതിർന്ന പൗരന്മാരുടെ സേവനം സമൂഹ നന്മക്ക് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നയെന്ന ലക്ഷ്യത്തോടെ ഡേറ്റാബാങ്ക് രൂപീകരിക്കുകയെന്നത് പദ്ധതിയുടെ ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ചു വർഷം ഒട്ടേറെ നൂതന പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ചരിത്രമാണ് എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരെല്ലാം തൊഴിൽ ഇല്ലാത്തവരല്ല. പേരു രജിസ്റ്റർ ചെയ്തവരിൽ എത്ര പേർക്ക് യഥാർത്ഥത്തിൽ തൊഴിലില്ലെന്നു കണ്ടെത്തുന്നതിനായും അവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഏതു മേഖലകളിലാണ് കൂടുതൽ ഇടപെട്ട് ശ്രദ്ധനൽകേണ്ടതെന്നുള്ളകാര്യം മനസ്സിലാക്കുന്നതിനുമായി സർവ്വെ നടത്തും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തവർക്കിടയിൽ നടത്തുന്ന സർവ്വെ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കെഐഎൽഇ സ്ഥാപനം വഴിയാണ് സാധ്യമാക്കുക. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് സർവ്വെ നടത്തുകയും അതിന്റെ വിവരങ്ങൾ മനസ്സിലാക്കി കൂടുതൽ ഫലപ്രദമായി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി കേരളത്തിൽ പത്തു ജില്ലകളിൽ എംപ്ലോയിബിലിറ്റി സെന്റർ പ്രവർത്തിക്കുന്നുണ്ട്. നാല് ജില്ലകളിൽ കൂടി സെന്റർ പ്രവർത്തിപ്പിന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകും. വിവിധ മേഖലകളിലെ തൊഴിലുകളിലേക്ക് ആളുകളെ പ്രാപ്തരാക്കാനും ഉന്നത അവസരങ്ങൾ കൈവരിക്കാനും സെന്ററുകളുടെ പ്രവർത്തനത്തിലൂടെ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡെവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, എംപ്ലോയ്മെന്റ് ഓഫീസർ പി രാജീവൻ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് ഡയറക്ടർ ഡോക്ടർ എസ് ചിത്ര, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം എ ജോർജ് ഫ്രാൻസിസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം സുനിത, മേഖലാ എംപ്ലോയിമെന്റ് ഡെപ്യുട്ടി ഡയറക്ടർ എം ആർ രവികുമാർ എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
ENGLISH SUMMARY: navajeevan programme started
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.