Site iconSite icon Janayugom Online

നവകേരള പരിപാടി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തും: മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം 25 വർഷം കൊണ്ട് മധ്യവർഗ രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നത് നവകേരള പരിപാടിയുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കുന്ന 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നതെന്ന് റിസർവ് ബാങ്ക് തന്നെ പറയുന്നു. വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിന്റെ ഫലമായാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചത്. നാടിനോടും നാട്ടുകാരോടും സർക്കാരിന് പ്രതിബദ്ധതയുള്ളതിനാലാണ് ഇത് സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നമ്മുടെ നാട് പുതിയ കേരളമായി മാറുകയാണ്. ജനങ്ങളുടെയും നാടിന്റെയും ജീവിതനിലവാരമുയർത്തുകയാണ് ല­ക്ഷ്യം. പരമ ദരിദ്ര ഗണത്തിൽ വരുന്നവരുടെ അവസ്ഥയ്ക്ക് നാല് വർഷം കൊണ്ട് മാറ്റം വരുത്താനാണ് പദ്ധതി. അത്തരം ആളുകളുടേയും കുടുംബങ്ങളുടേയും എണ്ണമെടുത്ത് കഴിഞ്ഞു. ഇത്തരത്തിൽ വിവിധ രംഗങ്ങളിൽ സ്വീകരിക്കുന്ന നടപടികളിലൂടെയാണ് നവകേരളം കെട്ടിപ്പടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി കിറ്റിന്റെയും കോടൂർ സഹകരണ സൊസൈറ്റി പുറത്തിറക്കിയ ത്രിവേണി ബ്രാന്റിൽ കൺസ്യൂമർ ഫെഡ് വില്പനയ്ക്കെത്തിച്ച വെളിച്ചെണ്ണയുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മിൽമ സ്‌പെഷ്യൽ ഓണക്കിറ്റിന്റെ വിതരണം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. 

ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. 1,000 രൂപ വില വരുന്ന 13 നിത്യോപയോഗ സാധനങ്ങൾ 462 രൂപയ്ക്കാണ് ഓണച്ചന്തകളിൽ ലഭ്യമാകുക. മറ്റ് സാധനങ്ങൾ 40 ശതമാനം വിലക്കുറവിൽ ലഭിക്കും. കൂടാതെ ജൈവ പച്ചക്കറിയും 396 രൂപ വില വരുന്ന മിൽമയുടെ ആറ് ഇനങ്ങളടങ്ങിയ സ്‌പെഷ്യൽ കിറ്റ് 287 രൂപയ്ക്കും ഓണച്ചന്തയിൽ കിട്ടും. 

Eng­lish Summary:navakerala pro­gram will improve peo­ple’s stan­dard of liv­ing: Chief Minister
You may also like this video

Exit mobile version