നവയുഗം തുണച്ചു; നിയമപോരാട്ടം വിജയിച്ച് അന്‍പഴകന്‍ നാട്ടിലേയ്ക്ക്

Web Desk
Posted on September 08, 2019, 6:03 pm

അല്‍കോബാര്‍: അച്ഛന്റെയോ അമ്മയുടേയോ മൃതദേഹം പോലും കാണാന്‍ കഴിയാതെ, പ്രവാസജോലിയില്‍ തളച്ചിടപ്പെട്ട തമിഴ്!നാട് സ്വദേശി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, സ്‌പോണ്‍സറുമായി നടന്ന നീണ്ടനാളത്തെ നിയമപോരാട്ടം വിജയിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തിരുച്ചി കള്ളക്കുറിച്ചി സ്വദേശിയായ അന്‍പഴകന്‍ ചന്ദിരന്‍ 2012 ലാണ് സൗദി അറേബ്യയിലെ അല്‍കോബാറില്‍ അലൂമിനിയം ഫാബ്രിക്കേറ്റര്‍ ആയി ജോലിയ്ക്ക് എത്തുന്നത്. കമ്പനിയിലെ ജോലി സാഹചര്യങ്ങള്‍ പ്രയാസമേറിയതായിരുന്നു. ആറു വര്‍ഷക്കാലം ജോലി ചെയ്‌തെങ്കിലും, ഒരിയ്ക്കലും ശമ്പളം സമയത്ത് ലഭിച്ചില്ല. ക്രമേണ എട്ടുമാസത്തോളം ശമ്പളം കുടിശികയായി. ഒരിയ്ക്കല്‍ പോലും അവധി നല്‍കിയില്ല. അച്ഛന്‍ മരിച്ചപ്പോള്‍ പോലും, നാട്ടില്‍ പോകാന്‍ അനുവദിച്ചില്ല. പ്രശ്‌നങ്ങള്‍ സ്‌പോണ്‍സറോട് പല തവണ സംസാരിച്ചെങ്കിലും, പരിഹാരമുണ്ടായില്ല.

അന്‍പഴകന്‍ ചില സുഹൃത്തുക്കള്‍ വഴി, നവയുഗം തുഗ്ബ മേഖല ട്രഷററായ പ്രഭാകരനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
പ്രഭാകരന്റെയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്റെയും, പദ്മനാഭന്‍ മണിക്കുട്ടന്റെയും സഹായത്തോടെ അന്‍പഴകന്‍ സ്‌പോണ്‍സര്‍ക്കെതിരെ കോബാര്‍ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സ്‌പോണ്‍സര്‍ ദമ്മാമില്‍ ആയതിനാല്‍, കോടതി കേസ് പിന്നീട് ദമ്മാം ലേബര്‍ കോടതിയിലേയ്ക്ക് മാറ്റി. കോടതിയില്‍ അന്‍പഴകന് വേണ്ടി മഞ്ജു ഹാജരായി വാദിച്ചു. മാസങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്ക് ശേഷം കേസില്‍ അനുകൂലമായ വിധി ഉണ്ടായി. അന്‍പഴകന് കുടിശ്ശിക ശമ്പളവും, സര്‍വ്വീസ് ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നല്‍കി എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സ്‌പോണ്‍സറോട് കോടതി ഉത്തരവിട്ടു.

എന്നാല്‍ സ്‌പോണ്‍സര്‍ കോടതി ഉത്തരവ് നടപ്പാക്കാതെ നീട്ടികൊണ്ടു പോയി. രണ്ടുമാസം മുന്‍പ് അന്‍പഴകന്റെ അമ്മയും മരിച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ അമ്മയുടെ മൃതദേഹവും കാണാന്‍ അന്‍പഴകന് സാധിച്ചില്ല. തുടര്‍ന്ന് മഞ്ജു മണികുട്ടനും മണിക്കുട്ടനും പ്രഭാകരനും കൂടി അല്‍കോബാര്‍ ലേബര്‍ കോടതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മന്‍സൂര്‍ അലി അല്‍ ബിനാലിയുടെ സാന്നിദ്ധ്യത്തില്‍ അന്‍പഴകന്റെ സ്‌പോണ്‍സറെ നേരിട്ട് കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കുടിശ്ശിക ശമ്പളവും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.
സ്‌പോണ്‍സര്‍ വാക്കു പാലിച്ചതോടെ, നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി, അന്‍പഴകന്‍ നാട്ടിലേയ്ക്ക് മടങ്ങി.