23 April 2024, Tuesday

Related news

April 12, 2024
April 9, 2024
April 6, 2024
April 3, 2024
April 2, 2024
March 30, 2024
March 26, 2024
March 23, 2024
March 17, 2024
March 2, 2024

നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു: അസുഖബാധിതയായപ്പോൾ സ്പോൺസർ ഉപേക്ഷിച്ച മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

Janayugom Webdesk
അൽ ഹസ്സ
December 9, 2021 6:47 pm

അസുഖബാധിതയായപ്പോൾ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയായ മലയാളിയ്ക്ക് നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞു. തിരുവനന്തപുരം കുളത്തൂർ മൺവിള ലക്ഷംവീട് കോളനിയിലെ താമസക്കാരിയായ ലത്തീഫാ ബീവി(59)യാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. നാട്ടിൽ ഭർത്താവിന്റെ അസുഖവും അതിനെ തുടർന്നുണ്ടായ ഓപ്പറേഷനും മൂലം ഭർത്താവിന് ജോലി ചെയ്യാനാകാതെ വരികയും ചെയ്തതിനെ തുടർന്ന് മറ്റുള്ളവരുടെ സഹായത്തോടു കൂടിയാണ് സൗദി അറേബ്യയിൽ വീട്ടുജോലിക്കായി വന്നു ചേർന്നത്. കഴിഞ്ഞ 13 വർഷമായി സൗദി അറേബ്യയിലെ അൽ ഹസയിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു അവർ. ഈ അടുത്തകാലത്ത് ലത്തീഫ ബീവിയുടെ മകൾ അസുഖബാധിതയായി മരണപ്പെടുകയുണ്ടായി. എന്നിട്ടും സ്പോൺസർ അവരെ നാട്ടിലേയ്ക്ക് അയച്ചില്ല. എല്ലാ വിഷമതകളും മനസ്സിലൊതുക്കി കഴിയവെ, പെട്ടെന്ന് ഉണ്ടായ കടുത്ത നെഞ്ചു വേദനയുണ്ടായതിനെത്തുടർന്ന് സ്പോൺസർ ലത്തീഫ ബീവിയെ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ ഹൃദയത്തിലെ മൂന്ന് വാൾവുകൾക്കു തടസ്സം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിച്ചു. തുടർന്ന് സ്പോൺസർ പ്രിൻസ് സുൽത്താൻ ഹാർട്ട് ഹോസ്പിറ്റലിൽ ലത്തീഫ ബീവിയെ അഡ്മിറ്റ് ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ, ഇനി ജോലി എടുപ്പിയ്ക്കരുതെന്നും, ഒരുമാസം റസ്റ്റ് എടുത്ത ശേഷം നാട്ടിൽ അയയ്ക്കണം എന്നുമായിരുന്നു ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ലത്തീഫ ബീവിയെക്കൊണ്ട് ഇനി ജോലി എടുപ്പിയ്ക്കാൻ കഴിയില്ലെന്നും,നാട്ടിലേയ്ക്ക് അയയ്‌ക്കേണ്ടി വരുമെന്നും മനസ്സിലായ സ്പോൺസർ പിന്നീട് ആശുപത്രിയിൽ വരികയോ, അവരെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ചികിത്സ പൂർത്തിയായിട്ടും സ്പോൺസർ തിരിഞ്ഞു നോക്കാത്തതിനാൽ ഡിസ്ചാർജ്ജ് ചെയ്യാൻ പോലും കഴിഞ്ഞില്ല. അങ്ങനെ ആരും നോക്കാനില്ലാതെ അനാഥയായി അവർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഈ വിവരം അറിഞ്ഞ നാട്ടിലുള്ള ബന്ധുക്കൾ, കൊല്ലത്തുള്ള ഇമാമുദ്ദീൻ മൗലവി വഴി അൽഹസ്സയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സിയാദ് പള്ളിമുക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു.

സിയാദ് പള്ളിമുക്ക്, സാമൂഹ്യപ്രവർത്തകനായ മണി മാർത്താണ്ഡത്തിനൊപ്പം ആശുപത്രിയിലെത്തി ലത്തീഫ ബീവിയെ സന്ദർശിക്കുകയും, അവസ്ഥ ചോദിച്ചറിഞ്ഞു വേണ്ട നിയമസഹായങ്ങൾ വാഗ്ദാനം ചെയ്യുകയും, അത്യാവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെ ഈ കേസ് നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു. സിയാദും, മണിയും ലത്തീഫ ബീവിയുടെ സ്പോൺസറുമായി ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ലത്തീഫ ബീവിയെക്കൊണ്ട് സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ പരാതി കൊടുപ്പിച്ചു. സ്‌പോൺസറോട് ലത്തീഫ ബീവിയെ ആശുപത്രീയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യിച്ചു ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

അങ്ങനെ കോടതിയിൽ എത്തിയ സ്പോൺസറോട്, ലത്തീഫ ബീവിയെ പ്രതിനിധീകരിച്ചു നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ വാദങ്ങൾക്കൊടുവിൽ, എത്രയും പെട്ടെന്ന് ലത്തീഫ ബീവിയ്ക്ക് എല്ലാ കുടിശ്ശികകളും കൊടുത്തു നാട്ടിലേയ്ക്ക് കയറ്റി വിടണമെന്ന് കോടതി ഉത്തരവിട്ടു. ലത്തീഫ ബീവിയ്ക്ക് കുടിശ്ശിക ശമ്പളവും, ആനുകൂല്യങ്ങളും, ഫൈനൽ എക്സിറ്റും, വിമാന ടിക്കറ്റും നൽകിയെങ്കിലും, കുപിതനായ സ്പോൺസർ വീട്ടിൽ തിരികെ എത്തിയിട്ട്, ഉടനെ തന്നെ വീട്ടിൽ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞു അവരുടെ സാധനങ്ങളൊക്കെ റൂമിനു പുറത്തേയ്ക്ക് എറിഞ്ഞു. വിവരമറിഞ്ഞെത്തിയ സിയാദും നവയുഗം പ്രവർത്തകരും അവരെ കൂട്ടികൊണ്ടു നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ ദമ്മാമിലെ വീട്ടിൽ എത്തിച്ചു. മഞ്ജുവും കുടുംബവും ലത്തീഫ ബീവിയെ കൂടെ താമസിപ്പിച്ചു പരിചരിച്ചു. ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലത്തീഫ ബീവി നാട്ടിലേയ്ക്ക് മടങ്ങി.

ENGLISH SUMMARY:Navayugam helps malay­alee women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.