നവയുഗം സാംസ്ക്കരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, ദുരിതപ്രവാസത്തിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശിയായ രാജ് നാരായൺ പാണ്ഡേയും, മലയാളിയായ സുശീലയും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയ ബീഹാർ പാറ്റ്ന സ്വദേശിയായ രാജ്നാരായൺ പാണ്ഡെയെ ഒരു വർഷമായി കാണ്മാനില്ല എന്നും, കണ്ടെത്താൻ സഹായിക്കണമെന്നും നാട്ടിലുള്ള ബന്ധുക്കൾ ഇന്ത്യൻ എംബസ്സിയ്ക്ക് പരാതി നൽകിയിരുന്നു. എംബസ്സി നിർദ്ദേശിച്ചത് അനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണികുട്ടനും മഞ്ജു മണികുട്ടനും അന്വേഷണം ഏറ്റെടുത്തു. ഏറെ ബുദ്ധിമുട്ടി, ജോലിയില്ലാതെ തെരുവിൽ അലഞ്ഞു നടക്കുകയായിരുന്ന രാജ്നാരായണിനെ അവർ കണ്ടെത്തി.
ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ ആയി പ്രവർത്തനം നിലച്ചതിനാൽ, ശമ്പളമോ, ഇക്കാമയോ ഇല്ലാതെ ആകെ ദുരിതത്തിലായിരുന്നു രാജ്നാരായൺ. വല്ലപ്പോഴും കിട്ടുന്ന ചെറിയ പണികൾ എടുത്തായിരുന്നു അയാൾ പിടിച്ചു നിന്നിരുന്നത്. ആഹാരം കഴിക്കാൻ പോലും വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന അയാൾക്ക്, മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ചു സുബൈക്കയിൽ ഗൾഫ് റെസ്റ്റോറന്റ് എന്ന സ്ഥാപനം നടത്തുന്ന ഷെരീഫ് സൗജന്യമായി ഭക്ഷണം നൽകാൻ ഏർപ്പാട് ചെയ്തു. രാജ്നാരായണിന്റെ സ്പോൺസറുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, കമ്പനി പൂട്ടി സിസ്റ്റം ഒക്കെ സർക്കാർ ബ്ലോക്ക് ചെയ്തതിനാൽ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു സ്പോൺസർ പറഞ്ഞത്. മണിക്കുട്ടൻ ഈ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിച്ചു.
തുടർന്ന് മണിക്കുട്ടൻ രാജ്നാരായണിന് നാട്ടിൽ പോകാനായി ഇക്കാമ എക്സിറ്റ് എക്സ്പൈർ ഫോം പൂരിപ്പിച്ചു, ഇന്ത്യൻ എംബസിയുടെ ലെറ്ററും, സ്പോൺസർന്റെ ലെറ്ററും സഹിതം ഖോബാർ ലേബർ കോർട്ടിൽ സമർപ്പിച്ചു. കോടതിനടപടികളെത്തുടർന്നു ഏതാണ്ട് രണ്ടാഴ്ചയോടെ എക്സിറ്റ് നടപടികൾ പൂർത്തിയായി. . മണികുട്ടന്റെ അഭ്യർത്ഥന മാനിച്ചു ഹൈദരാബാദ് അസ്സോസിയേഷൻ രാജ്നാരായണിന് സൗജന്യമായി വിമാനടിക്കറ്റ് നൽകി. ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹി മിർസ ബൈഗ് രാജ്നാരായണിന് ടിക്കറ്റ് കൈമാറി.
പത്തനംതിട്ട സ്വദേശിനി സുശീല ജുബൈലിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത് മൂന്നര വർഷങ്ങൾക്ക് മുൻപാണ്. മൂന്നു വർഷം കഴിഞ്ഞിട്ടും നാട്ടിൽ വിടാതായപ്പോൾ മുതൽ വിഷമത്തിൽ ആയിരുന്നു. അങ്ങനെ ഏഴെട്ടു മാസം കൂടി കഴിഞ്ഞു. കഴിഞ്ഞ മാസം ഒരു ദിവസം ഈത്തപ്പനയിൽ കേറാൻ വച്ചിരുന്ന കോണി എടുത്തു ഭിത്തിയിൽ ചാരി മുകളിൽ കയറി അവിടുന്ന് താഴേക്കു ചാടി. . കാലു കുഴ തെറ്റി അവിടിരുന്നു പോയ സുശീലയെ അതു വഴി വന്ന സൗദി പോലീസ് കാണുകയും, അവരെ അവിടുന്ന് ജുബൈൽ പോലീസ് സ്റ്റേഷനിൽ എത്തിയ്ക്കുകയും ചെയ്തു. ജുബൈൽ സാമൂഹിക പ്രവർത്തകൻ ഷറഫ് പോലീസ് സ്റ്റേഷൻ മായി ബന്ധപ്പെട്ട് അവരെ ദമ്മാമിൽ വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റി. ഷറഫ് അറിയിച്ചത് അനുസരിച്ചു ഈ കേസ് നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഏറ്റെടുക്കുകയായിരുന്നു.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ മഞ്ജു മണിക്കുട്ടൻ സുശീലയുമായി സംസാരിച്ചു കാര്യങ്ങളൊക്കെ മനസ്സിലാക്കി, ജാമ്യത്തിൽ എടുത്തു വീട്ടിൽ കൊണ്ട് പോയി ശിശ്രൂഷിച്ചു. സുശീലയ്ക്ക് നാട്ടിൽ പോകാനായി മഞ്ജു മണിക്കുട്ടൻ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു കനിവ് സാംസ്ക്കാരികവേദി സുശീലയ്ക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകി. കനിവ് ഭാരവാഹിയായ അബ്ദുൾ ലത്തീഫ് വിമാനടിക്കറ്റ് കൈമാറി.
English summary; navayugam latest updation
You may also like this video;