സങ്കീർണ്ണമായ നിയമകുരുക്കുകൾ അഴിച്ചു; മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്

Web Desk
Posted on February 20, 2018, 9:27 pm
ദമ്മാം: താമസസ്ഥലത്ത് സംഭവിച്ച അപകടത്തിൽപ്പെട്ടു  മരണപ്പെട്ട രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ പരിശ്രമഫലമായി നിയമകുരുക്കുകൾ അഴിച്ച്  നാട്ടിലേയ്ക്ക് കൊണ്ടുപോയി. 
കോഴിക്കോട് സ്വദേശിയായ അജീഷ് അശോകൻ (26 വയസ്സ്), ഇടുക്കി മാങ്കുളം സ്വദേശിയായ ട്വിൻസ് ജോസ് (29 വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയത്. ദമ്മാം സഫ്വയിലെ രണ്ടു വീടുകളിൽ ഹൌസ് ഡ്രൈവർമാരായി ജോലി നോക്കുകയായിരുന്നു. പുറത്തു ഒരേ റൂമിൽ താമസിച്ചിരുന്ന രണ്ടുപേരും, രണ്ടു മാസങ്ങൾക്കു മുൻപ്, താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുമ്പോൾ, എ.സിയിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരണമടയുകയായിരുന്നു. 
അസാധാരണമായ അപകടമരണത്തിൽ നിയമകുരുക്കുകൾ ഏറെ ഉള്ളതിനാൽ, മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനാകാതെ, ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
പോലീസ്, ബാലദിയ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയിലായി ഏറെ നിയമത്തിന്റെ നൂലാമാലകൾ പൂർത്തിയാക്കാൻ ഏറെ ദിവസങ്ങളെടുത്തു. ഷാജി മതിലകത്തിന്റെ നിരന്തരപരിശ്രമങ്ങൾക്ക് ഒടുവിൽ, എല്ലാ നിയമനടപടികളും പൂർത്തിയാക്കി, രണ്ടു മൃതദേഹങ്ങളും എത്തിഹാദ് വിമാനത്തിൽ നാട്ടിലേയ്ക്ക് കയറ്റിവിട്ടു.
അടുത്ത കാലത്തായി വിവാഹിതനായ അജീഷ് അശോകന് ആറുമാസം പ്രായമുള്ള  ഒരു കുട്ടിയുമുണ്ട്. നേരിട്ട് കണ്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാൻ വെക്കേഷന് നാട്ടിൽ പോകാനിരിയ്ക്കുമ്പോഴാണ് അപകടമുണ്ടായത്. ട്വിൻസ് ജോസ് അവിവാഹിതനാണ്.