സംസ്ഥാനത്തിന് പ്രത്യേക പദവിക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് നവീന്‍ പട്‌നായിക്

Web Desk
Posted on May 26, 2019, 8:22 pm

ഭുവനേശ്വര്‍: സംസ്ഥാനത്തിന് പ്രത്യേക പദവിക്കായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രിയും ബിജുജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായിക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളോട് നിര്‍ദേശിച്ചു. പ്രകൃതി ദുരന്തങ്ങള്‍ താണ്ഡവമാടുന്ന സംസ്ഥാനത്തിന് പ്രത്യേക പദവി വേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയതായും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി ചന്ദ്രശേഖര്‍ സാഹു പറഞ്ഞു. പന്ത്രണ്ട് പ്രതിനിധികളാണ് ഒഡിഷയ്ക്ക് ലോക്‌സഭയിലുള്ളത്. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
പ്രത്യേക പദവി സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി സംസ്ഥാനം ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ദൈര്‍ഘ്യമേറിയ കടല്‍ത്തീരമുള്ള സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ തുടര്ക്കഥയാണ്. ദുരന്ത നിവാരണങ്ങള്‍ക്കും മുന്‍കരുതലിനുമായി മതിയായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം പുതിയ അംഗങ്ങളെ ഉപദേശിച്ചു.