Wednesday
20 Feb 2019

നവോത്ഥാന വനിതാ മതില്‍; ഞാനും ഒപ്പമുണ്ട്

By: Web Desk | Thursday 6 December 2018 10:26 AM IST

കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യവും സ്ത്രീപുരുഷ തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടവും പ്രതിലോമ- യാഥാസ്ഥിതികത്വ ശക്തികളുമായുള്ള മുഖാമുഖത്തിന്റെ ചരിത്രസന്ധിയിലാണ്. ആര് എവിടെ നില്‍ക്കുന്നുവെന്നത് ചരിത്രം കേരളസമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. നമുക്ക് തുറന്നുപറയാം നാം എവിടെയാണ്, ആര്‍ക്കൊപ്പമാണ്.

കെപിഎസി ലീല
(അഭിനേത്രി)

ഫാസിസം അതിന്റെ വികൃതമായ ദംഷ്ട്രകള്‍ ഒന്നൊന്നായി പുറത്തെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ട സമയമാണിത്. അടിമത്തത്തില്‍ നിന്നും, അനാചാരങ്ങളില്‍ നിന്നും അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം മോചനം നേടിയത് എണ്ണമറ്റ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവിലാണ്. മാറുമറയ്ക്കാനും വഴിനടക്കാനും ക്ഷേത്രത്തില്‍ കയറാനും തമ്പ്രാക്കന്മാരുടെ അനുവാദം വേണ്ടിയിരുന്ന കറുത്ത കാലത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നടന്നുകയറിയതും എണ്ണമറ്റ പോരാട്ടങ്ങള്‍ക്കൊടുവിലാണ്.

കാലത്തെ പിന്നോട്ടടിക്കാനാണ് രാജ്യത്തെ പുതിയ ഭരണാധികാരവര്‍ഗം ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കാനായി പുരോഗമനപ്രസ്ഥാനങ്ങള്‍ ഒരുക്കുന്ന വനിതാമതിലിന് കാരിരുമ്പിന്റെ ശക്തിയുണ്ടാകട്ടെ എന്നാശംസിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ മഹാമതിലില്‍ സന്തോഷത്തോടെ ഞാനും കണ്ണിയാകും. അത് എന്റെ മാത്രമല്ല, മുഴുവന്‍ സ്ത്രീകളുടെയും ആത്മാഭിമാനത്തെ ഉത്തേജിപ്പിക്കുമെന്ന് നിസംശയം പറയാനാകും.

അഡ്വ. ജെസി സോജന്‍

സ്ത്രീവര്‍ഗ്ഗത്തിന് ചില കടമകള്‍ ജന്‍മനാ അവരോധിച്ചിരുന്നു. അത് അവളുടെ ബലഹീനതകളല്ല മറിച്ച് ഈ ലോകത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്. സ്ത്രീത്വത്തെ നിഷേധിക്കുന്ന ഒരു ആചാരവും സ്ത്രീനന്‍മക്ക് വേണ്ടിയുള്ളതല്ല.ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയുടെ സത്ത സംരക്ഷിച്ച് അവളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുവാന്‍ ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതില്‍ ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. അതോടൊപ്പം തന്നെ ഈ മതിലിന്റെ കണ്ണിയാവുകയും ചെയ്യുന്നു.

ബൃന്ദ
(കവയിത്രി)

മാനവികതയിലധിഷ്ഠിതമായ ഒരു ലോകത്തെ ഞാന്‍ സ്വപ്‌നം കാണുന്നു. സഹജീവികളെ വിവേചനത്തോടെ വീക്ഷിക്കുന്ന ആധുനികര്‍ എന്നവകാശപ്പെടുന്ന സമൂഹമാണ് നമ്മുടേത്. മനുഷ്യവിഭജനത്തിന്റെ മതിലുകള്‍ തകര്‍ക്കുന്നതിന് ഉള്‍ക്കരുത്തിന്റെ ചില മതിലുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മനുഷ്യര്‍ സൗരയൂഥത്തിനു പുറത്ത് കോളനികള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന, ബഹിരാകാശ വിനോദ സഞ്ചാരം നടത്തുന്ന അത്യന്താധുനിക കാലമാണിത്. ഇക്കാലത്തും ജാതി, മത ,വര്‍ഗ്ഗവിവേചനങ്ങളും സ്ത്രീകളുടെ ശരീര ഋതു വസന്തങ്ങളും മനുഷ്യന്‍ മനുഷ്യനെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ഉപാധികളാക്കുന്നു. സമൂഹം പ്രാകൃത വാസനകളെ ഇപ്പോഴും നെഞ്ചേറ്റുന്നുണ്ട് എന്നത് എത്ര ലജ്ജാകരമാണ്.

ഇതിനെതിരെ പ്രതികരണത്തിന്റെ പെണ്‍കരുത്ത് ഉയരേണ്ടതുണ്ട്. സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയാണ് സ്ത്രീ.അഭിമാനത്തിന്റെയും സമത്വത്തിന്റെയും ആകാശം സൃഷ്ടിക്കാന്‍ പെണ്‍മതിലുകള്‍ക്ക് കരുത്തുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.