കടലാഴങ്ങളിൽ വിസ്മയം തീർത്ത് നാവികസേനയും തീരസംരക്ഷണസേനയും

Web Desk
Posted on November 06, 2019, 8:37 pm

കൊച്ചി: കടലാഴങ്ങളിൽ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ വിസ്മയവും അത്ഭുതവും നിറച്ചു. കൊച്ചിയിൽ നിന്ന് 40 കിലോ മീറ്റർ പുറംകടലിൽ നടന്ന അഭ്യാസ പ്രകടനങ്ങളിൽ ഐഎൻഎസ് സുനൈന നാവിക ഓഫീസർമാരുടെ പരിശീലന കപ്പലായ ഐഎൻഎസ് തിർ,തീരസംരക്ഷണസേനയുടെ കപ്പലായ സാരഥി എന്നിവ പങ്കെടുത്തു .

പുറം കടലിൽ സംശയാസ്പദ സാഹചര്യത്തിൽ കാണുന്ന കപ്പലുകളെ തീരദേശസേന കപ്പൽ പിന്തുടരുന്നതും ചെറുബോട്ടുകളിലായി എത്തുന്ന നാവികർ കപ്പലിൽ പ്രവേശിച്ചു പരിശോധന നടത്തുന്നതിന്റെയും കടലിൽ അപകടങ്ങളിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ നാവിക ഹെലികോപ്റ്ററിൽ രക്ഷപെടുത്തി തീരസംരക്ഷണ സേനയുടെ ബോട്ടിൽ എത്തിക്കുന്നതും അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി നടന്നു അടിയന്തര സാഹചര്യങ്ങളിൽ ഒരു കപ്പലിൽ നിന്നും റോപ്പ് വഴി അടുത്ത കപ്പലിലേക്ക് എത്തിക്കുന്ന പ്രകടനത്തിൽ മാധ്യമപ്രവർത്തകരെയും പങ്കാളികളാക്കി.

ഓഖി ദുരന്ത സമയത്തും പ്രളയ കാലത്തും നാവിക സേനയുടെ പ്രവർത്തനം മികച്ചതായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഹാ ചുഴലിക്കാറ്റിൽ ലക്ഷദ്വീപ് തീരത്തു ഒറ്റപ്പെട്ട ബോട്ടുകൾക്കും തുണയായത് നാവികസേനയാണ്. ലക്ഷദ്വീപിനടുത്തുള്ള കടലോരങ്ങൾ വഴി നുഴഞ്ഞു കയറുന്ന വിദേശ മൽസ്യബന്ധന കപ്പലുകളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും തീരസംരക്ഷണ സേന സ്തുത്യർഹമായ പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഈ തീരത്തു വന്ന ഇറാൻ ബോട്ടിനെ തീ രസംരക്ഷണ സേന പിടികൂടിയിരുന്നു.

ചിത്രങ്ങൾ

\