Monday
18 Feb 2019

കോഴിക്കോടിന്റെ മനം കീഴടക്കി നേവി ബാന്റ് സംഗീതരാവ്

By: Web Desk | Saturday 27 January 2018 9:59 PM IST

കോഴിക്കോട്: നവീകരിച്ച മിഠായിതെരുവിനുളള അംഗീകാരമായി റിപ്പബ്ലിക് ദിനത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ ഒരുക്കിയ സംഗീത പരിപാടിയിലൂടെ ഇന്ത്യന്‍ നേവി ബാന്റ് സംഘം കോഴിക്കോടിന്റെ മനം കവര്‍ന്നു. രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും പ്രധാന നഗരങ്ങളില്‍ മാത്രം അരങ്ങേറ്റം നടത്താറുളള നേവി ബാന്റ് സംഘത്തിന്റെ സംഗീത പരിപാടി ആസ്വദിക്കാന്‍ അയിരക്കണക്കിനാളുകളാണ് മിഠായിതെരുവിലും മാനാഞ്ചിറ മൈതാനിയിലും തിങ്ങിനിറഞ്ഞത്. മിഠായിതെരുവിന്റെ വീഥിയിലൂടെ നേവിയുടെ ബ്രാസ് ബ്രാന്റ് സംഘം നടത്തിയ മാര്‍ച്ച് ജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ബ്യൂഗിള്‍, സാക്‌സഫോണ്‍, സൈലോഫോണ്‍, ഫ്‌ളൂട്ട്, എന്നീ വാദ്യോപകരണങ്ങളിലൂടെ ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും കോര്‍ത്തിണക്കി സംഘം പുതിയതും പഴയതുമായ ഹിന്ദി, തമിഴ്, മലയാളം സിനിമാ ഗാനങ്ങള്‍ അവതരിപ്പിച്ചു. വില്യം ഷെക്‌സ് പിയറിന്റെ കൃതിയെ ആസ്പദമാക്കി ജേക്കബ് ഡി ഹാന്‍ ചിട്ടപ്പെടുത്തിയ പ്രണയ ഗാനത്തോടെ സംഗീത രാവിന് തുടക്കം കുറിച്ചു. തുടര്‍ന്ന് റഷ്യന്‍ ചക്രവര്‍ത്തിയുടെ ഉപദേശകനും പ്രണയകഥകളിലെ പ്രതിനായകനുമായ ഗ്രിഗറി റാസ്പുടിന്റെ കഥ പറയുന്ന ബോണിയം ഗാനം അവതരിപ്പിച്ചു. ഗായകനും ഗാനരചയിതാവുമായ ജോര്‍ജ് മിഖായല്‍ ചിട്ടപ്പെടുത്തിയ കെയര്‍ലസ് വിസ്പര്‍ എന്ന ഗാനം ലീഡിംഗ് മ്യൂസിഷന്‍ സി.എസ് റാവു സാക്‌സഫോണിലൂടെ ആസ്വാദകരിലെത്തിച്ചു. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ റോജയിലെ ഗാനം ജാസിഗിഫ്റ്റ് സംഗീതം നല്‍കിയ അരികില്‍ നിന്നാലും…. എന്ന മലയാളം ഗാനം രാജ്കപൂറിന് ട്രീബ്യൂട്ടായി ഒരുക്കിയ ഹിന്ദി ഗാനങ്ങളുടെ രാഗമാലിക എന്നിവയും ആസ്വാദകരുടെ മനം കവര്‍ന്നു. മാസ്റ്റര്‍ ചീഫ് മ്യൂസിഷന്‍ എ പ്രഭാകരന്‍, മ്യൂസിഷന്‍ പെറ്റി ഓഫീസര്‍മാരായ സമീര്‍ ഗുരുംഗ്, എം. സന്തോഷ്, ജെ.എസ് കര്‍ക്കി, അലോഗ്‌ബോര്‍, കെ.ബി സെബാസ്റ്റ്യന്‍, ഡബ്ല്യൂ.എച്ച്.സിംഗ്, ശെയ്ഖ് പി സാഹബ്, ലീഡിംഗ് മ്യൂസിഷന്‍ സി.എസ് റാവു, തുടങ്ങിയവര്‍ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കി.
മുംബൈ ആസ്ഥാനമായുളള ഐ.എന്‍.എസ്. കുഞ്ഞാലി, നേവല്‍ ബാന്റ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ച 25 കലാകാര•ാരാണ് സംഗീത രാവ് ഒരുക്കിയത്. സാമൂതിരിയുടെ പേരിലുളള ഏഴിമല നാവിക അക്കാദമിയില്‍ നിന്നുളള ടീമിന്റെ മേധാവി ലെഫ്റ്റനന്റ് കമാന്റന്റ് രാജേഷ് പാട്ടീല്‍ ആണ്. കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ബാന്റ് സംഘവും പരിപാടിയില്‍ അണിചേര്‍ന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍, ടീമംഗങ്ങളെ അനുമോദിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എ മാരായ ഡോ.എം.കെ മുനീര്‍, എ. പ്രദിപ്കുമാര്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാപ്ടന്‍ രമേശ് ബാബു ടീമിനെ പരിചയപ്പെടുത്തി സംസാരിച്ചു. ടീമംഗങ്ങള്‍ക്ക് ഡി.ടി.പി.സിയുടെ ഉപഹാരം കലക്ടര്‍ സമ്മാനിച്ചു.