അനിൽ അംബാനിയുടെ റിലയന്‍സ് നേവല്‍ ആന്റ് എൻജിനീയറിങ് ലിമിറ്റഡുമായുള്ള 2,500 കോടിയുടെ കരാര്‍ ഇന്ത്യന്‍ നാവികസേന റദ്ദാക്കി. നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി അഞ്ച് നിരീക്ഷണ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ളതായിരുന്നു കരാര്‍.
കപ്പലുകള്‍ കിട്ടാന്‍ വൈകിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ നേവിയുടെ പിന്മാറ്റമെന്നാണ് സൂചന. രണ്ടാഴ്ച മുന്‍പാണ് കരാറില്‍ നിന്ന് നാവിക സേന പിന്മാറിയത്. ഇരുഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. 2011 ലാണ് അഞ്ച് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഗുജറാത്ത് ആസ്ഥാനമായ നിഖില്‍ ഗാന്ധിയുടെ പിപാവാവ് ഡിഫന്‍സ് ആന്റ് ഓഫ്ഷോര്‍ എൻജിനീയറിങ് ലിമിറ്റഡുമായി ഇന്ത്യന്‍ നേവി കരാര്‍ ഒപ്പിട്ടത്.
2015 ല്‍ അനിൽ അംബാനിയുടെ റിലയൻസ് ഇന്‍ഫ്രാസ്ട്രക്ചർ പിപാവാവ് കമ്പനിയെ ഏറ്റെടുത്തു പേര് റിലയന്‍സ് നേവല്‍ ആന്റ് എൻജിനീയറിങ് ലിമിറ്റഡ് എന്നാക്കി മാറ്റി. നിലവില്‍ കമ്പനിക്ക് 11,000 കോടിയുടെ കടമുണ്ട്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിയമനടപടികളെ നേരിടുകയാണ്. ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. കഴിഞ്ഞവർഷം പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.
കടക്കെണിയിലായ ആർഎൻഇഎല്ലിനെ ഏറ്റെടുക്കാന്‍ താല്പര്യം അറിയിച്ച് നിരവധി കമ്പനികള്‍ രംഗത്ത് വന്നിരുന്നു. എപിഎം ടെര്‍മിനല്‍, റഷ്യ ആസ്ഥാനമായ യുണൈറ്റഡ് ഷിപ് ബില്‍ഡിങ് കോര്പറേഷന്, ഹേസല്‍ മെര്‍ക്കന്റൈല്‍ ലിമിറ്റഡ്, അമേരിക്കന്‍ കമ്പനിയായ ഇന്ററപ്സ് തുടങ്ങി 12 ഓളം കമ്പനികളാണ് ഓഗസ്റ്റില്‍ മാത്രം റിലയന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാൽ നാവികസേന കരാറിൽനിന്നും പിന്മാറിയത് കമ്പനി ഏറ്റടുക്കലിനെ ബാധിച്ചേക്കും.