Janayugom Online
NAVAZ Sherif

നവാസ് ഷെറീഫിന്റെ അറസ്റ്റും അഴിമതിയോടുള്ള ബിജെപിയുടെ കാപട്യവും

Web Desk
Posted on July 15, 2018, 9:47 pm

അയല്‍രാജ്യമായ പാകിസ്ഥാനില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം, മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദര്‍ എന്നിവരെ ജയിലില്‍ അടച്ചിരിക്കുകയാണ്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന ഷെരീഫിനെയും മകളെയും പാകിസ്ഥാനില്‍ മടങ്ങിയെത്തിയ ഉടന്‍ ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്താണ് ജയിലില്‍ അടച്ചത്. മുഹമ്മദ് സഫ്ദറിനെ അതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രമാദമായ പനാമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ വിചാരണ നടത്തിയ പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയും കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവുശിക്ഷയുമാണ് വിധിച്ചിരുന്നത്. മറിയം 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും അടയ്ക്കണം.
പനാമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷെരീഫിനെതിരെ പാകിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലാണ് വിധിയിണ്ടായത്. ലണ്ടനിലെ വാണിജ്യ പ്രാധാന്യമുള്ളതും വിലയേറിയതുമായ മേഖലയില്‍ ഫഌറ്റുകള്‍ സ്വന്തമാക്കിയെന്നതാണ് ഈ കേസ്. യഥാര്‍ഥത്തില്‍ ഈ കേസില്‍ ഷെരീഫിനെതിരായ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍എബിക്ക് സാധിച്ചിരുന്നില്ലെങ്കിലും പണത്തിന്റെ സ്രോതസ് ഹാജരാക്കാന്‍ ഷെരീഫിനു കഴിഞ്ഞില്ലെന്നതാണ് ശിക്ഷയ്ക്ക് കാരണമായത്.
രാഷ്ട്രീയ എതിരാളികളെയും മിലിട്ടറി മേധാവികളെയും കേസുകളില്‍പ്പെടുത്തുകയും ശിക്ഷിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്യുകയെന്നത് പാകിസ്ഥാന്റെ പൂര്‍വകാല ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇതിനെയും രാഷ്ട്രീയമായ വേട്ടയാടലായി വ്യാഖ്യാനിക്കാവുന്നതാണ്. പ്രത്യേകിച്ച് പാകിസ്ഥാനില്‍ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷെരീഫിന്റെ അറസ്റ്റെന്നതിനാല്‍ തന്നെ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഷെരീഫിനെതിരായ വിചാരണയും ശിക്ഷാവിധി പോലും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന്റെയും നേട്ടമുണ്ടാക്കുന്നതിന്റെയും ഫലമാണെന്നും നിരീക്ഷണങ്ങളുണ്ട്.
അറസ്റ്റിന് ശേഷം അതിന്റെ സൂചനകള്‍ നല്‍കിയുള്ള പ്രസ്താവനകള്‍ ഉണ്ടായിട്ടുമുണ്ട്. പാകിസ്ഥാനില്‍ നിന്ന് കൊള്ളയടിച്ച 300 ബില്യണ്‍ രൂപ നവാസ് ഷെരീഫ് തിരിച്ചടയ്ക്കണമെന്ന് പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമാക്കി അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. രാഷ്ട്രീയമായി വിലയിരുത്തുമ്പോള്‍ നവാസ് ഷെറീഫിനെതിരായ ശിക്ഷയും അറസ്റ്റും അനന്തരനടപടികളും പാക് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാകാവുന്നതാണ്. പട്ടാള അട്ടിമറികളും ജനകീയ തെരഞ്ഞെടുപ്പുകളും മാറിമാറി പരീക്ഷിക്കപ്പെടുന്നൊരു രാജ്യത്ത് സ്വാഭാവികമായുണ്ടാകാവുന്ന ഒരു സംഭവം.
എന്നാല്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഒരു മുന്‍ഭരണാധികാരിക്കെതിരെയുണ്ടായിരിക്കുന്ന ഈ നടപടികള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിലയിരുത്തപ്പെടോണ്ടതുണ്ട്. നവാസ് ഷെറീഫിനെ ശിക്ഷിക്കുന്നതിലേയ്ക്ക് നയിച്ചത് പനാമ രേഖകളുടെ വെളിപ്പെടുത്തലുകളാണ്. അതേ രേഖകളില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരുടെ അനധികൃത സമ്പാദ്യത്തെ കുറിച്ചുള്ള വിശദാംശങ്ങളുമുണ്ടായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, വ്യവസായ — വാണിജ്യ പ്രമുഖര്‍ എന്നിവരെല്ലാമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
നാലുവര്‍ഷമായി അഴിമതിയേയും കള്ളപ്പണത്തേയും കുറിച്ച് ആണയിടുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. 2014 ലെ തെരഞ്ഞെടുപ്പിലും പിന്നീടും അഴിമതിവിരുദ്ധ നടപടികളും കള്ളപ്പണ വിരുദ്ധ പോരാട്ടവും ഏക അജന്‍ഡയായി പ്രഖ്യാപിച്ച് പറഞ്ഞു നടക്കുന്നയാളാണ് നരേന്ദ്രമോഡി. പക്ഷേ ചെറുവിരലനക്കാന്‍ പോലും അദ്ദേഹത്തിനായില്ല. പല കോണുകളില്‍ നിന്നും ശക്തമായ ആവശ്യമുയര്‍ന്നപ്പോള്‍ ചില അന്വേഷണ പ്രഖ്യാപനങ്ങളുണ്ടായി എന്നതുമാത്രമാണ് ആകെയുണ്ടായ നടപടി. ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ചില പരിശോധനകള്‍ നടത്തി കുറ്റപത്രം തയ്യാറാക്കിയെങ്കിലും എവിടെയെല്ലാമോ തടഞ്ഞുകിടക്കുകയാണ് അവയെല്ലാം. ഇതിനിടയിലാണ് ഒരുവര്‍ഷം മുമ്പ് പാരഡൈസ് പേപ്പര്‍ വെളിപ്പെടുത്തലുകളും കുറച്ച് നാളുകള്‍ക്ക് മുമ്പ് പനാമ രേഖകളുടെ രണ്ടാം ഭാഗവും പുറത്തുവന്നത്. ഒരു കുലുക്കവുമില്ലാതെ അഴിമതിയെ കുറിച്ചു തന്നെ സംസാരിച്ച് മുന്നോട്ടുപോകുകയാണ് ബിജെപി സര്‍ക്കാര്‍.
അതുകൊണ്ടുതന്നെ പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലാണെന്ന നിരീക്ഷണത്തെ മാറ്റിവച്ചുകൊണ്ട് അതില്‍ നിന്ന് അഴിമതിക്കെതിരായ നടപടികളുടെ പാഠമുള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകുകയാണ് വേണ്ടത്.