Janayugom Online
search operation for naxals Chatisghad

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് നക്‌സല്‍

Web Desk
Posted on November 14, 2018, 10:44 pm

ദന്ദേവാഡ: ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്കെല്ലാം നക്‌സല്‍ ഭീഷണി. വോട്ട് ചെയ്തവരുടെ വിരലുകള്‍ മുറിക്കുമെന്നാണ് നക്‌സലുകള്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിരലിലെ മഷി നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു ജില്ലയിലെ മുഴുവന്‍ ജനങ്ങളും. ദന്ദേവാഡ ജില്ലയിലെ ജനങ്ങളാണ് കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത്.

ഭീഷണിയെ തുടര്‍ന്ന് ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നിരുന്നു. ഇതു കാരണം വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയും വന്നു. ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 12 നാണ് നടന്നത്. ബാക്കിയുള്ള 72 നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കാനിരിക്കുകയാണ്.

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഭീഷണിയുടെ വക്കിലാണ് ഛത്തീസ്ഗഢിലെ ജനങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്നാണ് പൊലീസിന്റെ വാദം. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും നല്ലൊരു ശതമാനം ജനങ്ങള്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നുവെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. ഛത്തീസ്ഗഢിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11നാണ് പ്രഖ്യാപിക്കുന്നത്.