February 1, 2023 Wednesday

‘നയാ ദിശ നയാ രാഷ്ട്ര’, മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളുടെ മറ്റൊരു ഫണ്ട് തട്ടിപ്പ്

Janayugom Webdesk
കോഴിക്കോട്
March 11, 2021 11:11 pm

മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾ നടത്തിയ കഠ്‌വ, ഉന്നാവോ ഫണ്ട് തട്ടിപ്പിന് പിന്നാലെ എംഎസ്എഫ് നേതൃത്വം നടത്തിയ തട്ടിപ്പുകളും പുറത്തുവരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സഹായങ്ങൾക്കായി എംഎസ്എഫ് ദേശീയ കമ്മിറ്റി “നയാ ദിശ നയാ രാഷ്ട്ര” എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഫണ്ട് പിരിവിനെക്കുറിച്ചാണ് പുതിയ ആരോപണം. പള്ളികളിലും പ്രാദേശിക തലങ്ങളിലും പിരിവ് നടത്തിയിരുന്നു. 500 രൂപ വീതം ഒരു കുട്ടിക്ക് ഒരു സ്കൂൾ കിറ്റ് എന്ന നിലയിൽ 2018–19 കാലഘട്ടത്തിലാണ് പിരിവ് നടന്നത്. ടി പി അഷ്റഫലിയായിരുന്നു അന്ന് ദേശീയ പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി പിരിച്ച പണം ദേശീയ കമ്മിറ്റിയുടെ ചെന്നൈയിലുള്ള ഐഒബി അക്കൗണ്ടിൽ നിക്ഷേപിക്കാതെ നിലമ്പൂരിലെ ആക്സിസ് ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസുഫ് പടനിലം വ്യക്തമാക്കി. അനുവദനീയമായതിലും അധികം തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിനെത്തുടർന്ന് അഷ്റഫലിക്കെതിരെ ഇൻകംടാക്സ് നിയമ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 38 ലക്ഷം രൂപ ഈ ഇനത്തിൽ ഇൻകം ടാക്സ് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കുള്ള ആഡംബര യാത്രകൾക്കും താമസത്തിനും ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പ് വിവരം എംഎസ്എഫ് ദേശീയ‑സംസ്ഥാന കമ്മിറ്റികളിൽ നേരത്തെ ചർച്ചയായിരുന്നു. ബാങ്ക് രേഖകളടക്കം തെളിവുകൾ നിരത്തി ഒരു വിഭാഗം എംഎസ്എഫ് പ്രവർത്തകർ ലീഗ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

നേരത്തെ കഠ്‌വ, ഉന്നാവോ വിഷയങ്ങളിൽ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിൽ സ്വരൂപിച്ച കഠ്‌വ, ഉന്നാവോ സഹായഫണ്ടിൽ നിന്നും യൂത്ത് ലീഗ് ദേശീയ നേതൃത്വം പണം തട്ടിയ വിവരവും പുറത്തുവിട്ടത് യൂസുഫ് ആയിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമപരിരക്ഷ ഉറപ്പുവരുത്താനുമെന്ന പേരിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വൻ തുകയായിരുന്നു യൂത്ത് ലീഗ് പിരിച്ചെടുത്തത്. ഇത്തരത്തിൽ പിരിച്ചെടുത്ത ഒരു കോടിയോളം രൂപ ഇരകളുടെ കുടുംബത്തിന് കൈമാറാതെ യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസും സി കെ സുബൈറും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലരും സ്വകാര്യ ആവശ്യങ്ങൾക്കുൾപ്പെടെ വിനിയോഗിക്കുകയായിരുന്നു. യൂസുഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായ മുഈനലി തങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി നേതൃത്വം തങ്ങളുടെ വരുതിയിലാക്കുകയും യൂസുഫ് പടനിലത്തെ വിമത നേതാവായി ചിത്രീകരിക്കുകയുമായിരുന്നു.

യൂസുഫ് പടനിലത്തിന്റെ പരാതിയിൽ കുന്നമംഗലം പൊലീസ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചയായതിനെത്തുടർന്ന് സി കെ സുബൈർ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ജനറൽ സെക്രട്ടറി രാജിവച്ചിട്ടും ഫണ്ട് തട്ടിപ്പിൽ കാര്യമായ വിശദീകരണം സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 39.33 ലക്ഷം പിരിച്ചെന്നും 14 ലക്ഷം അക്കൗണ്ടിൽ ബാക്കിയുണ്ടെന്നുമാണ് യൂത്ത് ലീഗ് വിശദീകരിച്ചിരുന്നത്. എന്നാൽ 1.08 കോടി രൂപ പിരിച്ചിട്ടുണ്ടെന്ന് യൂസുഫ് പറഞ്ഞു.

 

Eng­lish Sum­ma­ry : Naya Disha Naya Rash­tra Scam by mus­lim youth league

 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.