ധാത്രി ആയുര്‍വേദ ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍

Web Desk

കൊച്ചി

Posted on April 20, 2018, 7:21 pm

ധാത്രി ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ്മ സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സിന്റെ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍. സുരക്ഷിതമായ രോഗീപരിചരണവും ഗുണമേന്മയും ഉറപ്പാക്കുന്ന ആശുപത്രികള്‍ക്കാണ് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നല്കുന്നത്. ഇന്ത്യയില്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടിയ 37 ആയുഷ് ആശുപത്രികളിലൊന്നാണ് ധാത്രി.

കൊച്ചിയില്‍ എന്‍എബിഎച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് നദ്കര്‍ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കൈമാറി. പത്മഭൂഷണ്‍ ജസ്റ്റീസ് കെ ടി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ നടി മഞ്ജു വാര്യര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

എന്‍എബിഎച്ച് അംഗീകാരം നേടിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് ധാത്രി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ് സജികുമാര്‍ പറഞ്ഞു. ധാത്രിയിലെത്തുന്ന രോഗികളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഏറ്റവും ഉയര്‍ന്ന ഗുണമേന്മാ നിലവാരം കാത്തുസൂക്ഷിക്കുന്നതിന് ലഭിച്ചതാണ് ഈ പൊതു അംഗീകാരം. ഏറ്റവും ഫലപ്രദമായും ശാസ്ത്രീയമായും രോഗീപരിചരണം നടത്തുന്നതിനും രോഗികളുടെ അവകാശങ്ങളെ മാനിച്ചും സംരക്ഷിച്ചും ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് ഡോ. സജികുമാര്‍ പറഞ്ഞു.

സന്തോഷകരമായ ഈ അവസരത്തിന്റെ ഓര്‍മ്മയ്ക്കായി ധാത്രിയുടെ കായംകുളത്തെ ആശുപത്രിയില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ആയിരം പേര്‍ക്ക് ത്വക്ക് രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്കുമെന്ന് ഡോ. സജികുമാര്‍ പ്രഖ്യാപിച്ചു. തീരമേഖലയില്‍ ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് പരിഗണിച്ചാണിത്.

ആരോഗ്യരംഗത്തെ സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ക്യുസിഐ) കീഴില്‍ രൂപീകരിച്ചിരിക്കുന്ന ബോര്‍ഡാണ് എന്‍എബിഎച്ച്. ആശുപത്രിയുടെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ദേശീയ, അന്താരാഷ്ട്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൊതുഗുണനിലവാരം ഉറപ്പാക്കുന്ന ആശുപത്രികള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭിക്കുക. എന്‍എബിഎച്ച് അംഗീകാരത്തിനായി ആശുപത്രികള്‍ സ്വമേധയാണ് അപേക്ഷിക്കുന്നത്.

ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കി എന്‍എബിഎച്ച് പദ്ധതി ഏറ്റെടുത്തതിന് ധാത്രി ആശുപത്രിയേയും മാനേജ്‌മെന്റിനേയും എന്‍എബിഎച്ച് സിഇഒ ഡോ. ഹരീഷ് നദ്കര്‍ണി അധ്യക്ഷ പ്രസംഗത്തില്‍ അഭിനന്ദിച്ചു.

തുടര്‍ച്ചയായ ഗവേഷണ, വികസന പരിപാടികളിലൂടെ ആയുര്‍വേദമെന്ന ശാസ്ത്രശാഖയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ധാത്രി മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് പത്മഭൂഷണ്‍ ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു. ആരോഗ്യമുള്ള മനസും ശരീരവും കാത്തുസൂക്ഷിക്കുന്നതിന് യോഗയും ആയുര്‍വേദവും ഒട്ടേറെ ആള്‍ക്കാര്‍ക്ക് സഹായകമാകുന്നുണ്ട്. മഹത്തായ ഇന്ത്യയുടെ ഈ ചികിത്സാ സംവിധാനം തുടര്‍ന്നും വളരുമെന്നുതന്നെയാണ് പ്രതീക്ഷ. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ത്വക്‌രോഗങ്ങള്‍ക്ക് ചികിത്സ നല്കാനുള്ള ഡോ. സജികുമാറിന്റെ സന്നദ്ധത ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആയുര്‍വേദം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുന്നതിനായി ഡോ. സജികുമാര്‍ നടത്തുന്ന പരിശ്രമത്തില്‍ രോഗികളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്ന എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ധാത്രിക്ക് തിലകക്കുറിയായിരിക്കുമെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ഉത്പന്നങ്ങളുടെ ഗുണമേന്മയും ഫലസിദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനായി ശാസ്ത്രീയമായ ഗവേഷണത്തിലൂടെ പേറ്റന്റ് സ്വന്തമാക്കിയ ധാത്രിയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരം ആയുര്‍വേദ പരിചരണത്തിലെ മികവിന്റെ കേന്ദ്രമായി വളരാന്‍ ധാത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

കെയര്‍ കേരളം വൈസ് ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഡോ. സദത് ദിനകര്‍, കെയുഎച്ച്എസിലെ പിജി ആയുര്‍വേദ മെഡിക്കല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വിജയന്‍ നങ്ങേലില്‍, സിഐഐ കേരള ആയുര്‍വേദ പാനല്‍ കണ്‍വീനര്‍ അജയ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.