എന്‍സിസി അക്കാദമി മക്കിമലയില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ല; ഒ.ആര്‍ കേളു എംഎല്‍എ

Web Desk
Posted on September 23, 2019, 6:01 pm

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ അനുവദിച്ച എന്‍സിസി ബറ്റാലിയന്‍ കം  എന്‍സിസി ട്രെയിനിംങ്ങ് അക്കാദമി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒ.ആര്‍ കേളു എംഎല്‍എ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലുമായും സംസാരിക്കുമെന്നും അക്കാദമി മാറ്റാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്നും ഒ.ആര്‍ കേളു എംഎല്‍എ ജനയുഗത്തോട് പറഞ്ഞു.

മക്കിമലയില്‍ നിന്ന് അക്കാദമി മാറ്റാന്‍ നീക്കമെന്ന വാര്‍ത്ത ജനയുഗമാണ് പുറത്ത് വിട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ ഇടപ്പെടല്‍. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ 2013 ഒക്ടോബര്‍ 26 നാണ് ഉന്നത വിദ്യാഭ്യസ വകുപ്പ് എന്‍സിസി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.

മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന് അനുവദിച്ച ബറ്റാലിയന്‍ വയനാട്ടിലെ മാനന്തവാടിക്ക് അനുവദിച്ചത്. ഉത്തരവിന്‍ പ്രകാരം രണ്ട് ഏക്കര്‍ ഭൂമി എന്‍സിസി അധികൃതര്‍ക്ക് കൈമാറുകയും രണ്ട് കോടി രൂപ ചിലവില്‍ ചെയിന്‍ ലിങ്ക്ഡ് പെന്‍സിംഗ് നിര്‍മ്മിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അക്കാദമി മാറ്റാനുള്ള തീരുമാനം ഒരു കാരണവശാലും അനുവദിക്കില്ലന്നും ഒ.ആര്‍കേളു എംഎല്‍എ പറഞ്ഞു.