ഓണത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനൊപ്പം എന്‍ സി സി കേഡറ്റുകളും

Web Desk
Posted on September 07, 2019, 7:54 pm

മാനന്തവാടി: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാനും ഗതാഗത ബോധവല്‍ക്കരണത്തിനുമായി പോലീസിനൊപ്പം കൈകോര്‍ത്ത് എന്‍സിസി കേഡറ്റുകളും. നഗരസഭയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് എഎസ്പി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരത്തിലെ ഓണത്തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണത്തിനും, പോക്കറ്റടി, പിടിച്ച് പറി എന്നിവ നിരീക്ഷിക്കാനുമായി എന്‍സിസി കേഡറ്റുകളുടെ സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നത്. മാനന്തവാടി മേരി മാതാ കോളേജിലെ 9 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 20 കേഡറ്റുകള്‍ 4 ദിവസം കര്‍മ്മ നിരതരായി നഗരത്തിലുണ്ടാകും.

സീബ്ര ലൈനുകളിലൂടെ ആളുകളെ കടത്തി വിടാനും ഗതാഗത നിയന്ത്രണത്തിനുമെല്ലാം ജംഗ്ഷനുകളില്‍ ട്രാഫിക് പോലീസിനൊപ്പം കേഡറ്റുകള്‍ വളരെ ഊര്‍ജ്ജിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഗതാഗത നിയമം കര്‍ശനമാക്കിയതൊടെ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രത്യേകിച്ച് യുവ തലമുറയ്ക്ക് പോലീസിനൊപ്പം ചേര്‍ന്ന് ഇവര്‍ നല്‍കുന്നുണ്ട്. സാധാരണയായി എസ്പിസിഎ അംഗങ്ങളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാറുള്ളതെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് ഇത്തരം മേഖലകളില്‍ കൂടുതല്‍ പരിശീലനം ലഭിച്ച സേന എന്ന നിലയില്‍ കോളേജിലെ എന്‍സിസി കേഡറ്റുകളെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. മാനന്തവാടി സിഐ പികെ മണി ‚എസ്‌ഐ സിഎം അനില്‍, ട്രാഫിക് എസ്‌ഐ എജെ ജോസ്, എന്‍സിസി ഓഫീസര്‍ ഡോ രാജീവ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേഡറ്റുകളുടെ പ്രവര്‍ത്തനം.