എന്‍സിപി ഇടതിനുവേണ്ടി ഇറങ്ങില്ലെന്നാണ് നിങ്ങള്‍ കേട്ടതെങ്കില്‍, ‘അത് വെറും ഭാവനാസൃഷ്ടി’ മാത്രം

Web Desk
Posted on March 29, 2019, 8:03 pm

കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്തുടനീളം ശക്തമായി രംഗത്തിറങ്ങുമെന്നും മറിച്ച് പ്രചരിക്കുന്നവ ഭാവനാ സൃഷ്ടിയാണെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു. സിപിഐ മത്സരിക്കുന്ന സ്ഥലങ്ങളില്‍ എന്‍സിപി പ്രവര്‍ത്തകര്‍ ഇല്ലെന്നത് ഭാവനാ സൃഷ്ടിയാണെന്ന് തോമസ് ചാണ്ടി എംഎല്‍എയും കൂട്ടിച്ചേര്‍ത്തു.

പ്രചാരണപ്രവര്‍ത്തനങ്ങള്‍ വെച്ച് വിലയിരുത്തുമ്പോള്‍ എല്‍ഡിഎഫ് അങ്ങേയറ്റം ആത്മവിശ്വാസത്തിലാണെന്നും അവര്‍ പറഞ്ഞു. എറണാകുളത്ത് നടന്ന എന്‍സിപി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
എന്‍സിപി സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആവേശം പകരുന്നതാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി എംഎല്‍എ പറഞ്ഞു. വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥിയുടെ പേര് പോലും പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ രീതിയിലും ഇടത് സ്ഥാനാത്ഥികളെ വിജയിപ്പിക്കാന്‍ എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്തിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് എതിരെയുള്ള ബദല്‍ പൊതുതെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടും. മോഡി സര്‍ക്കാരിനെതിരെ ശക്തമായ വിധിയെഴുത്തുമായി ജനങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആരാണെന്ന് വ്യക്തമാക്കണം. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ചരിത്രപരമായ വിഢിത്തമാണെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയ പോരാട്ടം നടത്തിയാല്‍ എല്‍ഡിഎഫിനാകും വിജയം. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി മറ്റ് കാര്യങ്ങള്‍ വിളമ്പുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് സ്വയം ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി ജനങ്ങളെ പറഞ്ഞ് പറ്റിച്ച് വന്‍കിട മുതലാളിമാരുടെ ഇടനിലക്കാരനായി മാറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാതെ യുഡിഎഫ് തമ്മിലടിച്ച് തകരുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ തലത്തില്‍ ഇടത് മതേതര ശക്തികള്‍ക്ക് പിന്‍തുണ നല്‍കാന്‍ മുഴുവന്‍ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും അവര്‍ പറഞ്ഞു.
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, എന്‍സിപി വര്‍ക്കിങ്ങ് കമ്മറ്റി അംഗങ്ങളായ മാണി സി കാപ്പന്‍, വര്‍ക്കല ബി രവികുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജന്‍, ജനറല്‍ സെക്രട്ടറിമാരായ സലിം പി മാത്യു, അലിഫ് മാത്യു, ടി ജി രവീന്ദ്രന്‍, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.