മഹാരാഷ്ട്രയിൽ എൻഡിഎ തകർന്നു: ബിജെപിക്ക് മഹാപ്രഹരം

Web Desk
Posted on November 10, 2019, 11:15 pm

മുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്ന മഹാരാഷ്ട്രയിൽ എൻഡിഎ തകര്‍ന്നു. സർക്കാർ രൂപീകരണത്തിനില്ലെന്ന് ഗവർണർ ഭഗത് സിങ് കോശിയാരിയെ ബിജെപി അറിയിച്ചു. തുടർന്ന് ശിവസേനയെ ഗവർണർ ക്ഷണിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ നിലപാട് അറിയിക്കണമെന്നാണ് ശിവസേനയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ നിലപാടുകൾ തീരുമാനിക്കുന്നതിന് എൻസിപി, കോൺഗ്രസ് എന്നീ കക്ഷികൾ കൂടിയാലോചനകൾ തുടരുകയാണ്. കേന്ദ്ര നേതൃത്വവുമായും സംസാരിച്ചശേഷം ഇന്ന് രാവിലെ അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ഇരുകക്ഷികളും വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേന നിലപാട് ശക്തമാക്കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്.

സഖ്യം തകർന്നത് സ്ഥിരീകരിച്ച് ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കോർകമ്മിറ്റി യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി. ശിവസേന പിന്നിൽ നിന്ന് കുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. അതിനുസാധ്യമല്ലെന്നുറപ്പായതോടെയാണ് പിന്മാറ്റം. ബിജെപിയുമായി ഇടഞ്ഞ ശിവസേനയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസിന്റെ 44 എംഎൽഎമാരും തീരുമാനിച്ചതായാണ് ഒടുവിലെ വിവരം.

ബിജെപി സർക്കാരിന് അവസരമൊരുക്കരുതെന്ന പാർട്ടി നയത്തിനൊപ്പമാണ് കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരുമെന്ന് രാജസ്ഥാനിലെ റിസോര്‍ട്ടിൽ നടന്ന യോഗത്തിനുശേഷം മുതിർന്ന കോൺഗ്രസ് നേതാവ് മാണിക് റാവു താക്കറെ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. റിസോർട്ടിലുള്ള എംഎൽഎമാരുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ചർച്ച നടത്തി. പാർട്ടി നേതൃത്വത്തിന്റെ നിലപാട് എംഎൽഎമാരെ ഖാർഗെ ബോധ്യപ്പെടുത്തിയെന്ന് മാണിക് റാവു താക്കറെ പറഞ്ഞു. ശിവസേനയ്ക്ക് പിന്തുണ കൊടുക്കുന്നതിനെ കുറിച്ച് ഒരു എംഎൽഎയും എതിരഭിപ്രായം പറഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് ബാലാസാഹേബ് തോറാട്ട്, മുതിർന്ന നേതാവ് അശോക് ചവാൻ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ച രാജസ്ഥാനിലെ റിസോർട്ടിലുണ്ട്.

ശിവസേന ഒപ്പമുണ്ടായാൽ കേവല ഭൂരിപക്ഷം ഉണ്ടാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വാശി ബിജെപിക്ക് തലവേദനയായി. ഈ സാഹചര്യത്തിലാണ് ബിജെപിയെ പുറത്താക്കി അധികാരത്തിൽ പങ്കാളിയാകാൻ കോൺഗ്രസ് ശ്രമം നടത്തുന്നത്. എൻസിപിയും ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ്. ബിജെപിയെ നിശിതമായി വിമർശിച്ച ഉദ്ധവ് താക്കറെ ശരത്പവാർ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പറഞ്ഞത് പുതിയ സഖ്യത്തിനുള്ള സൂചനയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ചർച്ചനടത്തുന്നുണ്ട്.