Web Desk

December 28, 2019, 10:55 pm

ദേശീയ പൗരത്വ നിയമ ഭേദഗതി: എൻഡിഎയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

Janayugom Online

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. എൻഡിഎയിലെ 13 ഘടക കക്ഷികളിൽ 10 പാർട്ടികളും ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാട് മോഡി സർക്കാരിന് രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( ആർപിഐ), പട്ടാലി മക്കൾ കക്ഷി ( പിഎംകെ), അപ്ന ദൾ എന്നീ പാർട്ടികൾ മാത്രമാണ് ഭേദഗതി ബില്ലിനെതിരെ ഇനിയും പ്രതികൂലമായ നിലപാട് സ്വീകരിക്കാത്തത്.

പാർലമെന്റിൽ ബില്ലിന് അനുകൂല നിലപാട് സ്വീകരിച്ച ഈ പത്ത് പാർട്ടികളും ദേശീയ പൗരത്വ പട്ടിക ( എൻആർസി), ദേശീയ ജനസംഖ്യാ പട്ടിക ( എൻപിആർ) എന്നിവയോടുള്ള എതിർപ്പും ആശങ്കയും പരസ്യമായി പ്രകടിപ്പിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബിജെപി ഘടക കക്ഷിയായ ജനതാദൾ യുണൈറ്റഡ് അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻആർസി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. എൻആർസിയെ പിന്തുണയ്ക്കുന്ന കാര്യം ഉദിക്കുന്നില്ലെന്നാണ് ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചത്. ഭേദഗതി ബില്ലിനെ സഭയിൽ അനുകൂലിച്ച നിതീഷ് കുമാറിന്റെ നടപടിയെ ജെഡിയു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി തള്ളിപറഞ്ഞിരുന്നു. ബിജെപിയുടെ വളരെക്കാലമായുള്ള സഖ്യകക്ഷിയായ ശിരോമണി അകാലിദളും (എസ്ജെഡി) നിയമത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. എൻആർസി അംഗീകരിക്കാൻ കഴിയില്ലെന്നാണ് എസ്ജെഡി രാജ്യസഭാ അംഗവും ന്യൂനപക്ഷ നേതാവുമായ നരേഷ് ഗുജറാൾ പറഞ്ഞത്. മുസ്ലിങ്ങളേയും പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എസ്ജെഡി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മോഡി സർക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനത്തെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് ലോക് ജൻശക്തി പാർട്ടി ( എൽജിപി) അധ്യക്ഷൻ ചിരാഗ് പസ്വാൻ പറഞ്ഞു. മുസ്ലിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. പുതിയ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങളുടെ ഭയം ദൂരീകരിക്കുന്നതിന് എൻഡിഎ യോഗം വിളിക്കാൻ ബിജെപി നേതൃത്വം തയ്യാറാകണമെന്നും ചിരാഗ് പസ്വാൻ ആവശ്യപ്പെട്ടു.

എൻഡിഎ ഘടകക്ഷിയായ അസം ഗണപരിഷത്തും (എജിപി) പുതിയ ബില്ലിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അസമിൽ ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് എജിപി നേതാക്കൾ പറയുന്നു. എൻആർസിയെ ശക്തമായി എതിർക്കുമെന്ന് മറ്റൊരു ഘടക കക്ഷിയായ എഐഎഡിഎംകെ നേതാവും തമിഴ് നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി പറഞ്ഞു. ശ്രീലങ്കയിൽ നിന്നുള്ള ഹിന്ദുക്കളായ തമിഴ് അഭയാർഥികളെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഐഎഡിഎംകെ നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റൊരു ഘടക കക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് ആദ്യം മുതൽ പ്രതിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിന് പാർട്ടിയുടെ ലോക്സഭാംഗം ലോറോ ഫൊസെ, രാജ്യസഭ അംഗം കെ ജി കെനിയെ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഘടകകക്ഷികളായ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ, മിസോ നാഷണൽ ഫ്രണ്ട്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, സിക്കിം ക്രാന്തികാരി മോർച്ച എന്നിവരും ബില്ലിനെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.

എൻഡിഎ അംഗമല്ലെങ്കിലും മോഡി സർക്കാരിന്റെ പല ബില്ലുകളേയും അനുകൂലിക്കുന്ന നിലപാടാണ് ഒഡിഷ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ബിജെടി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ദേശീയ പൗരത്വ പട്ടികയെ അനുകൂലിക്കില്ലെന്ന് ബിജെഡി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പൗരത്വ പട്ടിക സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈഎസ് ആർ കോൺഗ്രസ് അധ്യക്ഷനുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.