Thursday
22 Aug 2019

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ബജറ്റുകള്‍

By: Web Desk | Tuesday 2 July 2019 10:38 PM IST

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാമത്തെ ബജറ്റ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബജറ്റവതരിപ്പിക്കുക എന്നത് സാധാരണ നടപടി ക്രമമാണ്. പക്ഷേ ഇന്ത്യയില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മറ്റൊരു ബജറ്റവതരണം നടന്നു കഴിഞ്ഞു എന്നതാണ് പ്രത്യേകത.

അഞ്ചുവര്‍ഷം കാലാവധിയുള്ള ഒരു സര്‍ക്കാര്‍ അഞ്ചു ബജറ്റുകളാണ് അവതരിപ്പിക്കേണ്ടത്. മോഡി സര്‍ക്കാര്‍ അഞ്ചു ബജറ്റുകളും അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. അഞ്ചും അവതരിപ്പിച്ചത് ഒരാള്‍ തന്നെ. അരുണ്‍ജെയ്റ്റ്‌ലി. തെരഞ്ഞെടുപ്പിന് രണ്ടു മാസത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ ആറാമത്തെ ബജറ്റവതരിപ്പിക്കേണ്ട കാര്യമില്ല. 2019 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ ഓട്ട് ഓണ്‍ അക്കൗണ്ടുകള്‍ പാസാക്കിയാല്‍ മാത്രം മതിയായിരുന്നു. അതായിരുന്നു കീഴ്‌വഴക്കവും. എന്നാല്‍ മോഡി സര്‍ക്കാര്‍ 2019 ഫെബ്രുവരി ഒന്നിന് ഒരു പൂര്‍ണ ബജറ്റു തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതില്‍ ഒരു വലിയ കാപട്യം ഒളിച്ചിരിപ്പുണ്ടായിരുന്നു. അവതരിപ്പിക്കപ്പെടുന്ന ബജറ്റിന് ഒരു പ്രസക്തിയും ഇല്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്. പൂര്‍ണ ബജറ്റിലൂടെയല്ലാതെ ജനങ്ങളെ സ്വാധീനിക്കാവുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു പരാജയം മുന്നില്‍ നില്‍ക്കുമ്പോള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപനങ്ങള്‍ നടത്താന്‍, പൂര്‍ണ ബജറ്റു തന്നെ വേണമെന്ന് ബിജെപിയുടെ ചാണക്യ തന്ത്രം മെനയുന്നവര്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി അവര്‍ തീരുമാനിച്ചു. കീഴ്‌വഴക്കം അനുസരിച്ച് ബജറ്റിന്റെ ഭാഗമായുള്ള ‘സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്’ പ്രസിദ്ധീകരിച്ചില്ല. വളരെ ബോധപൂര്‍വമായിരുന്നു ഇത്. വളര്‍ച്ചാനിരക്കിലെ കുറവ്, കുതിച്ചുയരുന്ന റവന്യൂ കമ്മി, പൊതു കടത്തിലെ വര്‍ധനവ്, ഉയരുന്ന പലിശഭാരം, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പരാജയം, കയറ്റുമതി – ഇറക്കുമതിയിലെ അന്തരം, വര്‍ധിച്ച തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, നോട്ടു നിരോധനത്തിന്റെ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച കെടുതി, ജിഎസ്ടി പരിഷ്‌ക്കാരത്തിന്റെ താളംതെറ്റല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളുടെ ഏകദേശ ചിത്രം സ്വാഭാവികമായും ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുമായിരുന്നു. സത്യാവസ്ഥ പുറത്തുവന്നാല്‍ അതിലൂടെ സര്‍ക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ചടുക്കപ്പെടുമെന്നും തെരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയാകുമെന്നും മോഡിക്കും കൂട്ടര്‍ക്കും കൃത്യമായി അറിയാമായിരുന്നു. അതിനാല്‍ സുപ്രധാനമായ രണ്ടു കീഴ്‌വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. ഒരു സര്‍ക്കാര്‍ ആറാമത്തെ പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു എന്നതാണ് ഒന്നാമത്തെ കാര്യം. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പൂര്‍ണ ബജറ്റിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചില്ല എന്നതാണ് രണ്ടാമത്തെ കാര്യം.

നൂറുകണക്കിന് കോടി രൂപയുടെ പരസ്യം കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാല്‍ അവര്‍ ബജറ്റ് അസാധാരണമായ വിധം ആഘോഷിച്ചു. നടപ്പിലാക്കാത്ത കാര്യങ്ങള്‍ വരെ പ്രചരിപ്പിച്ചു. രാജ്യം നേരിടുന്ന മൗലികമായ വിഷയങ്ങളൊന്നും ചര്‍ച്ചയാകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. കാര്യങ്ങള്‍ സൂക്ഷ്മതയോടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി. കാരണം ഇതു സംബന്ധിച്ച് എല്ലാ രേഖകളും ‘ഹിന്ദു’ പത്രം പുറത്തുകൊണ്ടു വന്നിരുന്നു. അതില്‍ മോഡിയുടെ പങ്ക് വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ അതുപോലും ചര്‍ച്ചയാകാതിരിക്കാനുള്ള കരുതല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കാട്ടി. മോഡിയും അമിത്ഷായും കൂടി അവര്‍ക്കുമുന്നില്‍ അവതരിപ്പിച്ച ജാതി, മതം, വിശ്വാസം, ദേശീയത, യുദ്ധ സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ വലിയ ചര്‍ച്ചയാക്കി മാറ്റാന്‍ അത്യുത്സാഹം കാട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പോലും ബിജെപിക്ക് അനുകൂലമാക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രതിപക്ഷ കൂട്ടായ്മ ഇല്ലാതെ പോയത് ഇക്കൂട്ടര്‍ക്ക് അവസരമായി മാറുകയും ചെയ്തു. ഏതായാലും 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ ബജറ്റ്, ബിജെപിയും സര്‍ക്കാരും ആഘോഷമാക്കി.

പീയുഷ് ഗോയല്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ 42 മിനിറ്റ് ചെലവഴിച്ചത് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനായിരുന്നു. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി അടക്കം മേശപ്പുറത്ത് തുടര്‍ച്ചയായി അടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എല്ലാം ആസൂത്രിതമായിരുന്നു. പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകര്‍ക്ക് ധനസഹായം, അഞ്ചുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കല്‍, 3,000 രൂപ തൊഴിലാളി പെന്‍ഷന്‍ നല്‍കല്‍, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ചികിത്സ ഉറപ്പാക്കല്‍, അഞ്ച് ലക്ഷം രൂപ വരെ ഒരു വര്‍ഷം ഒരു കുടുംബത്തിന് ചികിത്സാ ധനസഹായം നല്‍കല്‍, വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കല്‍, അഴിമതി ഇല്ലാതാക്കല്‍, കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കല്‍ തുടങ്ങി വാഗ്ദാനങ്ങളുടെ പെരുവെള്ള ചാട്ടമായിരുന്നു ബജറ്റ്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിജെപി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളിലും അഞ്ച് ബജറ്റുകളിലൂടെ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളിലും 10 ശതമാനം എങ്കിലും നടപ്പിലാക്കിയോ എന്ന കാര്യം അന്വേഷിക്കാന്‍, തെരഞ്ഞെടുപ്പിന്റെ സമയത്തുപോലും രാജ്യത്തിനായില്ല എന്നത് സങ്കടകരം തന്നെ.

23,13,986 കോടി രൂപ വരവും 27,84,200 കോടി രൂപ ചെലവും 4,70,214 കോടി രൂപ റവന്യു കമ്മിയുമുള്ള ബജറ്റാണ് ഗോയല്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് ഒരു വര്‍ഷം ആകെ വകയിരുത്തിയത് 21,115 കോടി രൂപയാണ്. കോര്‍പ്പറേറ്റ് നികുതി വിഹിതമായി 6838 കോടി, ആദായ നികുതി വിഹിതമായി 5,745 കോടി, കസ്റ്റംസ് ഡ്യൂട്ടി വിഹിതമായി 1326 കോടി, കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് 660 കോടി, എക്‌സൈസ് ഡ്യൂട്ടി വിഹിതമായി 815 കോടി ഈ ക്രമത്തിലാണ് തുക വകയിരുത്തിയത്. കേരളം ആവശ്യപ്പെട്ട പ്രകാരമുള്ള പ്രളയ ദുരിതാശ്വാസം, റയില്‍വേ വികസനം, ഐഐടി തുടങ്ങിയവയൊന്നും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല.

2018-19 ലെ ബജറ്റില്‍ പറഞ്ഞിരുന്നതിനേക്കാള്‍ 3,26,965 കോടി രൂപയുടെ അധിക ചെലവാണ് 2019-20 ലെ ബജറ്റു പ്രകാരം ഉണ്ടാകുന്നത്. എന്നാല്‍ വരവില്‍ ഈ ക്രമത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുമില്ല. ഇത് വ്യക്തമാക്കുന്നത് ശാസ്ത്രീയമായിട്ടല്ല ബജറ്റ് തയാറാക്കിയത് എന്നാണ്. ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്ന റവന്യൂ കമ്മിയുടെ (4.70 ലക്ഷം കോടി രൂപ), 52.12 ശതമാനം ഏപ്രില്‍, മെയ് എന്നീ രണ്ട് മാസങ്ങളിലായി തന്നെ വന്നുകഴിഞ്ഞു. ഇനി 10 മാസം കൂടി കഴിയുമ്പോള്‍ റവന്യൂ കമ്മി, ബജറ്റില്‍ പറഞ്ഞിരുന്നതിന്റെ ഇരട്ടിയിലധികമായി കുതിച്ചുയരും എന്നത് വ്യക്തം. പുതിയ പദ്ധതികള്‍ ഏറ്റെടുക്കണമെങ്കിലും പുതിയ ആനുകൂല്യങ്ങള്‍ നല്‍കണമെങ്കിലും അതിന് പണം കണ്ടെത്തണം. അക്കാര്യം ബജറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്നാല്‍ ഇവിടെ ഇങ്ങനെ സംഭവിക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ആറു ബജറ്റുകളുടെയും പൊതുസ്വഭാവം ഇതാണ്. പ്രഖ്യാപനങ്ങളില്‍ ഭൂരിപക്ഷവും നടപ്പിലാക്കുന്നില്ല എന്നതാണ് വസ്തുത.

എളുപ്പത്തില്‍ ഖജനാവില്‍ പണം എത്തിക്കുന്നതിനുള്ള വഴികള്‍ തേടുക, അത് കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരമാക്കി മാറ്റുക, അതിന്റെ ഒരു ഭാഗം ബിജെപി ഫണ്ടില്‍ എത്തിക്കുക, ബജറ്റിന്റെ ഒരു ഭാഗം ക്ഷേമ പദ്ധതികള്‍ക്ക് ചെലവഴിക്കുക, അതിന് വലിയ തോതില്‍ പരസ്യം നല്‍കുക ഇതായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക, ലോക മാര്‍ക്കറ്റില്‍ എണ്ണയുടെ വില കുറയുമ്പോള്‍ ഇവിടെ അതിന്റെ പുറത്തുള്ള നികുതി അടിക്കടി വര്‍ധിപ്പിക്കുക, റിസര്‍വ് ബാങ്കിന്റെ ലാഭം പരമാവധി വാങ്ങിയെടുക്കുക, സബ്‌സിഡി വെട്ടിക്കുറയ്ക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുക, തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുക, വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള ബജറ്റ് വിഹിതം കുറയ്ക്കുക ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. ഇത്രയും കാര്യങ്ങള്‍ ചെയ്താലും സാമ്പത്തിക നില മെച്ചപ്പെട്ടില്ലെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പൊതു മാര്‍ക്കറ്റില്‍ നിന്ന് ലക്ഷക്കണക്കിന് കോടി രൂപ കടമെടുക്കുക എന്നതാണ് സ്വീകരിച്ച മറ്റൊരു വഴി. അതിന്റെ ഫലമായി 2019 ജൂണ്‍ 01 ലെ കണക്കുപ്രകാരം ഇന്ത്യയുടെ പൊതു കടം 84.62 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയ്ക്ക് ഇത്രയും കടമുണ്ടാകുന്നത്. ഒരു വര്‍ഷം 6.61 ലക്ഷം കോടി രൂപയാണ് കടത്തിന് പലിശയായി നല്‍കേണ്ടത്. പ്രത്യേകമായ ഒരു മിടുക്കും ആവശ്യമില്ലാത്ത വഴിയെ സഞ്ചരിച്ച് ഖജനാവ് നിറയ്ക്കുന്ന സര്‍ക്കാര്‍, സത്യത്തില്‍ ഇന്ത്യയെ വല്ലാതെ ദുര്‍ബലപ്പെടുത്തുകയാണ്.

ഒരു സാമ്പത്തിക വര്‍ഷത്തെ വരവും ചെലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു ബജറ്റിലൂടെ പ്രഖ്യാപിച്ച ശേഷം, വീണ്ടും മാസങ്ങള്‍ കഴിഞ്ഞ് അതേ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതെങ്ങനെയായി തീരും? വിശേഷിച്ചും ഒരു മുന്നണി തന്നെ ഭരണത്തില്‍ തുടരുമ്പോള്‍. പീയുഷ് ഗോയല്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നിര്‍മ്മല സീതാരാമന്‍ തള്ളിക്കളയുമോ? കണക്കുകളില്‍ മാറ്റം വരുത്തുമോ? 3.26 ലക്ഷം കോടി രൂപയുടെ ബജറ്റിലെ വിടവ് എങ്ങനെയാണ് നികത്തുന്നത്? ഇനിയും വില്‍ക്കാന്‍ ബാക്കിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റയില്‍വേ, വിമാനത്താവളങ്ങള്‍, കപ്പല്‍ നിര്‍മ്മാണശാലകള്‍, ഒഎന്‍ജിസി, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ബിഎസ്എന്‍എല്‍ എന്നിവ കൂടി വിറ്റഴിക്കുക എന്ന നയമാണോ ഇനിയും തുടരുക? ബജറ്റില്‍ പറഞ്ഞപ്രകാരം വരുമാന നികുതിയുടെ പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തുമ്പോള്‍ 18,500 കോടി രൂപയുടെ കുറവ് ഖജനാവിന് ഉണ്ടാകും. ഇത് എങ്ങനെയാണ് മറികടക്കുക? ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വലിയ വെല്ലുവിളികള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് 2019 ജൂണ്‍ 29 ന് ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ച ജി-20 രാജ്യങ്ങളുടെ ഉച്ചകോടി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇതില്‍ ഒപ്പുവച്ചിട്ടുള്ളതാണ്. ഇതിന്റെ പ്രതിഫലനം എങ്ങനെയാണ് ബജറ്റില്‍ ഉണ്ടാകുക. പൊതു കടവും റവന്യൂ കമ്മിയും കുറയ്ക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുക? പട്ടിണി മാറ്റുക, നിരക്ഷരത ഇല്ലായ്മ ചെയ്യുക, കുടിവെള്ളമെത്തിക്കുക, എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുക, ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുക, എല്ലാവര്‍ക്കും വീട് നല്‍കുക, പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരും നേരത്തെ മരിക്കുന്ന സാഹചര്യം ഒഴിവാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, വളര്‍ച്ചാ നിരക്ക് രണ്ടക്ക സംഖ്യയില്‍ എത്തിക്കുക തുടങ്ങിയ മൗലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ബജറ്റില്‍ ഉണ്ടായിരിക്കുമോ? ഇതിനൊക്കെ ഉത്തരം കിട്ടാന്‍, ഈ സാമ്പത്തിക വര്‍ഷത്തെ, രണ്ടാമത്തെ ബജറ്റിനായി നമുക്ക് കാത്തിരിക്കാം.