24 April 2024, Wednesday

21,000 കോടിയുടെ മയക്കുമരുന്ന് കടത്ത്; അഡാനി ബന്ധം അന്വേഷിക്കണമെന്ന് എൻഡിപിഎസ് കോടതി

Janayugom Webdesk
ഗാന്ധിനഗര്‍
September 29, 2021 10:13 pm

21,000 കോടിയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അഡാനി പോര്‍ട്ട് ഗ്രൂപ്പിന് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് നർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) പ്രത്യേക കോടതി.
അഡാനി പോര്‍ട്ട്സിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 2990 കിലോ ഗ്രാം ഹെറോയിനായിരുന്നു കഴിഞ്ഞ 17 ന് പിടിച്ചെടുത്തത്. ഇതില്‍ തുറമുഖ മാനേജ്മെന്റിനോ ബന്ധപ്പെട്ടവർക്കോ എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസി(ഡിആർഐ) നാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി സി എം പവാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇന്ത്യന്‍ എക്സ്പ്രസാണ് കോടതി ഉത്തരവ് പുറത്തുവിട്ടത്. പ്രധാന പ്രതികളിലൊരാളായ കോയമ്പത്തൂർ സ്വദേശി പി രാജ്കുമാറിന്റെ റിമാൻഡ് അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴി രണ്ട് കണ്ടെയ്നറുകളിലായി ഹെറോയിനെത്തിയത്.
സംഭവത്തില്‍ മുന്ദ്ര അഡാനി തുറമുഖത്തിന്റെ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്. മയക്കുമരുന്നുമായി കണ്ടെയ്നർ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും മുന്ദ്ര തുറമുഖത്ത് ഇറക്കുകയും ചെയ്തു. മാനേജ്മെന്റും അധികാരികളും അത്തരം ചരക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുതയെക്കുറിച്ച് പൂർണമായും അജ്ഞരാകുന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു.

ചെന്നൈ പോലുള്ള തുറമുഖങ്ങൾ സമീപത്തുള്ളപ്പോൾ വിജയവാഡയിൽ നിന്ന് വളരെ അകലെയുള്ള മുന്ദ്ര അഡാനി തുറമുഖത്ത് എന്തിനാണ് ഈ ചരക്ക് രജിസ്റ്റർ ചെയ്ത് ഇറക്കിയത് എന്നതടക്കം അന്വേഷിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് മുന്ദ്ര തുറമുഖത്തിലേക്ക് കണ്ടെയ്നറുകൾ വരുമ്പോൾ അവ സ്കാൻ ചെയ്യാനും മറ്റുമുള്ള നിലവിലെ രീതികള്‍ എങ്ങനെയാണെന്ന് പരിശോധിക്കാനും കോടതി ഡിആർഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം മയക്കുമരുന്ന് കടത്തുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അഡാനി പോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുള്ളത്. കോടതി ഉത്തരവിനോട് അവര്‍ പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആഷി ട്രേഡിങ്ങിന്റെ ഉടമകൾ ഉൾപ്പെടെ എട്ട് പേരെ ഡിആർഐ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry :ndps court ordered probe into adani ports role in drugs traf­fick­ing case

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.