Janayugom Online
NE Remembering

എന്‍ ഇ ബാലറാം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Web Desk
Posted on November 20, 2018, 11:01 pm

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പണ്ഡിതനും നിയമസഭാംഗവും പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്ന എന്‍ ഇ ബാലറാം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം എംഎന്‍വിജി അടിയോടി ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ പോലും തര്‍ക്കങ്ങളുമായി മുന്നോട്ട് വരുന്ന വര്‍ത്തമാനകാലത്ത് മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെ ഇന്ത്യന്‍ പൈതൃകവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുവാന്‍ എന്‍ ഇ ബാലറാം ഇല്ലാത്തത് വലിയൊരു നഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി വിധിയുടെ മറപിടിച്ച് ദൈവത്തിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. നാട് നശിച്ചാലും ജനജീവിതം തകര്‍ന്നാലും വേണ്ടില്ല ഭരണം കിട്ടിയാല്‍ മതിയെന്ന ചിന്തയാണവര്‍ക്ക്. നാട്ടില്‍ കലാപത്തിനായി അവര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ വലിയ പ്രവര്‍ത്തനം അനിവാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഇ ബാലറാമിന്റെ ഓര്‍മ്മകള്‍ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട് കണ്ട കമ്മ്യൂണിസ്റ്റ് പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ് ബാലറാം എന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും എന്‍ ഇ ബാലറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്‌സിയന്‍ സ്റ്റഡീസിന്റെ പ്രസിഡന്റുമായ അഡ്വ. കെ പ്രകാശ്ബാബു ചൂണ്ടിക്കാട്ടി. ഭാരതീയ ദര്‍ശനങ്ങളെ വളച്ചൊടിച്ച് വികൃതമാക്കി പോക്കറ്റിലാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കാലത്താണ് എന്‍ ഇ ബാലറാമിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തിരിച്ചടി നേരിട്ട സമയത്ത് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിസന്ധിയെ അതിജീവിക്കാന്‍ പടച്ചട്ടയണിഞ്ഞ പോരാളിയാണ് എന്‍ ഇ ബാലറാമെന്ന് ഭാരതീയ ദര്‍ശനങ്ങളും എന്‍ ഇ ബാലറാമും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് പറഞ്ഞു. വിപ്ലവകാരിക്കും സന്ന്യാസിക്കും ഒന്നായി തീരാവുന്ന ഇടമാണ് നിര്‍മമത്വം എന്നും അത്തരത്തില്‍ ഒരാളായിരുന്നു എന്‍ ഇ ബാലറാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ എംഎല്‍എ, അഡ്വ. ജി ആര്‍ അനില്‍, എന്‍ ഇ ബാലറാമിന്റെ മകള്‍ ഗീതാ നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി ദത്തന്‍ നന്ദി പറഞ്ഞു.