അപൂർവ്വമായി സംഭവിക്കുന്ന ജീവിത പ്രതിഭാസം

Web Desk
Posted on November 20, 2019, 11:33 am

ഒട്ടും ആഘോഷിക്കാത്തതായിരുന്നു എൻ ഇ ബാലറാമിന്റെ ജീവിതം. ആഘോഷിക്കപ്പെടാതെ പോയ ജീവിതവും. ചണ്ഢിഗഡിലും മുംബൈയിലും കൽക്കത്തയിലും വിമാനത്താവളത്തിൽ വായനയിൽ മുഴുകിയിരുന്ന് നഷ്ടപ്പെട്ടുപോയ വിമാനയാത്രയുണ്ടായിരുന്നു അദ്ദേഹത്തിന്. ഓരോ വിദേശ യാത്രയിലും പുതിയ പുതിയ പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലഗേജിന് ഭാരം കൂട്ടിയിരുന്നത്. രാഷ്ട്രീയത്തിലെയും സാമൂഹ്യരംഗത്തെയും വിഷയങ്ങൾക്കപ്പുറം ബാലറാമിന് ലോകസാഹിത്യത്തെ കുറിച്ചും പുരാണങ്ങളെയും ഭാരതീയ ദർശനത്തെയും കുറിച്ചുള്ള അഗാധ പാണ്ഡിത്യമുണ്ടായിരുന്നുവെന്നതായിരുന്നു അദ്ദേഹത്തെ എല്ലാവരിൽ നിന്നും വേറിട്ടുനിർത്തിയത്.

ജീവിതത്തിന്റെ വഴികളിൽ ബാലറാമിന് പല വേഷങ്ങളുണ്ടായിരുന്നു. സന്യാസിയുടെ ആദ്യകാല ജീവിതമുപേക്ഷിച്ചത് അതിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞപ്പോഴായിരുന്നു. പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായി. അവസാനം വരെ കാത്തുസൂക്ഷിച്ച ആ ജീവിതം മനീഷിയുടെ ജീവിത വിശുദ്ധിയും കമ്മ്യൂണിസ്റ്റുകാരന്റെ പോരാട്ടവീര്യവും പാണ്ഡിത്യത്തിന്റെ മഹാമേരുത്വവും ജീവിതലാളിത്യവും എല്ലാം ചേർന്നതായിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടം വരെ അവയെല്ലാം ജീവിതത്തിന്റെ ഭാഗമായി നിറഞ്ഞുനിന്നു.

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികമേഖലകളിൽ മാത്രമല്ല, സാഹിത്യസംവാദഘട്ടങ്ങളിലും തത്വചിന്താപരമായ തർക്കങ്ങളിലും മാർക്സിസത്തിന്റെ മാത്രമല്ല, ഭാരതീയ ചിന്തകളുടെയും സാഹിത്യ ചരിത്രത്തിന്റെയും ആഴങ്ങളിൽ നിന്നുള്ള അറിവുകളുമായി അദ്ദേഹം ഭാഗഭാക്കായി. അതുകൊണ്ട് തന്നെ ഭാരതീയ പൈതൃകത്തെ വർഗീയതയുടെ കൂടുകളിൽ അടയ്ക്കാൻ ഹൈന്ദവ ഫാസിസ്റ്റ് ശക്തികൾ ശ്രമിച്ചപ്പോൾ കോപാകുലനായ പണ്ഡിതനെയാണ് ചില ഘട്ടങ്ങളിൽ ബാലറാമിലൂടെ കാണാൻ സാധിച്ചത്. അത് ചിന്തകളെ ദുരുപയോഗിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നതിനെതിരായ കോപം മാത്രമായിരുന്നു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലം. 1948 ൽ രണ്ട് കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാർ പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പഴശ്ശിയിലെത്തി. ഇരുവരും ഒളിവിൽ പാർട്ടി പ്രവർത്തനം നടത്തുകയായിരുന്നു. പഴശ്ശിയിൽ നിന്ന് ചായ കുടിക്കുന്നതിനിടയിൽ പൊലീസ് ജീപ്പ് ചീറിപ്പാഞ്ഞു വരുന്നതുകണ്ടു. മറ്റൊന്നും ആലോചിക്കാതെ ഇരുവരും തൊട്ടടുത്ത കാട്ടുപ്രദേശത്തിലൂടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓട്ടം തുടങ്ങി. എത്ര ദൂരം ഓടിയെന്നറിയില്ല. എത്തിയത് വളരെ ദൂരെയുള്ള കോടിയേരിയിലാണ്. വഴിക്ക് ചായക്കടകളിൽ നിന്ന് ചായ മാത്രം കുടിച്ച് വിശപ്പും ദാഹവുമകറ്റി. പിന്നെയും നടത്തം തുടർന്നു. പാർട്ടിയുമായുള്ള ബന്ധം വിട്ടുപോയതിനാൽ സുരക്ഷിത കേന്ദ്രം ലഭിച്ചതുമില്ല, കോടിയേരിയിലെ ഒരു വീട്ടിൽ കയറി അവിടെ കുറച്ചുസമയം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. മറുപടി വീട്ടുകാരുടെ കൂട്ടനിലവിളിയായിരുന്നു. വിവരം മറ്റു വല്ലവരും അറിഞ്ഞാൽ ആ വീട് തീവെച്ച് നശിപ്പിക്കപ്പെടുമെന്നവർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും അവിടെ നിന്നുമിറങ്ങി നടന്നു. പിണറായിക്കടുത്ത് കോവൂർ എന്ന സ്ഥലത്തെത്തി. അപ്പോഴേക്കും രണ്ട് ദിവസമെങ്കിലും കഴിഞ്ഞിരുന്നു. കോവൂരിലുള്ള ഒരു കശുമാവിൻ തോട്ടത്തിലെത്തിയപ്പോൾ അവർ തീർത്തും അവശരായി വീണുപോയി. പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും കണ്ണിലൊക്കെ ഉറുമ്പ് കയറിക്കഴിഞ്ഞിരുന്നു. പശുവിന് തീറ്റ തേടിയെത്തിയ ഒരു കർഷകന്റെ ശ്രദ്ധയിൽ പെട്ടതിനാൽ അയാൾ ഇരുവരെയും വിളിച്ചുണർത്തി. സ്നേഹമുള്ള ആ കർഷകൻ ഇരുവരെയും തന്റെ കുടിലിലേക്കു കൊണ്ടുപോയി. ഭക്ഷണം നൽകി പരിപാലിച്ചു. അല്ലെങ്കിൽ അവരിരുവരും അവിടെ മരിച്ചുപോയിരുന്നേനേ. അവരിൽ ഒരാളുടെ പേര് എൻ ഇ ബാലറാമെന്നും മറ്റൊരാളുടെ പേര് പി കൃഷ്ണനെന്നുമായിരുന്നു. ത്യഗപൂർണ്ണമായ ഒരു ജീവിതത്തിന്റെ ഈ ഏട് പി കൃഷ്ണേട്ടൻ പിന്നീടെപ്പോഴോ കഥ പോലെ പറഞ്ഞുവെച്ചതായിരുന്നു.

കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം ത്യാഗത്തിന്റെയും ഒളിവുജീവിതത്തിന്റെയും ജയിൽവാസത്തിന്റെയും കഠിന പാതകളായിരുന്നിട്ടും ബാലറാം അതിൽ തന്നെ അടിയുറച്ചുനിന്നു. ഒളിവുജീവിതത്തിനിടയിൽ ജീവിതം പോകുമെന്ന് തോന്നിയ എത്രയോ സന്ദർഭങ്ങളുണ്ടായി. ബാലറാം അടയ്ക്കപ്പെടാത്ത ജയിലുകൾ തെക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ജയിൽ വാസത്തിനിടയിലെ ഏകാന്തതയെ പുസ്തകങ്ങളെ കൂട്ടുകാരാക്കി അതിജീവിച്ചു. അറിവ് പതിന്മടങ്ങായാണ് ഓരോ ജയിൽവാസം കഴിഞ്ഞും അദ്ദേഹം പുറത്തിറങ്ങിയത്.

1986 ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിദിനം, എംപിമാർ താമസിക്കുന്ന വിതൽഭായ് പട്ടേൽ ഹൗസിലെ ഫ്ലാറ്റിൽ വച്ച് എൻ ഇ ബാലറാം എന്ന യോഗിവര്യനായ കമ്മ്യൂണിസ്റ്റിനെ യാദൃച്ഛികമായി കാണുന്നത് അന്നാണ്. രസകരമായ ഒരു സംഭവത്തിന്റെ തുടർച്ചയായാണ് അദ്ദേഹത്തെതേടിയുള്ള എത്തിച്ചേരൽ.

നാലുദിവസം മുമ്പ് പുറപ്പെട്ട കേരള എക്സപ്രസ് നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ ഒക്ടോബർ ഒന്നിന് എത്തിച്ചേരുമ്പോൾ രാത്രി വൈകിയിരുന്നു. വൈകിട്ട് എത്തേണ്ടിയിരുന്നതാണ് തീവണ്ടി. കുതിച്ചും കിതച്ചും നിന്നും എത്തിയത് രാത്രി പതിനൊന്നിന്ശേഷം. പതിനാറാം വയസിൽ തനിയെ ആദ്യ ഡൽഹി യാത്രയാണ്. ഡൽഹിയിൽ യൂത്ത് ലൈഫ് പത്രാധിപരായ രാജാജിക്കും ആവശ്യമെങ്കിൽ എൻ ഇ ബാലറാം എന്ന നേതാവിനും നൽകാനുള്ള സിപിഐ നേതാവ് സി എൻ ചന്ദ്രന്റെ കത്ത് മാത്രമാണ് ഡൽഹിയുമായുള്ള ബന്ധത്തിന്റെ ഏകവഴി. രാജാജിയെ ഒരിക്കൽപോലും കണ്ടിട്ടുമില്ല. എസ്ടിഡി പോലുമില്ലാത്ത ലാൻഡ്ഫോൺ മാത്രമുള്ള ഓഫീസ് കാലം.

ട്രങ്ക് ബുക്ക് ചെയ്ത് ഇങ്ങനെയൊരാളെത്തുന്ന വിവരം രാജാജിക്ക് സി എൻ ചന്ദ്രൻ കൈമാറിയിട്ടുണ്ട്. അദ്ദേഹം സ്റ്റേഷനിലെത്തുമോ, എത്തിയാൽതന്നെ പരസ്പരം തിരിച്ചറിയാനാകുമോ എന്നെല്ലാമുള്ള ആശങ്കകളുമായാണ് രാത്രി പതിനൊന്നിന് നിസാമുദ്ദീനിൽ തീവണ്ടിയിറങ്ങുന്നത്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട സഹയാത്രികൻ ശശികുമാർ വൈകിയ രാത്രിയിൽ അൽപസമയം രാജാജിക്കുവേണ്ടിയുള്ള കാത്തിരിപ്പിൽ സ്റ്റേഷനിൽ കൂട്ടിരുന്നു. ഡൽഹിയിൽ തണുപ്പ് തുടങ്ങാൻ പോകുന്ന ആ രാത്രിയിൽ രാജാജി എന്നെത്തിരഞ്ഞു നടന്നു. ബാഗുകളുമായി നിൽക്കുന്ന ഓരോ ചെറുപ്പക്കാരനോടും ഇംഗ്ലീഷിലും ഹിന്ദിയിലും താൻ തേടുന്നയാൾ താങ്കളാണോ എന്ന് ചോദിച്ചുചോദിച്ചു നടന്നു. ആ രാത്രി രാജാജി എന്നെയും ഞാൻ രാജാജിയെയും കണ്ടുമുട്ടിയില്ല.

തീവണ്ടിയിലെ സഹയാത്രികനായിരുന്ന ശശികുമാർ എന്നെയുംകൊണ്ട് അദ്ദേഹത്തിന്റെ താമസസ്ഥലത്തേയ്ക്ക് ചെന്നു. ആശങ്ക കരച്ചിലായി എന്നിൽ കടന്നുകയറുന്നുണ്ട്. പിറ്റേന്ന് രാവിലെ ശശികുമാർ എന്നെയും കൊണ്ട് ഡൽഹിയിലെ പ്രാന്തപ്രദേശത്തുനിന്ന് രാജാജിയെ തേടിയുള്ള യാത്ര ആരംഭിക്കുന്നു. ആസഫലി റോഡിലുള്ള എഐവൈഎഫ് ഓഫീസിലേയ്ക്കായിരുന്നു യാത്ര. അവിടെ ചുവന്ന കൊടികൾ പാറുന്ന എല്ലാ ഓഫീസുകളും ഗാന്ധിജയന്തി ദിനമായതിനാൽ അടഞ്ഞുകിടക്കുന്നു. ഇനിയെന്ത് എന്ന ചോദ്യം ശശികുമാർ ചോദിക്കുമ്പോൾ എനിക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു. രാജാജിക്കെഴുതിയ കത്തിനൊപ്പം ബാലറാമിനെഴുതിയ കത്തുമുണ്ട്. ആദ്യമായി ഡൽഹിയിലെത്തിയ കൗമാരക്കാരനെ വഴിയിലുപേക്ഷിച്ച് പോകാനുള്ള മനസ് ശശികുമാറിനില്ലാതെ പോയതുകൊണ്ട് ആ കത്തുമായി അടുത്ത ഓട്ടോയിൽ വി പി ഹൗസിലേയ്ക്ക്. ലിഫ്റ്റിൽ കയറിയെത്തി കണ്ടു പിടിച്ച മുറിയുടെ വാതിലിൽ തട്ടുമ്പോൾ ഭയവും ആശങ്കയും പരിഭ്രാന്തിയുമെല്ലാമടങ്ങിയതായിരുന്നു ഉള്ളിലുള്ള വികാരം.

വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ ബനിയനും വെളുത്ത ദോത്തിയും ധരിച്ച കൃശഗാത്രനായ ഒരാൾ. അപ്പോഴും ആ കയ്യിൽ തടിച്ചൊരു ഇംഗ്ലീഷ് പുസ്തകം തുറന്നുകിടപ്പുണ്ടായിരുന്നു. ബാലറാം, എന്ന് ശങ്കിച്ചുനിൽക്കുമ്പോൾ എന്താടോയെന്ന ചിരപരിചിതനോടെന്ന പോലെയുള്ള ചോദ്യം. കണ്ണൂരിൽ നിന്നാണ് സിഎൻ ചന്ദ്രന്റെ കത്തുണ്ട്… പറഞ്ഞുതീരും മുമ്പ് ആ പൊട്ടിച്ചിരി. പിന്നീട് പലപ്പോഴും കേട്ടിരുന്ന അതേ പൊട്ടിച്ചിരി. പിന്നെ കൂടെയിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി അദ്ദേഹം പറയുന്നു: ഇതാടോ കാണാതായ കുട്ടി. (തലേന്ന് രാത്രി മുഴുവൻ സ്റ്റേഷനിൽ തിരഞ്ഞിട്ടും എന്നെ കാണാതിരുന്ന രാജാജി അക്കാര്യം പറയാനും പരാതി നൽകാനുള്ള ഉപദേശം തേടിയുമാണ് ബാലറാമിന്റെ ഫ്ലാറ്റിലെത്തിയതെന്ന് പിന്നീട് അറിഞ്ഞു. അപ്പോഴാണ് ചെറുപ്പക്കാരനെ കൂടുതലായി ശ്രദ്ധിക്കുന്നത്. അതാണ് രാജാജിയെന്ന് പിന്നീടാണ് മനസിലായത്. അൽപനേരത്തെ സംസാരത്തിന് ശേഷം രാജാജിയുടെ സ്കൂട്ടറിന് പിറകിലിരുന്ന് ആസഫലി റോഡിലെ എഐവൈഎഫ് ഓഫീസിലേയ്ക്ക്. അതിന് പിന്നീട് ബാലറാം മോസ്കോയിലെത്തിയെന്നറിഞ്ഞ് കാണാൻ ചെന്നപ്പോഴും ആദ്യകാഴ്ചയിൽ കേട്ട അതേ ചിരി അദ്ദേഹത്തിൽ നിന്നുണ്ടായി. കൂടെയുണ്ടായിരുന്നവരോട് കാണാതായ എന്നെക്കുറിച്ചുള്ള കഥ പറഞ്ഞ് പൊട്ടിച്ചിരിച്ചു.

പിന്നീട് പല തവണ ആ മനുഷ്യന്റെ ചരിത്രബോധവും പൗരാണിക പാഠബോധ്യങ്ങളും നിറഞ്ഞ ആഴത്തിലുള്ള പ്രസംഗത്തിന്റെ കേൾവിക്കാരനായി. ചിലപ്പോഴൊക്കെ കൂടെ യാത്രികനുമായി. തളിപ്പറമ്പിനടുത്ത് കുറ്റിക്കോലിൽ ടോൾപിരിവുള്ള കാലത്ത് എംപിയെന്ന പദവിയിലിരിക്കേ വാടകയ്ക്കെടുത്ത കാറിൽ കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേയ്ക്കുള്ള യാത്ര. കുറ്റിക്കോലിലെത്തിയപ്പോൾ വാഹനം തടഞ്ഞു. ജനപ്രതിനിധികൾക്ക് ടോൾ നൽകേണ്ടതില്ല. ജോലിയിലുള്ള ചെറുപ്പക്കാരനോട് വാഹനത്തിലുള്ളത് എംപിയാണെന്ന് പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചു. വാഹനം നിർത്തേണ്ടി വന്നപ്പോൾ ഉറക്കത്തിലായിരുന്ന ബാലറാം ഉണർന്നു, തുടർന്ന് കാര്യമന്വേഷിച്ചു. അതെന്തിനാടോ ആ കാശങ്ങ് കൊടുത്തു കൂടായിരുന്നോ എന്നായിരുന്നു പ്രതികരണം.

1989 ൽ സിപിഐ കേരള ഘടകം രൂപംകൊണ്ടതിന്റെ അമ്പതാം വാഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ, പാറപ്രം സമ്മേളനത്തിൽ പങ്കെടുത്തവരിൽ അന്ന് ജീവിച്ചിരുന്നവരെല്ലാം ഉണ്ടായിരുന്നു. അത്യന്തം വികാരനിർഭരമായിരുന്നു ആ സമ്മേളനം. കമ്മ്യൂണിസ്റ്റുകാർ വേട്ടയാടപ്പെട്ടകാലത്തിന്റെ നേരനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു കയറിയ ബാലറാം, തൃക്കരിപ്പൂരിൽ നടന്ന ഒരു ജന്മിവാഴ്ചയെ കുറിച്ച് വിശദീകരിച്ചു. തൊഴിലാളിയെ തെങ്ങിൽ കെട്ടിയിട്ട് ജന്മിമാടമ്പിമാർ തല്ലിച്ചതച്ചതിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്കിടെ ബാലറാം വിതുമ്പി. അല്പം കഴിഞ്ഞപ്പോൾ അത് കരച്ചിലായി. കുറേനേരം ബാലറാമിന്റെ പ്രസംഗം മുറിഞ്ഞു. മറ്റുള്ളവരുടെ ത്യാഗത്തിന്റെ കഥ പറഞ്ഞ് ആ പച്ചമനുഷ്യന്റെ പൊട്ടിക്കരച്ചിൽ വേദിയിലുള്ളവർക്കുമാത്രമല്ല, സദസ്യരിലേക്കും പടർന്നുകയറി. വ്യക്തിപരമായ ഇത്തരം കുറച്ച് അനുഭവങ്ങളിലൂടെപോലും ബാലറാം എന്ന മനുഷ്യനെ ഒരു പ്രതിഭയായി മാത്രമല്ല സമൂഹത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജീവിത പ്രതിഭാസമായി മനസിലാക്കാനാണ് ആരും ഇഷ്ടപ്പെടുക.