സാമ്പത്തികമാന്ദ്യത്തിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പ്: ധന അടിയന്തരാവസ്ഥ അരികെ

Web Desk
Posted on August 23, 2019, 9:28 pm

*സന്തോഷകരമല്ലാത്ത തീരുമാനങ്ങളോട് പൊരുത്തപ്പെടാന്‍ തയ്യാറാകണമെന്ന് സാമ്പത്തിക ഉപദേഷ്ടാവ്
*70 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ലാത്ത അഭൂതപൂര്‍വമായ പ്രതിസന്ധിയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്നത് മാന്ദ്യത്തിന് തുല്യമായ സാമ്പത്തിക പ്രതിസന്ധി തന്നെയെന്നും അതിജീവിക്കുന്നതിന് കടുത്ത നടപടികളുണ്ടാകുമെന്നും സൂചന നല്‍കി നീതിആയോഗ് ഉപാധ്യക്ഷനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മഹാമൗനം പാലിക്കുമ്പോഴാണ് സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ച് ഇരുവരും സൂചന നല്‍കുന്നത്. രാജ്യം കടന്നുപോകുന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂര്‍വമായ പ്രതിസന്ധിയിലൂടെയാണെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി ഒന്നുകൂടി കടന്ന് ഘടനാപരമായ തകര്‍ച്ചയെയാണ് സമ്പദ്ഘടന അഭിമുഖീകരിക്കുന്നതെന്നും സൂത്രപ്പണികള്‍കൊണ്ട് കരകയറാനാകില്ലെന്നും സന്തോഷകരമല്ലാത്ത തീരുമാനങ്ങളോട് പൊരുത്തപ്പെടാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്നും
‘രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ലെന്നും കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നിതിആയോഗ് വൈസ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കി.
‘ഇന്ത്യയില്‍ ഇപ്പോള്‍ ആരും ആരെയും വിശ്വസിക്കുന്നില്ല, സ്വകാര്യമേഖലയില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറല്ല, എല്ലാവരും പണവുമായി ഇരിക്കുന്നു. ഇനി അസാധാരണമായ നടപടികള്‍ കൈക്കൊള്ളേണ്ടിവരും’ കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കും. അതിനായി ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 2018–19 ല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലെത്തിയ വളര്‍ച്ച മുരടിപ്പ് മറികടിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 2009–14 ലാണ് വിവേചനരഹിതമായ വായ്പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ധിക്കുന്നതിലേക്ക് നയിച്ചതായും പറഞ്ഞു.

സാമ്പത്തികരംഗം ധനമന്ത്രാലയത്തെ മാത്രം ഏല്‍പ്പിക്കുകയെന്നാല്‍ ഒരു സംരംഭത്തിന്റെ വളര്‍ച്ചയെ കണക്കപ്പിള്ളയെ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്ന പരിഹാസവും ഷമിക രവിയില്‍ നിന്നുണ്ടായി. സന്തോഷകരമല്ലാത്ത നടപടിയെന്ന തന്റെ പ്രസ്താവനയെ കുറിച്ച് വിശദീകരണം തേടിയുള്ള ട്വിറ്റര്‍ അന്വേഷണത്തിന് ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചലനാത്മകതയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിക്കുന്നതിനുള്ള സമഗ്രമായ നടപടിയായിരിക്കും അടുത്തതെന്നായിരുന്നു ഷമിക ഇന്നലെ നല്‍കിയ മറുപടി.
രാജീവ്കുമാറിന്റെ പ്രസ്താവന പുറത്തുവന്നതിന്റെ പിറകേയാണ് ഷമികയുടെ അഭിപ്രായപ്രകടനവും ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയി ചെലവു ചുരുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും ഇതിന് ചരക്കുസേവന നികുതി കൗണ്‍സില്‍ പോലുള്ള സംവിധാനമുണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
വളരെയധികം ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ് സമ്പദ്ഘടനയുടെ അവസ്ഥയെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജനും വിലയിരുത്തിയിരുന്നു. ഇതിനെല്ലാം പിറകേയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ സാമ്പത്തിക മേധാവികളില്‍ നിന്ന് തന്നെ ഉണ്ടായിരിക്കുന്നത്.